റേസിംങിനിടെ കാര്‍ പറന്നു; പതിനേഴുകാരി ഡ്രൈവര്‍ക്ക് നട്ടെല്ലിന് പരിക്ക്
നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കാറിന് മുകളിലൂടെ പറന്ന സോഫിയയുടെ കാര്‍ സുരക്ഷാ വേലിക്ക് മുകളിലൂടെ പറന്ന് ഭിത്തിയിലിടിക്കുകയായിരുന്നു.
പതിനേഴുകാരിയായ റേസിംങ് താരത്തിന് ഫോര്‍മുല 3 കാറോട്ട മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ ഗുരുതര പരിക്ക്. നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള വാന്‍ ആമേഴ്‌സ്ഫൂട്ട് റേസിങ് (VAR) ടീമംഗമായ ജര്‍മ്മന്‍കാരി സോഫിയ ഫ്‌ളോറിഷിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കാറിന് മുകളിലൂടെ പറന്ന സോഫിയയുടെ കാര്‍ സുരക്ഷാ വേലിക്ക് മുകളിലൂടെ പറന്ന് ഭിത്തിയിലിടിക്കുകയായിരുന്നു.
സോഫിയയെ കൂടാതെ ജപ്പാന്റെ റേസിങ് താരം ഷൂ സുബോയിക്കും രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. സോഫിയയുടെ കാര്‍ നിയന്ത്രണം വിട്ട് സുബോയിയുടെ കാറിലിടിച്ച് അതിന് മുകളിലൂടെ പറക്കുകയായിരുന്നു. ഇതോടെയാണ് ജപ്പാന്‍ താരത്തിനും പരിക്കേറ്റത്.
അപകടത്തിനുശേഷവും ബോധം നഷ്ടപ്പെടാതിരുന്ന സോഫിയയെ അടിയന്തര വൈദ്യസഹായത്തിനായി ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് നടന്ന പരിശോധകയിലാണ് നട്ടെല്ലിന് പരിക്കേറ്റ വിവരം സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച്ച ശസ്ത്രക്രിയ നടത്തുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും സോഫിയ തന്നെ ട്വിറ്റിലൂടെ അറിയിച്ചിട്ടുണ്ട്. നേരത്തെ മക്കാവുവിലെ ഇതേ റേസ് ട്രാക്കിലുണ്ടായ അപകടങ്ങളില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.