ഇന്ത്യന്‍ സ്പിന്നേഴ്‌സിന് മുന്നില്‍ ബംഗ്ലാ കടുവകള്‍ കറങ്ങി വീണു

ഓപണര്‍ ലിറ്റണ്‍ ദാസ്(117 പന്തില്‍ 121) അതിവേഗ സെഞ്ചുറി നേടിയിട്ടും മികച്ച ടീം സ്‌കോറാക്കുന്നതില്‍ മറ്റു ബാറ്റ്സ്മാന്മാര്‍ പരാജയപ്പെടുകയായിരുന്നു. 

Update: 2018-09-28 15:03 GMT
Advertising

മികച്ച തുടക്കം ലഭിച്ചിട്ടും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കറങ്ങി വീണ ബംഗ്ലാദേശ് 48.3 ഓവറില്‍ 222 റണ്‍സില്‍ ഓള്‍ഔട്ട്. ഓപണര്‍ ലിറ്റണ്‍ ദാസിന്‍റെ(117 പന്തില്‍ 121) അതിവേഗ സെഞ്ചുറി മികച്ച ടീം സ്‌കോറാക്കുന്നതിലായിരുന്നു ബംഗ്ലാ ബാറ്റ്സ്മാന്മാര്‍ പരാജയമായത്. ഇന്ത്യക്കുവേണ്ടി കുല്‍ദീപ് യാദവ് മൂന്നും കേദാര്‍ ജാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നേടി എതിരാളികളെ ബാറ്റിംങിനയച്ച രോഹിത് ശര്‍മ്മയുടെ നെഞ്ചിടിപ്പേറ്റിയ പ്രകടനമാണ് ബംഗ്ലാദേശിന്‍റെ ഓപണര്‍മാര്‍ നടത്തിയത്. തുടക്കം മുതല്‍ ഓവറില്‍ ശരാശരി ആറു റണ്‍സ് വെച്ച് നേടിയ ബംഗാദേശ് ബാറ്റ്‌സ്മാന്മാര്‍ ഇന്ത്യന്‍ പേസര്‍മാരെ വിജയകരമായാണ് നേരിട്ടത്. സെഞ്ചുറി നേടിയ ലിറ്റണ്‍ ദാസായിരുന്നു കൂടുതല്‍ ആക്രമണകാരി. ആദ്യവിക്കറ്റില്‍ ബംഗ്ലാദേശി 120 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ഒടുവില്‍ 21ആം ഓവറില്‍ കേദാര്‍ ജാദവാണ് ഓപണിംങ് സഖ്യത്തെ പിരിച്ചത്. പിന്നീട് മനോഹരമായ സ്പിന്‍ ബൗളിംങിലൂടെയും ഫീല്‍ഡിംങിലൂടെയും ഇന്ത്യ മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പിടിച്ചു നിന്ന ലിറ്റണ്‍ ദാസ് ധോണിയുടെ മനോഹരമായ സ്റ്റംമ്പിംങിലൂടെ കുല്‍ദീപ് യാദവാണ് മടക്കിയത്. 117 പന്തില്‍ 12 ഫോറും 2 സിക്‌സറും ലിറ്റണ്‍ ദാസ് നേടിയിരുന്നു.

പിന്നീട് കളിക്കാര്‍ തമ്മിലുള്ള ആശയവിനിമയത്തിലെ പിശക് ബംഗ്ലാദേശിന് തിരിച്ചടിയായി. ഫീല്‍ഡിംങ് മികവും വിക്കറ്റിന് പിന്നിലെ ധോണിയുടെ പ്രകടനവും ഇന്ത്യക്ക് തുണയായി. ക്യാപ്റ്റന്‍ മൊര്‍ത്താസയേയും മിന്നല്‍ സ്റ്റംമ്പിംങിലൂടെ ധോണിതന്നെയാണ് പുറത്താക്കിയത്. മൂന്ന് റണ്ണൗട്ടുകളും രണ്ട് സ്റ്റംമ്പിംങും ബംഗ്ലാദേശിന്റെ സ്‌കോര്‍ 222 റണ്‍സിലൊതുക്കുന്നതില്‍ നിര്‍ണ്ണായകമായി.

കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന നായകന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂംറ എന്നിവര്‍ തിരിച്ചെത്തിയിട്ടുണ്ട്. ടൂര്‍ണമെന്റിലിത് വരെ തോല്‍ക്കാത്ത ഇന്ത്യ ഏഴാം കിരീടമാണ് ലക്ഷ്യമിടുന്നത്. ആദ്യ ഏഷ്യാകപ്പാണ് ബംഗ്ലാ കടുവകളുടെ സ്വപ്നം. പരിക്കേറ്റ ഓള്‍റൌണ്ടര്‍ ഷാക്കിബ് അല്‍ഹസന്‍ ഫൈനലിനുണ്ടാകില്ലെന്നത് അവര്‍ക്ക് തിരിച്ചടിയാണ്.

Tags:    

Similar News