കായികോത്സവ വേദിക്ക് പുറത്ത് കായികാധ്യാപകരുടെ പ്രതിഷേധ ധർണ്ണ
ന്യായമായ ശമ്പളമുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് 5 മാസമായി നടത്തുന്ന ചട്ടപ്പടി സമരമാണ് സംസ്ഥാന വേദിയിലേക്ക് കൂടി വ്യാപിപ്പിച്ചത്
സംസ്ഥാന കായികോത്സവ വേദിക്ക് പുറത്ത് കായികാധ്യാപകരുടെ പ്രതിഷേധ ധർണ്ണ. ന്യായമായ ശമ്പളമുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് 5 മാസമായി നടത്തുന്ന ചട്ടപ്പടി സമരമാണ് സംസ്ഥാന വേദിയിലേക്ക് കൂടി വ്യാപിപ്പിച്ചത്.
ട്രാക്കിലും ഫീൽഡിൽ തങ്ങൾ പരിശീലിപ്പിച്ച കുട്ടികൾ മെഡലിനായി പൊരുതുന്നു. അതേസമയം കുട്ടികൾക്ക് ഊർജ്ജമായി ഒപ്പം നിൽക്കേണ്ട കായികാധ്യാപകർക്ക് പക്ഷെ തങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി തെരുവിൽ സമരം ചെയ്യേണ്ട നിലയാണ്. ഹയർ സെക്കണ്ടറി തലത്തിലടക്കം പരിശീലിപ്പിക്കുന്ന ഇവർക്ക് കിട്ടുന്നത് യുപി സ്കെയിലിലെ ശമ്പളം. 500 കുട്ടികൾ തികച്ചില്ലെങ്കിൽ ജോലി നഷ്ടമാകുന്ന അവസ്ഥ. മാർ ബേസിലിന്റെ വിജയ മന്ത്രമായ ഷിബി ടീച്ചറടക്കം സമര രംഗത്താണ്.
അധ്യാപകർ സംഘാടനത്തിൽ നിന്ന് വിട്ട് നിൽക്കുന്നതിൽ എങ്ങനെയും മേള നടത്തണമെന്ന വാശിയിലാണ് വിദ്യാഭ്യാസ വകുപ്പ്. പ്രതിഷേധം ഉദ്ഘാടനച്ചടങ്ങിലേക്ക് വ്യാപിപ്പിക്കാതിരിക്കാൻ സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷയുണ്ട്.