ലോകകപ്പിലെ ആദ്യ സെമിയില്‍ ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും നേര്‍ക്കുനേര്‍

രാത്രി പതിനൊന്നരക്കാണ് മത്സരം. ക്വാര്‍ട്ടറില്‍ നിന്ന് മാറ്റങ്ങളുമായാകും ഇരു ടീമുകളും ഇറങ്ങുക

Update: 2018-07-10 02:17 GMT
Advertising

ലോകകപ്പിലെ ആദ്യ സെമിയില്‍ ഇന്ന് ഫ്രാന്‍സും ബെല്‍ജിയവും ഏറ്റുമുട്ടും. രാത്രി പതിനൊന്നരക്കാണ് മത്സരം. ക്വാര്‍ട്ടറില്‍ നിന്ന് മാറ്റങ്ങളുമായാകും ഇരു ടീമുകളും ഇറങ്ങുക.

യൂറോപ്യന്‍ കരുത്തിന്റെ പ്രതീകങ്ങളാണ് ഫ്രാന്‍സും ബെല്‍ജിയവും.ടൂര്‍ണമെന്റില്‍‌ ഇതുവരെ തോല്‍ക്കാത്തവര്‍. ആധികാരികമായി സെമി ഫൈനല്‍ വരെയെത്തിയവര്‍. സമഗ്രമായ രണ്ട് സംഘങ്ങളാണ് ഫ്രാന്‍സും ബെല്‍ജിയവും. ‌ ബെല്‍ജിയം മുന്നേറ്റത്തില്‍ ഹസാര്‍ഡ്, ലുക്കാക്കു, ഫ്രാന്‍സിന് ഗ്രീസ്മാന്‍, എംബാപ്പെ. ബെല്‍ജിയം മധ്യനിരയില്‍ കെവിന്‍ ഡി ബ്രുയ്ണെയും വിറ്റ്സലും ഷദ്‌ലിയും .ഫ്രാന്‍സിന് കാന്റെയും പോഗ്ബയും.പ്രതിരോധത്തില്‍ ഒരു ഭാഗത്ത് കൊമ്പനിയും വെര്‍ട്ടോങനും മറുഭാഗത്ത് വരാനും ഉംറ്റിറ്റിയും. ഗോള്‍ പോസ്റ്റിന് കീഴില്‍ കുര്‍ട്ട്വോയും ലോറിസും. ക്ലാസിക് മത്സരത്തിന് ഇതില്‍ കൂടുതലെന്ത് വേണം. മുന്നേറ്റ താരങ്ങള്‍ ധാരാളമുണ്ടെങ്കിലും മധ്യനിരയിലുള്ള എന്‍ഗോള കാന്റെയും കെവിന്‍ ഡി ബ്രുയ്ണെയുമാകും ശ്രദ്ധാകേന്ദ്രങ്ങള്‍.

ക്വാര്‍ട്ടറില്‍ നിന്ന് മാറ്റങ്ങളുമായാകും ഇരു സംഘങ്ങളും മൈതാനത്തിറങ്ങുക. സസ്പെന്‍ഷനിലായിരുന്ന മാറ്റ്യൂഡി ഫ്രാന്‍സ് നിരയില്‍ തിരിച്ചെത്തിയേക്കും. ടോളീസോ പകരക്കാരനാകും. ബ്രസീലിന്റെ ഗോള്‍ ശ്രമങ്ങളെ മുളയിലേ നുള്ളിയ ഫെല്ലെയ്നി ബെല്‍ജിയത്തിന്റെ ആദ്യ ഇലവനില്‍ ഉണ്ടാകാന്‍ ഇടയില്ല. പകരം അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ കരാസ്കോ തിരിച്ചെത്തും. സസ്പെന്‍ഷനിലായ മുന്യീറിന് കളിക്കാനാകില്ല. പകരം തോമസ് വെര്‍മെയ്‌ലന്‍ പ്രതിരോധത്തില്‍ ഇറങ്ങും. ഇനി രണ്ട് മത്സരമകലെ ലോകകപ്പെന്ന സ്വപ്നമുണ്ട്. ബൂട്ട് കെട്ടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇരു സംഘങ്ങള്‍ക്കും ചിന്തിക്കാന്‍ കഴിയില്ല.

Tags:    

Similar News