ഒരേ സമയം പുരുഷ-വനിതാ ലീഗ് ചാമ്പ്യന്‍മാര്‍; ഗോകുലം എഫ്.സിക്ക് അത്യപൂര്‍വ്വ നേട്ടം
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഗോകുലത്തിന്‍റെ വനിതാ ടീം ഇന്ത്യന്‍ വുമണ്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്.
ഫുട്ബോളിന്‍റെ ചരിത്രത്തില്‍ കേരളത്തിന് ആദ്യമായി ഐ ലീഗ് കിരീടനേട്ടം സമ്മാനിച്ച ഗോകുലം എഫ്.സിക്ക് മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡും സ്വന്തമായി. പുരുഷ വനിതാ ദേശീയ ലീഗുകളില്‍ ഒരേ സമയം ചാമ്പ്യന്‍ പട്ടം അലങ്കരിക്കുന്ന ടീം എന്ന നേട്ടമാണ് ഗോകുലത്തിന് സ്വന്തമായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഗോകുലത്തിന്‍റെ വനിതാ ടീം ഇന്ത്യന്‍ വുമണ്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്.
അടുത്ത വനിതാ ദേശീയ ലീഗ് സീസണ്‍ ഇതുവരെ ആരംഭിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ നിലവിലെ വനിതാ ചാമ്പ്യന്‍മാരും ഗോകുലം തന്നെയാണ്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഗോകുലത്തിന്‍റെ പുരുഷ ടീം ഐ ലീഗ് കിരീടം നേടുന്നത്. ഇതോടെ ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ അത്യപൂര്‍വ നേട്ടത്തിനാണ് ഗോകുലം കേരള സാക്ഷിയായത്
ഇന്ത്യയിൽ എന്നല്ല വിദേശത്ത് പോലും പല വൻ ക്ലബുകൾക്കും സാധിക്കാത്ത നേട്ടമാണ് ഒരേ സമയം പുരുഷ ലീഗിലും വനിതാ ലീഗിലും ചാമ്പ്യന്മാർ ആവുക എന്നത്. അത് കേരളത്തില്‍ നിന്നുള്ള ക്ലബിന് സ്വന്തമായി എന്നതാണ് ആരാധകരെ ത്രില്‍ അടിപ്പിക്കുന്നത്. 2017ല്‍ സ്ഥാപിതമായി നാല് വര്‍ഷം മാത്രം പിന്നിടുന്ന ക്ലബാണ് ഗോകുലം എഫ്.സി. ഇത്ര ചെറിയ കാലയളവില്‍ ആണ് കേരളത്തിന്‍റെ സ്വന്തം ക്ലബിന്‍റെ വലിയ മുന്നേറ്റങ്ങള്‍.
ക്ലബ് സ്ഥാപിതമായതിന് ശേഷം നാലു വർഷങ്ങളിലായി നാലു കിരീടങ്ങളാണ് ഗോകുലം സ്വന്തമാക്കിയത്. ആദ്യം കേരള പ്രീമിയർ ലീഗ്, പിന്നെ ഡ്യൂറാന്‍ഡ് കപ്പ്, പിന്നാലെ ദേശീയ വനിതാ ലീഗ് ചാമ്പ്യന്മാര്‍, ശേഷം ഇപ്പോള്‍ ഐ ലീഗ് കിരീടവും. ഐ ലീഗ് ജേതാക്കള്‍ ആയതോടെ ആദ്യമായി എ.എഫ്.സി കപ്പിന് യോഗ്യത നേടുന്ന ആദ്യ കേരള ക്ലബ് എന്ന നേട്ടവും ഗോകുലം സ്വന്തമാക്കി.