ഇംഗ്ലണ്ട് ഇന്നിറങ്ങും, ടുണീഷ്യക്കെതിരെ
ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ട് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു.
ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ട് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ടുണീഷ്യയാണ് എതിരാളികള്‍. രാത്രി 11.30ന് വോള്‍ഗോഗ്രാഡ് അരേന സ്റ്റേഡിയത്തിലാണ് പോരാട്ടം.
യുവനിരയുമായി ഇത്തവണ ലോകകപ്പിനെത്തുന്ന ഇംഗ്ലണ്ട് ആദ്യ മത്സരം സ്വന്തമാക്കി മുന്നേറ്റത്തിന് തുടക്കമിടാനാകും ഇറങ്ങുക. പ്രതിരോധത്തിലും മുന്നേറ്റത്തിലും കരുത്തുള്ളവരാണ് ഇംഗ്ലണ്ട് ടീം. ആക്രമണത്തില്‍ ഹാരി കെയ്നും റാഷ്‍ഫോര്‍ഡും സ്റ്റെര്‍ലിംഗും വെല്‍ബാക്കുമടക്കമുള്ള എന്തിനും പോന്ന നിരയാണ് അവരുടേത്. അനുഭവ സമ്പന്നനായ ഹെന്‍ഡേഴ്സണും ലിങ്കാര്‍ഡും ദെലെ അലിയും മധ്യനിര നിരയില്‍ കളി മെനയും.
ലോകകപ്പില്‍ മോശം റെക്കോര്‍ഡുകള്‍ മാത്രമുള്ള ടീമാണ് ടുണീഷ്യ. അവസാനം കളിച്ച 11 കളികളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ആ കണക്കുകള്‍ കൊണ്ട് എഴുതിത്തള്ളാനാകില്ല ടുണീഷ്യയെ. ലോക റാങ്കിങ്ങില്‍ ഇപ്പോള്‍ 14ആം സ്ഥാനത്തുള്ള ടീമാണവര്‍. ആഫ്രിക്കന്‍ ടീമുകളില്‍ ഏറ്റവും മികച്ച റാങ്കിങ്ങുള്ള ടീം. വഹ്‍ബി കസ്‍രിയെന്ന മുന്നേറ്റ താരത്തിലാണ് അവരുടെ പ്രതീക്ഷ. ലോകകപ്പില്‍ ഇരുവരും ഇതിന് മുന്‍പ് ഏറ്റുമുട്ടിയപ്പോള്‍ 2-0ന് ഇംഗ്ലണ്ടിനായിരുന്നു ജയം.