കിരീടത്തില്‍ മുത്തമിട്ട് റോണോ ബൂട്ടഴിക്കുമോ ?

Update: 2018-06-18 06:10 GMT
Editor : Alwyn K Jose
കിരീടത്തില്‍ മുത്തമിട്ട് റോണോ ബൂട്ടഴിക്കുമോ ?
Advertising

ലോകകപ്പില്‍ ഇതുവരെ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതെ പോയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇക്കുറി മികച്ച സഹതാരങ്ങളുമായാണ് റഷ്യയിലെത്തുന്നത്.

ലോകകപ്പില്‍ ഇതുവരെ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതെ പോയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇക്കുറി മികച്ച സഹതാരങ്ങളുമായാണ് റഷ്യയിലെത്തുന്നത്. തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് നേട്ടവും യൂറോ കിരീടവും റൊണാള്‍ഡോക്ക് ആത്മവിശ്വാസം കൂട്ടുന്നു.

'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു ഗോളാണ്.' പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്‍റോസ് തന്‍റെ ടീമിന്‍റെ നായകനെ വിശേഷിപ്പതാണിത്. മുപ്പത്തിമൂന്നാം വയസിലും ഗോളടിച്ച് കൂട്ടുന്ന അസാധാരണ പ്രതിഭാസമാണ് റൊണാള്‍ഡോ. അഞ്ച് തവണ ബാലണ്‍ ഡിഓര്‍ നേടിയയാള്‍. 33 വയസായി. ഒരുപക്ഷേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അവസാന ലോകകപ്പാകും ഇത്തവണത്തേത്. ഇത്തവണയില്ലെങ്കില്‍ കരിയറില്‍ ലോകകപ്പില്ല എന്ന് റൊണാള്‍ഡോക്കറിയാം. അതു കൊണ്ട് തന്നെ നിശ്ചയദാര്‍ഢ്യത്തിലാണ് പോര്‍ച്ചുഗീസ് നായകന്‍റെ വരവ്.

ഇത്തവണ പഴയത് പോലെയല്ല. ആത്മവിശ്വാസത്തിന്‍റെ നെറുകയിലാണ്. തുടര്‍ച്ചയായ മൂന്ന് ചാമ്പ്യന്‍സ് ലീഗ് റയല്‍ മാഡ്രിഡ് നേടിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരുത്തിലാണെന്ന് ഉറപ്പിച്ച് പറയാം. പോര്‍ച്ചുഗല്‍ യൂറോ കപ്പ് നേടിയതും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ലോകറാങ്കിങില്‍ നാലാം സ്ഥാനത്താണ്. മുന്‍ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി മികച്ച നിലവാരത്തിലുള്ള യുവതാരങ്ങള്‍ ടീമിലുണ്ട്. സ്ഥിരത പുലര്‍ത്തുന്ന സംഘമായും പോര്‍ച്ചുഗല്‍ മാറിക്കഴിഞ്ഞു. അത് കൊണ്ട് തന്നെ വിരമിക്കുന്പോള്‍ ലോകകപ്പ് കിട്ടാത്ത ഇതിഹാസങ്ങളുടെ പട്ടികയില്‍ നിന്ന് റൊണാള്‍ഡോ ഒഴിവാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍.

മൂന്ന് ലോകകപ്പുകള്‍ കളിച്ച റൊണാള്‍ഡോക്ക് ലോകകപ്പില്‍ നേടാനായത് മൂന്ന് ഗോളുകളാണ്. രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 2006 ല്‍ ടീം നാലാം സ്ഥാനത്തെത്തിയതാണ് മികച്ച പ്രകടനം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News