സലായുടെ ജേഴ്‍സി വാങ്ങിയതിന്‍റെ കാരണം വെളിപ്പെടുത്തി കവാനി
റഷ്യന്‍ ലോകകപ്പില്‍ ഈജിപ്തിനെതിരെ അനായാസ വിജയം കൊതിച്ചാണ് ലാറ്റിനമേരിക്കന്‍ ശക്തികളായ ഉറുഗ്വേ കളത്തില്‍ ഇറങ്ങിയത്.
റഷ്യന്‍ ലോകകപ്പില്‍ ഈജിപ്തിനെതിരെ അനായാസ വിജയം കൊതിച്ചാണ് കഴിഞ്ഞദിവസം ലാറ്റിനമേരിക്കന്‍ ശക്തികളായ ഉറുഗ്വേ കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ അവസാന മിനിറ്റിലാണ് അവര്‍ക്ക് വിജയഗോള്‍ കണ്ടെത്താനായത്. എഡിസന്‍ കവാനി എന്ന ഗോളടി വീരന് ഈജിപ്തിന്‍റെ വല കുലുക്കാനുമായില്ല. എന്നാല്‍ മത്സരം കഴിഞ്ഞ് മൈതാനം വിടുമ്പോള്‍ എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കാനുള്ള ഒരു സമ്മാനം കവാനിയുടെ കയ്യിലുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ നിരയിലെ സൂപ്പര്‍താരം മുഹമ്മദ് സലായില്‍ നിന്ന് ജേഴ്‍സിയൂരി വാങ്ങിയാണ് കവാനി മടങ്ങിയത്.
പലരും ഇതിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചു. ഒടുവില്‍ കവാനി തന്നെ ആ രഹസ്യം വെളിപ്പെടുത്തി. ''എന്‍റെ മക്കള്‍ക്ക് സലായെ വലിയ ഇഷ്ടമാണ്. അവരുടെ സൂപ്പര്‍താരമാണ് സലാ. മക്കള്‍ക്ക് സമ്മാനിക്കാന്‍ വേണ്ടിയാണ് സലായുടെ ജേഴ്‍സി വാങ്ങിയത്.'' - കവാനി പറഞ്ഞു. ആദ്യ മത്സരത്തില്‍ പരിക്കിനെ തുടര്‍ന്ന് സലായ്ക്ക് കളിക്കളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പകരക്കാരനായെങ്കിലും സലാ ഇറങ്ങുമെന്ന് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി കൊണ്ടായിരുന്നു അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി ഈജിപ്ഷ്യന്‍ പട മടങ്ങിയത്. തോല്‍വിയില്‍ സലാ കടുത്ത നിരാശ പ്രകടിപ്പിക്കുന്നത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതൊക്കെയാണെങ്കിലും ഉറുഗ്വേ വിജയം അര്‍ഹിച്ചിരുന്നു എന്ന് കവാനി പറഞ്ഞു. തങ്ങള്‍ നിരവധി അവസരങ്ങള്‍ ഒരുക്കിയിരുന്നു. ഏതായാലും വിജയം തങ്ങള്‍ക്കായിരുന്നു. അതിലാണ് കാര്യം. എങ്കിലും മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരുപാട് മാറ്റങ്ങളും പുരോഗതിയും കളിയിലുണ്ടാക്കേണ്ടിയിരിക്കുന്നുവെന്നും കവാനി പറഞ്ഞു.