ലോകകപ്പ് സ്വന്തമാക്കാന്‍ മെസിയും സംഘവും പുറപ്പെട്ടു; യാത്രയയക്കാന്‍ ആയിരങ്ങളെത്തി
ലോകകപ്പിനുള്ള അര്‍ജന്‍റീനിയന്‍ ടീമിന് നാട്ടില്‍ വികാരപരമായ യാത്രയയപ്പ്
ലോകകപ്പിനുള്ള അര്‍ജന്‍റീനിയന്‍ ടീമിന് നാട്ടില്‍ വികാരപരമായ യാത്രയയപ്പ്. ആയിരക്കണക്കിന് ആളുകളാണ് മെസിയെയും സംഘത്തെയും യാത്രയയക്കാനായി ഒത്തുചേര്‍ന്നത്. ലോകകപ്പിന് മുന്‍പായി ജൂണ്‍ ഒന്‍പതിന് ഇസ്രയേലുമായി അര്‍ജന്‍റീനക്ക് സന്നാഹ മത്സരമുണ്ട്.
ഫുട്ബോള്‍ ജീവവായുവായൊരു ദേശത്തിന്‍റെ മൂന്ന് പതിറ്റാണ്ടായുള്ള സ്വപ്നവും ചുമലിലേറ്റി ലയണല്‍ മെസിയും സംഘവും പുറപ്പെടാനൊരുങ്ങുന്നു. യാത്ര പറയാന്‍ പ്രസിഡന്‍റ് മൌറീഷ്യോ മാക്രി തന്നെ നേരിട്ടെത്തുന്നു. മെസിയുള്‍പ്പെടെയുള്ള താരങ്ങളുമായി തയ്യാറെടുപ്പുകളെ കുറിച്ച് ചോദിച്ചറിയുന്നു. രാജ്യത്തിന്‍റെ പ്രതീക്ഷകള്‍ കാക്കാന്‍ കഴിവിന്‍റെ പരമാവധി ചെയ്യുമെന്ന് മെസിയുടെ ഉറപ്പ്.
അപ്പോഴേക്കും പുറത്ത് തടിച്ചുകൂടിയ ആയിരങ്ങള്‍ ആര്‍പ്പുവിളികളുമായി അവര്‍ തങ്ങളുടെ ടീമിന് യാത്ര പറഞ്ഞു. ബാഴ്സലോണയിലേക്കാണ് ടീം ആദ്യം പോകുന്നത്. ഇനിയുള്ള പരിശീലനം അവിടെ വെച്ചാണ്. ലോകകപ്പിന് മുന്‍പ് ജൂണ്‍ ഒന്‍പതിന് ഇസ്രയേലുമായി സന്നാഹ മത്സരം. ജൂണ്‍ 16ന് ഐസ്‍ലന്‍ഡുമായാണ് ലോകകപ്പിലെ ആദ്യ മത്സരം.