പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി ബ്രസീല്‍ ഇന്നിറങ്ങും; നെയ്മര്‍ കളിച്ചേക്കും
ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ശക്തരായ ബ്രസീല്‍ ഇന്നിറങ്ങുന്നു. കോസ്റ്ററിക്കയാണ് എതിരാളി.
ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകളുമായി ശക്തരായ ബ്രസീല്‍ ഇന്നിറങ്ങുന്നു. ഗ്രൂപ്പ് ഇയില്‍ കോസ്റ്ററിക്കയാണ് എതിരാളി. പരിക്ക് മാറി നെയ്മര്‍ ഇന്ന് ഇറങ്ങിയേക്കും.
വൈകീട്ട് 5.30 ന് സെന്റ്പീറ്റേഴ്സ്ബര്‍ഗില്‍ കാനറികള്‍ ഇറങ്ങുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബ്രസീല്‍ ആരാധകര്‍ പ്രാര്‍ത്ഥനയിലാകും. ഇനിയുള്ള പ്രയാണങ്ങള്‍ക്ക് ഇന്ന് ജയിക്കണമെന്നിരിക്കെ കോസ്റ്ററിക്കക്കെതിരെ ശക്തമായ കളിയാകും ടിറ്റെയുടെ ടീം കാഴ്ച വെക്കുക. സ്വിറ്റ്സര്‍ലന്‍ഡിനോട് സമനില വഴങ്ങിയതിന്റെ ക്ഷീണം അവര്‍ക്കുണ്ട്. കൂടാതെ കഴിഞ്ഞ മത്സരത്തില്‍ നെയ്മറിനേറ്റ പരിക്കും. പക്ഷെ അദ്ദേഹത്തിന്റെ പരിക്ക് ഭേദമായെന്നും ഇന്ന് കളിക്കുമെന്നുമാണ് ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചത്.
കുട്ടീഞ്ഞ്യോ - ഗബ്രിയേല്‍ ജീസസ് - നെയ്മര്‍ ത്രയവും പൌളീഞ്ഞ്യോവും മാഴ്സലോയും ഉള്‍പ്പെടുന്ന മറ്റ് താരനിരയും ഇന്ന് പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ പുറത്തേക്കുള്ള വഴി തെളിയും. മറുവശത്ത് കെയ്‍ലര്‍ നവാസ് എന്ന ലോകോത്തര ഗോളിയുടെ സാന്നിധ്യമാണ് കോസ്റ്ററിക്കയെ ശ്രദ്ധേയമാക്കുന്നത്. എന്നാല്‍ ടീമിലുള്ള താരങ്ങളിലധികവും മറ്റു ടീമുകളെ അപേക്ഷിച്ച് പ്രായം ചെന്നവരാണ്. ഒരു വശത്ത് യുവനിരയും മറുവശത്ത് പ്രായമേറിയവരും അണി നിരക്കുമ്പോള്‍ അതിന്റേതായ പരിമിതികള്‍ കോസ്റ്ററിക്കയെ വേട്ടയാടും.