വാവേയുമായി ഇനി കരാറില്ല; ഉയിഗൂര്‍ മുസ്‍ലിങ്ങള്‍ക്ക് പിന്തുണയുമായി ഗ്രീസ്‍മാന്‍
ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ ചൈന നടത്തുന്ന മുഴുവന്‍ സമയ നിരീക്ഷണത്തില്‍ വാവേ എന്ന ടെലികോം ഭീമന്‍റെ പങ്കാളിത്തം മനസിലാക്കിയാണ് കരാര്‍ ഉപേക്ഷിക്കുന്നതെന്ന് ഗ്രീസ്മാന്‍ വ്യക്തമാക്കി
ഉയിഗൂർ മുസ്‍ലിങ്ങള്‍ക്ക് പിന്തുണയുമായി ബാര്‍സലോണ ടീമംഗവും ഫ്രഞ്ച് ഫുട്‌ബോളറുമായ അന്‍റോണിയോ ഗ്രീസ്മാന്‍. ചൈനീസ് കമ്പനിയായ വാവേയുമായുള്ള ബന്ധം ഉപേക്ഷിച്ചുകൊണ്ടാണ് ഗ്രീസ്‍മാന്‍ ചൈനയിലെ ന്യൂനപക്ഷ മുസ്‍ലിം വിഭാഗമായ ഉയിഗൂര്‍ മുസ്‍ലിങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ ചൈന നടത്തുന്ന മുഴുവന്‍ സമയ നിരീക്ഷണത്തില്‍ വാവേ എന്ന ടെലികോം ഭീമന്‍റെ പങ്കാളിത്തം മനസിലാക്കിയാണ് കരാര്‍ ഉപേക്ഷിക്കുന്നതെന്ന് ഗ്രീസ്മാന്‍ വ്യക്തമാക്കി.
ഉയിഗൂര്‍ മുസ്‍ലിങ്ങളെ തിരിച്ചറിയാനുള്ള നിരീക്ഷണ ക്യാമറകളും തിരിച്ചറിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി പൊലീസുകാര്‍ക്ക് അലേര്‍ട്ടുകള്‍ അയക്കാനും കഴിവുള്ള സോഫ്റ്റ്‍വേര്‍ വാവേയ് വികസിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളുടെ ചുവടുപിടിച്ചാണ് ഫ്രഞ്ച് സ്ട്രൈക്കറുടെ പുതിയ തീരുമാനം. ഡിസംബർ എട്ടിനാണ് ഉയിഗൂര്‍ മുസ്‍ലിങ്ങള്‍ക്കെതിരെയുള്ള വാവേയുടെ നിരീക്ഷണ സോഫ്റ്റ്‍വേര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വാഷിംഗ്ടൺ പോസ്റ്റിൽ വരുന്നത്.
'ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ ചൈന നടത്തുന്ന മുഴുവന്‍ സമയ നിരീക്ഷണത്തില്‍ വാവേയുടെ പങ്ക് മനസിലായതുകൊണ്ടാണ് ഉടനടി തന്നെ കരാര്‍ ഉപേക്ഷിച്ചത്, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വാവേയ് നിഷേധിക്കുകയാണെങ്കില്‍ താന്‍ അതിനെ സ്വാഗതം ചെയ്യും, ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്കെതിരായ പീഡനങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും സമൂഹത്തിലെ സ്വാധീനം ഉപയോഗിച്ച് നിരുത്സാഹപ്പെടുത്താനും അപലപിക്കാനും വാവേയോട് ഈ അവസരത്തില്‍ അഭ്യര്‍ഥിക്കുന്നു' തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കരാര്‍ റദ്ദാക്കിയ വിവരം താരം പുറത്തുവിട്ടത്.
ഉയിഗൂര്‍ മുസ്‌ലിംങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ നിന്ന് ചൈനയ്‌ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിനിടെയാണ് വാവേയ്ക്കും ചൈനീസ് സര്‍ക്കാറിനുമെതിരെ നിലപാട് വ്യക്തമാക്കി ഫ്രഞ്ച് സൂപ്പര്‍ താരം രംഗത്ത് വരുന്നത്. ഗ്രീസ്മാന്‍റെ തീരുമാനത്തിനെ സ്വാഗതം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഗ്രീസ്‍മാന്‍റെ പ്രവര്‍ത്തിയോട് വലിയ ബഹുമാനം തോന്നുന്നതായി ഉയിഗൂര്‍ അവകാശ സമിതി പ്രവര്‍ത്തകന്‍ ജൂവര്‍ ഇല്‍ഹാം പറഞ്ഞു. ഇതിന് തിരിച്ചടികള്‍ നേരിടേണ്ടി വരുമോ എന്ന് ഭയക്കുന്നതായും ഇല്‍ഹാം കൂട്ടിച്ചേര്‍ത്തു.