ജര്‍മനിക്കും സ്വീഡനും ഇന്നത്തെ മത്സരം നിര്‍ണായകം
മികച്ച മാര്‍ജിനില്‍ ജയിക്കുന്നവര്‍ക്ക് പ്രീക്വാര്‍ട്ടറിലെത്താം. ജര്‍മനിക്ക് ദക്ഷിണ കൊറിയയും സ്വീഡന് മെക്സിക്കോയുമാണ് എതിരാളി.
ഗ്രൂപ്പ് എഫില്‍ ജര്‍മനിക്കും സ്വീഡനും ഇന്ന് നിര്‍ണായ മത്സരം. മികച്ച മാര്‍ജിനില്‍ ജയിക്കുന്നവര്‍ക്ക് പ്രീക്വാര്‍ട്ടറിലെത്താം. ജര്‍മനിക്ക് ദക്ഷിണ കൊറിയയും സ്വീഡന് മെക്സിക്കോയുമാണ് എതിരാളി. രാത്രി 7.30നാണ് രണ്ട് മത്സരങ്ങളും.
ഗ്രൂപ്പ് റൌണ്ടില്‍ പൊതുവെ വമ്പന്‍ ടീമുകള്‍ക്ക് തിരിച്ചടിയായിരുന്നു ഫലം. നിലവിലെ ചാംപ്യന്മാരായ ജര്‍മനിയും തോറ്റാണ് തുടങ്ങിയത്. എന്നാല്‍ സ്വീഡനെതിരെ ജോക്കിം ലോയുടെ തന്ത്രങ്ങള്‍ ഫലം കണ്ടതോടെ ജര്‍മനി ജയം ആഘോഷിച്ചു. ഇനി ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയയെ കൂടി മറികടന്നാല്‍ മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക് ആക്കം കൂട്ടാം. ചുവപ്പ് കാര്‍ഡ് കണ്ട ബോട്ടെങ്ങിന് ഇറങ്ങാനാകില്ല. ഫോമിലല്ലാത്ത മെസ്യൂട്ട് ഓസിലിനെ കളിപ്പിക്കുമോ എന്നും സംശയം. ഇതിനോടകം പുറത്തായ കൊറിയ ആശ്വാസ ജയം മാത്രമാണ് ലക്ഷ്യമിടുന്നത്.
മറുവശത്ത് സ്വീഡനും ഇന്ന് മരണപ്പോരാട്ടമാണ്. പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച മെക്സിക്കോക്ക് തോറ്റാലും കുഴപ്പമില്ല. എന്നാല്‍ കൊറിയയോട് ജയിച്ച സ്വീഡന് ജര്‍മനിക്കെതിരെ ജയം നേടാനായില്ല. നിലവില്‍ പോയിന്‍റിലും ഗോള്‍ ശരാശരിയിലും ഗ്രൂപ്പില്‍ ജര്‍മനിക്കൊപ്പമാണ് സ്വീഡന്‍. ഇന്ന് ജര്‍മനിയും സ്വീഡനും ജയിച്ചാല്‍ ഗോള്‍ ശരാശരിയില്‍ മുന്നിലുള്ളവര്‍ക്ക് മുന്നോട്ട് പോകാം.