ദേശീയ ജൂനിയര്‍ അത്ലറ്റിക്സിന് റാഞ്ചിയില്‍ തുടക്കം
34 ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക്സിന് ഇന്ന് റാഞ്ചി സ്‌റ്റേഡിയത്തില്‍ തുടക്കം കുറിച്ചു. രാവിലെ 11 മണിക്കാണ് മത്സരങ്ങളുടെ ഉദ്ഘാടനം നടന്നത്. 136 താരങ്ങളടങ്ങിയ കേരള ടീം വ്യാഴാഴ്ച രാവിലെ റാഞ്ചിയിലെത്തി. കഴിഞ്ഞ വര്‍ഷം കേരളത്തെ പിന്നിലാക്കി ഹരിയാന ജൂനിയര്‍ മീറ്റില്‍ കിരീടം നേടിയിരുന്നു. അഞ്ച് തവണ ജേതാക്കളായ കേരള ടീമിനെയാണ് ഗുണ്ടൂരില്‍ വെച്ച് നടന്ന മത്സരത്തില്‍ ഹരിയാന പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ പിഴവുകള്‍ തിരുത്തിയായിരിക്കും കേരളം ഇത്തവണ മീറ്റിനിറങ്ങുന്നത്. 168 താരങ്ങളുമായി ഹരിയാനയും 176 താരങ്ങളുമായി ഉത്തര്‍ പ്രദേശും കേരളത്തിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് മീറ്റില്‍ പങ്കെടുക്കാന്‍ റാഞ്ചിയില്‍ എത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച 20 ഇനങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. നാലു വിഭാഗങ്ങളിലായി നടക്കുന്ന മീറ്റില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങളുണ്ട്. അണ്ടര്‍ 20 (ജൂനിയര്‍), അണ്ടര്‍ 18 (യുത്ത്), അണ്ടര്‍ 16, അണ്ടര്‍ 14 എന്നിങ്ങനെ നാലു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ അരങ്ങേറുക. കഴിഞ്ഞ വര്‍ഷം 27 സ്വര്‍ണമടക്കം 408 പോയിന്റുമായി ഹരിയാണ ജൂനിയര്‍ അത്‌ലറ്റിക്‌സിലെ കേരളത്തിന്റെ കുത്തക തകര്‍ത്തു. 24 സ്വര്‍ണമടക്കം 400 പോയന്റാണ് കേരളം നേടിയിരുന്നത്.
അതെസമയം, കഠിനമായ തീവണ്ടി യാത്ര പിന്നിട്ടാണ് കേരള ടീം റാഞ്ചിയിലെത്തിയത്. തീവണ്ടിയില്‍ ഉറപ്പായ 24 സീറ്റ് 130 പേര്‍ പങ്കിട്ടാണ് യാത്ര ചെയ്തത്.