വമ്പന്മാര്‍ കിതയ്ക്കുന്നു, ശരാശരിക്കാര്‍ കുതിക്കുന്നു
റഷ്യന്‍ ലോകകപ്പിന്റെ ഇതുവരെയുള്ള പ്രത്യേകതകളില്‍ ഒന്ന് വമ്പന്‍ ടീമുകളുടെ വീഴ്ചകളാണ്.
റഷ്യന്‍ ലോകകപ്പിന്റെ ഇതുവരെയുള്ള പ്രത്യേകതകളില്‍ ഒന്ന് വമ്പന്‍ ടീമുകളുടെ വീഴ്ചകളാണ്. ചാമ്പ്യന്‍മാരായ ജര്‍മനി ആദ്യ കളിയില്‍ തോറ്റപ്പോള്‍ ഫിഫ റാങ്കിങ്ങില്‍ ആദ്യ 10 സ്ഥാനങ്ങളിലുള്ള ആറ് ടീമുകളാണ് ഇതുവരെ സമനിലയില്‍ കുരുങ്ങിയത്.
റഷ്യന്‍ ലോകകപ്പിലെ ആദ്യ റൌണ്ട് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ വമ്പന്‍മാരുടെ വീഴ്ചകള്‍ തുടരുകയാണ്. പോര്‍ച്ചുഗല്‍ - സ്പെയിന്‍ മത്സരം സമനിലയില്‍ അവസാനിച്ചാണ് ഇതിന് തുടക്കമായത്. തുല്യ ശക്തികളുടെ പോരാട്ടമാണെങ്കിലും ഫിഫ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുള്ള പോര്‍ച്ചുഗലിനും കിരീട സാധ്യതയില്‍ മുന്‍പന്തിയിലുള്ള സ്പെയിനിനും ആദ്യ മത്സരം ജയിക്കാനാകാത്തത് വരും മത്സരങ്ങളെ നിര്‍ണ്ണായകമാക്കുന്നു.
ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ഐസ്‍ലന്‍ഡാണ് വമ്പന്മാര്‍ക്കെതിരെ ചെറുമീനുകളുടെ കുതിപ്പിന് തുടക്കം കുറിച്ചത്. പിന്നാലെ ചാമ്പ്യന്‍മാരായ ജര്‍മനിയെ പരാജയപ്പെടുത്തി മെക്സിക്കോ ലോകത്തെ ഞെട്ടിച്ചു. അട്ടിമറികള്‍ ഒറ്റപ്പെട്ടതല്ലെന്ന് തെളിയിച്ച് ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ബ്രസീലിനെ സ്വിറ്റ്സര്‍ലന്‍ഡ് സമനിലയില്‍ തളച്ചു. മുന്‍നിര ടീമുകളില്‍ ഫ്രാന്‍സും ഉറുഗ്വായും മാത്രമാണ് ഇതുവരെ വിജയം കണ്ടത്. ഇതില്‍ ഫ്രാന്‍സാകട്ടെ നിരാശജനകമായ പ്രകടത്തോടെ കടന്ന്കൂടുകയായിരുന്നു.
മെക്സിക്കോ, ക്രോയേഷ്യ, സെര്‍ബിയ, റഷ്യ, ഡെന്മാര്‍ക്ക്, ഇറാന്‍ തുടങ്ങിയ ശരാശരിക്കാരാണ് നിലവില്‍ ജയത്തോടെ ഗ്രൂപ്പുകളില്‍ മുന്നില്‍ നില്‍ക്കുന്നത്. ബെല്‍ജിയം, ഇംഗ്ലണ്ട് തുടങ്ങിയ പ്രമുഖരാണ് ഇനി കളിക്കാനുള്ളത്. ഇവരും ആദ്യ മത്സരത്തില്‍ പതറിയാല്‍ റഷ്യന്‍ ലോകകപ്പിലെ പ്രവചനങ്ങളെല്ലാം കാറ്റില്‍ പറക്കും. ടീമുകള്‍ക്ക് അടുത്ത മത്സരങ്ങള്‍ നിര്‍ണ്ണായകമാകുന്നതോടെ ഗ്രൂപ്പിലെ വരാനിരിക്കുന്ന മത്സരങ്ങള്‍ കൂടുതല്‍ ആവേകരമാകും. നോക്കൌട്ട് റൌണ്ടില്‍ അപ്രതീക്ഷിത പോരാട്ടങ്ങള്‍ക്കും ഇത് വഴിതുറക്കും.