ഏഷ്യന്‍ ഗെയിംസില്‍ മലയാളി തിളക്കം; 1500 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണം
ഏഷ്യന്‍ ഗെയിംസില്‍ മലയാളി തിളക്കം. 1500 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണം സ്വന്തമാക്കി. ഈ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ മലയാളിയാണ് ജിന്‍സണ്‍. വനിതകളുടെ ആയിരത്തിയഞ്ഞൂറ് മീറ്ററില്‍ പി.യു ചിത്ര വെങ്കലം നേടി. മലയാളികള്‍ ഉള്‍പ്പെട്ട റിലേ ടീമുകളും മെഡല്‍ നേടി.
ഏഷ്യൻ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തിൽ ഇന്ത്യയുടെ പന്ത്രണ്ടാം സ്വർണമാണ് ജിൻസൺ ജോൺസൻ നേടിയത്. 3:44.72 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസൺ സ്വർണം നേടിയത്. ഈ ഇനത്തിൽ നിലവിലെ ദേശീയ റെക്കോർഡും ജിൻസന്റെ പേരിലാണ്.
വനിതകളുടെ 4 ഗുണം 400 മീറ്റര്‍ റിലേയില്‍ മലയാളിയായ വിസ്മയ ഉള്‍പ്പെട്ട സംഘം സ്വര്‍ണം നേടിയപ്പോള്‍ പുരുഷന്‍മാരുടെ റിലേയില്‍ വെള്ളി നേടി. മലയാളികളായ കുഞ്ഞു മുഹമ്മദും മുഹമ്മദ് അനസും ഉള്‍പ്പെട്ടതാണ് ടീം. വനിതകളുടെ ഡിസ്കസ്ത്രോയില്‍ സീമ പൂനിയ വെങ്കലം സ്വന്തമാക്കി. പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യ മലേഷ്യയോട് തോറ്റു.