കണക്കില്‍ ഇംഗ്ലണ്ട് കരുത്തര്‍; അട്ടിമറി ലക്ഷ്യമിട്ട് കൊളംബിയ

വിശ്രമത്തിലായിരുന്ന നായകന്‍ ഹാരി കെയ്നുള്‍പ്പടെയുള്ളവര്‍ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തിരിച്ചെത്തുമ്പോള്‍ കണക്കിലെ കരുത്തര്‍ ഇംഗ്ലണ്ട് തന്നെ.

Update: 2018-07-03 02:38 GMT
Advertising

പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് കൊളംബിയയെ നേരിടും. രാത്രി 11.30നാണ് പോരാട്ടം.

ഗ്രൂപ്പിലെ ദുര്‍ബലരായ പാനമയോടും ടുണീഷ്യയോടും തകര്‍പ്പന്‍ ജയം നേടിയ ഇംഗ്ലണ്ടിന് ബെല്‍ജിയവുമായുള്ള ബലാബലത്തില്‍ പക്ഷേ കാലിടറി. എട്ട് മാറ്റങ്ങളുമായിറങ്ങിയ അവര്‍ ബെല്‍ജിയത്തോട് ഒരു ഗോളിന് തോറ്റു. വിശ്രമത്തിലായിരുന്ന നായകന്‍ ഹാരി കെയ്നുള്‍പ്പടെയുള്ളവര്‍ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് തിരിച്ചെത്തുമ്പോള്‍ കണക്കിലെ കരുത്തര്‍ ഇംഗ്ലണ്ട് തന്നെ.

അഞ്ച് ഗോളുകളുമായി ടൂര്‍ണമെന്റില്‍ ഒന്നാമനായി നില്‍ക്കുന്നു ഹാരി കെയ്‍ന്‍‍. സ്റ്റെര്‍ലിങ്ങും ലിങ്കാര്‍ഡും റാഷ്ഫോര്‍ഡുമടങ്ങുന്ന പ്രതിഭാധനരായ താരങ്ങള്‍ വേറെയും. പരിക്കേറ്റ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന ഡാലി അലി കൂടി തിരിച്ചെത്തുന്നതോടെ മധ്യനിര ശക്തം.

സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ്സിന്റെ പരിക്കില്‍ ആശങ്കയിലാണ് കൊളംബിയന്‍ ക്യാമ്പ്. സെനഗലിനെതിരായ നിര്‍ണായക മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ താരത്തിന് കളം വിടേണ്ടി വന്നു. ഫാല്‍ക്കാവോയും ജയിംസ് ക്വിന്റേരോയുമാണ് മറ്റ് പ്രതീക്ഷകള്‍. കൊളംബിയ നേടിയ അഞ്ച് ഗോളില്‍ മൂന്നിലും പങ്കാളിയാണ് ക്വിന്റേരോ.

കഴിഞ്ഞ വട്ടം ക്വാര്‍ട്ടര്‍ വരെ മുന്നേറിയ കൊളംബിയക്ക് ഇത്തവണ പ്രീ ക്വാര്‍ട്ടര്‍ കടക്കണമെങ്കില്‍ ഇതുവരെ കളിച്ച കളിയൊന്നും മതിയാകില്ലെന്ന് ഉറപ്പ്. സ്പര്‍ട്ടാക്ക് സ്റ്റേഡിയത്തിലാണ് പോരാട്ടം.

Tags:    

Similar News