സ്കൂൾ കായിക മേളക്ക് കണ്ണൂരില്‍ തുടക്കമായി; ആദ്യ സ്വര്‍ണം എറണാകുളത്തിന്
സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററായിരുന്നു ആദ്യ മത്സരം
63ാമത് സംസ്ഥാന സ്കൂൾ കായിക മേളക്ക് കണ്ണൂരില്‍ തുടക്കമായി. എറണാകുളം കോതമംഗലം മാര്‍ ബേസിലിന്റെ അമിത് നാഥ് മീറ്റിലെ ആദ്യ സ്വര്‍ണം നേടി . ജൂനിയര്‍ ബോയിസ് ജാവലിന്‍ ത്രോയില്‍ പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ്. ജോണ്‍സ് സ്കൂളിലെ വിജയ് സ്വര്‍ണം നേടി. നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് സ്വര്‍ണവുമായി പാലക്കാട് ജില്ലയാണ് മുന്നില്‍.
കണ്ണുർ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന മേളയിൽ 2500ഓളം കായിക താരങ്ങളാണ് പങ്കെടുക്കുക. മന്ത്രി ഇ.പി ജയരാജനാണ് മേള ഉൽഘാടനം ചെയ്യുക. മേളയ്ക്ക് ഒളിമ്പ്യന്‍ ടിന്റു ലൂക്ക ദീപം തെളിക്കും .
കിരീടം നിലനിർത്താൻ എറണാകുളവും തിരിച്ച് പിടിക്കാൻ പാലക്കാടും കണ്ണൂരെത്തിയിട്ടുണ്ട്. കരുത്ത് കാട്ടാൻ കോഴിക്കോടും തിരുവനന്തപുരവും പിന്നാലെയുണ്ട്. സ്കൂളുകളിൽ നിലവിലെ ചാമ്പ്യൻമാരായ സെന്റ് ജോർജ്ജ് ഇല്ലെന്നതും ഈ മേളയുടെ സവിശേഷതയാണ്. ഇക്കുറി പ്രധാന മത്സരം മർബേസിലും കല്ലടിയും തമ്മിലാണ്. കറുത്ത കുതിരകൾ ആകാൻ പുല്ലൂരാംപാറ, നാട്ടിക, പറളി, മാതിരപ്പള്ളി തുടങ്ങിയവർ കച്ച മുറുക്കിയെത്തിയിട്ടുണ്ട്. 4 ദിവസം നീണ്ടു നിൽക്കുന്ന മേള നവംബർ 19 ന് സമാപിക്കും.