റഷ്യന്‍ ലോകകപ്പിന് വര്‍ക്കേഴ്‍സ് അംബസഡര്‍മാരായതിന്‍റെ സന്തോഷത്തില്‍ രണ്ടു മലയാളികള്‍
സ്പാനിഷ് താരം ഷാവി ഹെര്‍ണാണ്ടസിനൊപ്പമാണ് ഖത്തര്‍ പ്രതിനിധികളായി രണ്ട് മലയാളികളുള്‍പ്പെടെ 8 യൂത്ത് അംബാസഡര്‍മാരെ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി റഷ്യയിലേക്കയച്ചത് .
റഷ്യയില്‍ ലോകകപ്പ് ആരവങ്ങളുയരുമ്പോള്‍ ഖത്തറില്‍ നിന്നുള്ള വര്‍ക്കേഴ്‌സ് അംബാസഡര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് രണ്ട് മലയാളി യുവാക്കള്‍. സ്പാനിഷ് താരം ഷാവി ഹെര്‍ണാണ്ടസിനൊപ്പമാണ് ഖത്തര്‍ പ്രതിനിധികളായി രണ്ട് മലയാളികളുള്‍പ്പെടെ 8 യൂത്ത് അംബാസഡര്‍മാരെ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി റഷ്യയിലേക്കയച്ചത് .
റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് സാക്ഷികളാകാന്‍ അപ്രതീക്ഷിതമായി അവസരം ലഭിച്ചതിന്‍റെ അമ്പരപ്പിലാണ് ഈ മലയാളി യുവാക്കള്‍. കോഴിക്കോട് മുക്കം സ്വദേശിയായ സ്വാദിഖ് റഹ്മാനും മലപ്പുറം കുനിയില്‍ സ്വദേശി നാജിഹ് കാരങ്ങാടനും ഇപ്പോള്‍ റഷ്യയില്‍ എത്തിക്കഴിഞ്ഞു. 2022 ലെ ഖത്തര്‍ ലോകകപ്പിന് ആതിഥ്യമരുളുന്ന ദോഹയിലെ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസിയാണ് ഇവരെ വര്‍ക്കേഴ്‌സ് അംബാസഡര്‍മാരായി റഷ്യയിലേക്കയച്ചത്. സുപ്രിംകമ്മിറ്റിയുടെ ജനറേഷന്‍ അമേസിംഗ് എന്ന പ്രോഗ്രാമിന്‍റെ ഭാഗമായുള്ള അവസരമാണിത്. സംഘത്തെ നയിക്കുന്നതാകട്ടെ സ്പാനിഷ് ഫുട്‌ബോള്‍ താരവും ഇപ്പോള്‍ ഖത്തറിലെ അല്‍സദ്ധ് ക്ലബിന്‍റെ പരിശീലകനുമായ ഷാവി ഹെര്‍ണാണ്ടസും.
ജനറേഷന്‍ അമേസിംഗ് എന്ന പേരില്‍ കഴിഞ്ഞ 2 വര്‍ഷമായി നടന്നു വരുന്ന പരിപാടികളുടെ തുടര്‍ച്ചയായാണ് ലോകകപ്പ് വേദിയിലേക്കുള്ള യാത്ര. അല്‍ഖോര്‍ യൂത്ത് ക്ലബിന്‍റെ പ്രതിനിധികളായാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. സുപ്രിം കമ്മിറ്റി ഒഫിഷ്യലുകള്‍ക്ക് പുറമെ ഖത്തറില്‍ നിന്നുള്ള യൂത്ത് അംബാസഡര്‍മാരായി മറ്റൊരു സംഘവും റഷ്യയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവര്‍ക്കു പുറമെ തന്‍റെ സ്‌പോണ്‍സറുടെ ക്ഷണം ലഭിച്ച് റഷ്യയില്‍ മൂന്ന് ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ അവസരംലഭിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി തസ്‌നീമും ഇന്ന് പുറപ്പെട്ടു. ഇംഗ്ലണ്ടിന്‍റെ ആരാധകനായ ഇദ്ദേഹം ഇംഗ്ലണ്ട് - ബെല്‍ജിയം മത്സരത്തിന് തന്നെ പാസ് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ്.