ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം; മലയാളി നാവികന്‍റെ പായ് വഞ്ചി അപകടത്തില്‍പ്പെട്ടു
രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ ശ്രമങ്ങള്‍ ആരംഭിച്ചു. നടക്കാന്‍ കഴിയുന്നില്ലെന്നും ബോട്ടില്‍ സുരക്ഷിതനാണെന്നുമാണ് ഒടുവില്‍ അഭിലാഷ് അധികൃതര്‍ക്ക് അയച്ച സന്ദേശം.
ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളിയായ ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചി അപകടത്തില്‍പ്പെട്ടു. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് 2600 മൈല്‍ അകലെ ഉണ്ടായ ചുഴലിക്കാറ്റിലാണ് അപകടം സംഭവിച്ചത്. പായ് വഞ്ചിയുടെ തൂണ്‍ തകര്‍ന്ന് അഭിലാഷിന്‍റെ ദേഹത്ത് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ ശ്രമങ്ങള്‍ ആരംഭിച്ചു. നടക്കാന്‍ കഴിയുന്നില്ലെന്നും ബോട്ടില്‍ സുരക്ഷിതനാണെന്നുമാണ് ഒടുവില്‍ അഭിലാഷ് അധികൃതര്‍ക്ക് അയച്ച സന്ദേശം.
കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ ഗ്ലോബ് അധികൃതരും അഭിലാഷ് ടോമിയുമായി സംസാരിച്ചപ്പോള്‍ വരാന്‍ പോകുന്ന ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തില്‍ അപകടരമല്ലാതെ കടന്നുപോകുമെന്ന് കരുതിയ ചുഴലിക്കാറ്റ് പ്രതീക്ഷ തെറ്റിച്ച് അപകടം ഉണ്ടാക്കുകയായിരുന്നു. നേരത്തെ ചെറിയ തകരാര്‍ ഉണ്ടായിരുന്ന പായ് വഞ്ചി, കാറ്റ് വീശിയതോടെ തൂണ്‍ തകരുകയും അഭിലാഷിന്‍റെ ദേഹത്തേക്ക് വീഴുകയും ചെയ്തു. പായ് വഞ്ചിയുടെ സ്ഥാനം കണ്ടെത്താന്‍ കഴിയുന്ന ട്രാക്കര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം കൃത്യമായി നടക്കുമെന്നാണ് കരുതുന്നത്.
ഇന്ന് പുലര്‍ച്ചെ അയച്ച സന്ദേശത്തില്‍ നടക്കാന്‍ കഴിയുന്നില്ലെന്നും ബോട്ടിനുള്ളില്‍ സുരക്ഷിതനാണെന്നുമാണ് അഭിലാഷ് അറിയിച്ചത്. സാറ്റലൈറ്റ് ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ല. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുര, ഓസ്ട്രേലിയന്‍ എയര്‍ക്രാഫ്റ്റായ പോസിഡോണ്‍ എന്നിവയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് മത്സ്യബന്ധനനൌക സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെങ്കിലും എത്താന്‍ ദിവസങ്ങള്‍ എടുത്തേക്കും.
തകര്‍ന്ന പായ് വഞ്ചിക്ക് 0.3 നോട്ടിക്കല്‍ മൈല്‍ വേഗത മാത്രമേ ഇപ്പോള്‍ ഉള്ളൂവെന്നാണ് ട്രാക്കറില്‍ നിന്ന് മനസ്സിലാക്കാന്‍ ആകുന്നത്. അതിനാല്‍ മണിക്കൂറില്‍ അരകിലോമീറ്റര്‍ മാത്രമേ പായ് വഞ്ചിക്ക് സഞ്ചരിക്കാനാകൂ.