കോവളം എഫ്സിക്ക് ഇനി മുതല്‍ വിദേശ പരിശീലകന്റെ സേവനവും
ഇംഗ്ലീഷ് ക്ലബ് ആര്‍സനലിന്റെ യൂത്ത് വിങ് പരിശീലകന്‍ ക്രിസ് ആബേലാണ് കോവളം എഫ്സി ടീമിനെ പരിശീലിപ്പിക്കുക
കോവളം എഫ്സിക്ക് ഇനി മുതല്‍ വിദേശ പരിശീലകന്റെ സേവനവും. ഇംഗ്ലീഷ് ക്ലബ് ആര്‍സനലിന്റെ യൂത്ത് വിങ് പരിശീലകന്‍ ക്രിസ് ആബേലാണ് കോവളം എഫ്സി ടീമിനെ പരിശീലിപ്പിക്കുക. കഴിവുള്ള താരങ്ങളാണ് കേരളത്തിലുള്ളതെന്നും ദീര്‍ഘവീക്ഷണത്തോടെയുള്ള പരിശീലനം കൊണ്ട് ഇവരെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനാകുമെന്നും ആബേല്‍ പറഞ്ഞു.
കേരള പ്രീമിയര്‍ ലീഗ് കിരീടത്തില്‍ തുടങ്ങി വലിയ ലക്ഷ്യങ്ങളിലേക്ക് പന്തു തട്ടാനാണ് കോവളം എഫ് സി ഒരുങ്ങുന്നത്. വിദേശ കോച്ചിന്റെ പാഠങ്ങള്‍ അതിനുപകരിക്കും. കളിക്കാര്‍ക്ക് മാത്രമല്ല, ക്ലബിന്റെ കോച്ചുമാര്‍ക്കും ക്രിസ് ആബേല്‍ പരിശീലനം നല്‍കും. ഈ മാസം 19ന് കെപിഎലിനുള്ള സെലക്ഷന്‍ ട്രയല്‍സും തുടര്‍ന്നുള്ള പരിശീനവും ആബേലിന്റെ മേല്‍നോട്ടത്തിലായിരിക്കും. ക്ലബിലെ താരങ്ങളെക്കുറിച്ച് ആബേലിന് മതിപ്പ് മാത്രം. സാമൂഹ്യ സാഹചര്യങ്ങളും മെച്ചപ്പെടുത്തി മാത്രമെ മികച്ച കളിക്കാരെ വാര്‍ത്തെടുക്കാനാവൂവെന്ന് ആബേല്‍.
ആര്‍സനന്‍ അക്കാദമിയിലും ഇംഗ്ലണ്ട് ദേശീയ ഫുട്ബോള്‍ അസോസിയേഷന്റെ പദ്ധതിയിലും പ്രവര്‍ത്തിച്ചു വരുന്ന ആബേല്‍ ബ്രാഡ്ഫോഡ് സിറ്റിക്കായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ചിട്ടുണ്ട്. ക്രിസ് ആബേലിന്റെ സേവനം പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കോച്ച് എബിന്‍ റോസ് പറഞ്ഞു. ക്ലബിന്റെ സ്വന്തം മൈതാനം അടുത്ത മാര്‍ച്ചോടെ അരുമാനൂരില്‍ തയ്യാറാകുമെന്ന് ചെയര്‍മാന്‍ കെ.സി ചന്ദ്രഹാസന്‍ അറിയിച്ചു.