സുബ്രതോ കപ്പ്; സെന്റ് വിന്‍സന്റ് സ്കൂള്‍ അവസാന വട്ട പരിശീലനത്തില്‍
തീരദേശ മേഖലയിലെ കുട്ടികള്‍ അണിനിരക്കുന്ന ടീം മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്.
അണ്ടര്‍ 14 സുബ്രതോ കപ്പില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന തിരുവനന്തപുരം സെന്റ് വിന്‍സന്റ് സ്കൂള്‍ അവസാന വട്ട പരിശീലനത്തില്‍. തീരദേശ മേഖലയിലെ കുട്ടികള്‍ അണിനിരക്കുന്ന ടീം മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്.
വലിയ കായിക പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത കണിയാപുരം സെന്റ് വിന്‍സന്റ് സ്കൂള്‍ കഠിനാധ്വാനവും അര്‍പ്പണബോധവും കൈമുതലാക്കിയാണ് ഇത്തവണ സുബ്രതോ കപ്പിന് അര്‍ഹത നേടിയത്. ലിഫ ഫുട്ബോള്‍ അക്കാദമിയുടെ പിന്തുണയോടെ വളര്‍ത്തിയെടുത്ത സ്കൂള്‍ ടീം കഴിഞ്ഞ നാലു വര്‍ഷമായി തിരുവനന്തപുരം ജില്ലാ ചാമ്പ്യന്മാരാണ്. സുബ്രതോ കപ്പിനുള്ള യോഗ്യത ടൂര്‍ണമെന്റില്‍ കരുത്തരായ എം.എസ്പി. മലപ്പുറത്തെയും കോവളം എഫ്സി.യെയും പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. പൂര്‍ണമായും തീരദേശത്ത് നിന്നുള്ളവരെ അണിനിരത്തിയാണ് ടീമിനെ വാര്‍ത്തെടുത്തത്. അത് തന്നെയാണ് ടീമിന്റെ കരുത്തും.
കഴിഞ്ഞ ദിവസം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ സാന്നിധ്യത്തില്‍ ടീമിന് സ്കൂളില്‍ യാത്രയയപ്പ് നല്‍കി. പണത്തിനായി ബുദ്ധിമുട്ടിയ ടീമിന് സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ തുണയായി. 1997 ബാച്ച് സമാഹരിച്ച തുക ചടങ്ങില്‍ കൈമാറി. ഒക്ടോബര്‍ 25നാണ് ആദ്യ മത്സരം.