അംപയറിങ്ങിലെ ഒരേയൊരു ആക്ഷന്‍ ഹീറോ; ബില്ലി ബൗഡന് പിറന്നാള്‍ ആശംസകളുമായി ക്രിക്കറ്റ് ലോകം

കളിക്കളത്തിലെ ഗൌരവക്കാരായ അംപയര്‍മാരെ മാത്രം കണ്ടുശീലിച്ച കളിക്കാര്‍ക്കും ആരാധകര്‍ക്കും ബില്ലി ബൌഡന്‍ ഒരു കൌതുക്കാഴ്ചയായിരുന്നു

Update: 2021-04-11 11:25 GMT
Advertising

ക്രിക്കറ്റ് ഫീല്‍ഡിലെ ഗൌരവക്കാരായ അമ്പയര്‍മാരുടെ പതിവ് ശൈലികളെയെല്ലാം പൊളിച്ചെഴുതിയാണ് ന്യൂസിലാന്‍ഡ്കാരനായ ബില്ലി ബൌഡന്‍ 22വാര പിച്ചിന്‍റെ അംപയറിങ് എന്‍ഡില്‍ എത്തുന്നത്. ക്രിക്കറ്റ് ഗ്രൌണ്ടിലെ വ്യതസ്തതമായ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയനായി മാറിയ ബില്ലി കാണികളെയും കളിക്കാരെയും ഒരുപോലെ കയ്യിലെടുത്തു. നൃത്തചുവടുകളെ അനുസമരിപ്പിക്കുന്ന ഹാസ്യാത്മകമായ സിഗനലുകളാണ് ബൌഡനെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധാകരുടെ പ്രിയ അമ്പയറാക്കിയത്.

ഇന്ന് അദ്ദേഹത്തിന്‍റെ 58ാം പിറന്നാളായിരുന്നു ഇന്നലെ. കളിക്കാരെക്കാള്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ച അംപയര്‍മാരുടെ പട്ടികയിലെ മുന്‍നിരക്കാരനായ ബില്ലിക്ക് പിറന്നാള്‍ ആശംസ അര്‍പ്പിക്കാന്‍ ക്രിക്കറ്റ് ലോകം മറന്നില്ല. വിവിധ കോണുകളില്‍ നിന്നാണ് തങ്ങളുടെ പ്രിയ അമ്പയറെ തേടി ആശംസകളെത്തുന്നത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഐ.സി.സിയും പിറന്നാള്‍ ആശംസ അറിയിച്ചിട്ടുണ്ട്.

ബില്ലി ബൌഡന്‍ അംപയറിങിലേക്ക്..

വര്‍ഷം1995, ഹാമില്‍ട്ടണില്‍ വെച്ച് നടന്ന ന്യൂസിലാന്‍ഡ്- ശ്രീലങ്ക ഏകദിന മത്സരം നിയന്ത്രിച്ചു കൊണ്ട് ബില്ലി ബൌഡന്‍ രാജ്യാന്തര അംപയറിങ് രംഗത്തേക്ക് കടന്നുവരുന്നു. അതിപ്രശസ്തരായ തന്‍റെ സമകാലികരിൽ നിന്ന് വ്യത്യസ്തമായി, ബൗഡന് തന്‍റെ ടെസ്റ്റ് അരങ്ങേറ്റത്തിന് അഞ്ചു വർഷം തടസം നേരിട്ടു. അദ്ദേഹത്തിന്‍റെ അനാരോഗ്യം ആയിരുന്നു വര്‍ഷങ്ങള്‍ കാത്തിരിക്കാന്‍ ബൌഡനെ നിര്‍ബന്ധിച്ചത്. ഒടുവില്‍ 2000 മാർച്ചിലാണ് അദ്ദേഹം ഏറെ കാത്തിരുന്ന ആ സന്ദർഭം സമാഗതമായത്. ഓക്‍ലാന്‍ഡില്‍ വെച്ച് നടന്ന ന്യൂസിലാന്‍ഡ്- ഓസ്ട്രേലിയ ടെസ്റ്റ് മത്സരം നിയന്ത്രിച്ചു കൊണ്ട് ബില്ലി തന്‍റെ അനാരോഗ്യങ്ങളെ ബൌണ്ടറിക്ക് വെളിയിലേക്ക് പറത്തി.

ക്രിക്കറ്ററാകാന്‍ മോഹിച്ച് വിധി അംപയറിങിലെത്തിച്ച ബില്ലി

ന്യൂസിലാന്‍ഡ്കാരനയ ബില്ലി ബൗഡന് അംപയറാകാനായിരുന്നില്ല ആഗ്രഹം. ഏതൊരു കൌമാരക്കാരെപ്പോലെയും ക്രിക്കറ്റ് താരമാകാനായിരുന്നു അദ്ദേഹത്തിന്‍റെയും ആഗ്രഹം. ഭൂരിപക്ഷം അമ്പയർമാരുടെയും പോലെ ബൗഡൻ്റെ തുടക്കവും തന്‍റെ രാജ്യമായ ന്യൂസിലാൻഡിലെ ക്ലബ് ക്രിക്കറ്റിലൂടെയായിരുന്നു. രാജ്യത്തെ ക്രിക്കറ്റ് ഇതിഹാസങ്ങളായ മാർട്ടിൻ ക്രോ, ആൻഡ്രൂ ജോൺസ്, ലാൻസ് കെയ്ൻസ്, ഹാഡ്ലി മുതലായവരുടെ പിൻമുറക്കാരനാവാനുള്ള അദ്ദേഹത്തിൻ്റെ സ്വപ്‌നങ്ങൾക്ക് പക്ഷേ ആര്‍ത്രൈറ്റിസ്(വാതം) വിലങ്ങുതടിയായി. ഒടുവില്‍ തൻറെ 25ആം വയസ്സിൽ ബില്ലി ബൌഡന്‍ എന്നെന്നേക്കുമായി പാഡഴിച്ചു.

തളരാത്ത പോരാളി

എന്നാല്‍ അദ്ദേഹത്തിന്‍റെ ക്രിക്കറ്റ് മോഹങ്ങളെ തല്ലിക്കെടുത്താന്‍ രോഗത്തിനായില്ല. വിധിയെ പഴിച്ച് മറ്റൊരു പ്രൊഫഷനിലേക്ക് തിരിയാൻ പക്ഷേ ബില്ലിക്ക് മനസ്സില്ലായിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് ഗ്യാലറിയില്‍ ഇരിക്കാന്‍ ബില്ലി തയ്യാറായില്ല. കളിക്കാര്‍ക്കിടയില്‍ തന്നെ ഉണ്ടാകണം എന്ന് ബില്ലി ബൌഡന്‍ അതിയായി ആഗ്രഹിച്ചു. അതിനായി അദ്ദേഹം അംപയറിങ് പ്രൊഫഷന്‍ തെരഞ്ഞെടുത്തു. അതിനു മുന്‍പ് ഡോക്ടര്‍മാര്‍ മറ്റൊരു കാര്യം അദ്ദേഹത്തോട് പറഞ്ഞിരുന്നു. ' തലയ്‌ക്ക് മീതെ വിരലുകള്‍ ഉയര്‍ത്തരുത്….അങ്ങനെ സംഭവിച്ചാല്‍ അസഹനീയ വേദന ഉണ്ടാകും'. ഇതെല്ലാം കാരണം അദ്ദേഹം ഇന്നത്തെ ബില്ലി ബൗഡനായി. സിക്സറടിക്കുമ്പോള്‍ പൊതുവേയുളള അംപയര്‍മാരുടെ സിഗ്നലുകള്‍ക്ക് പകരം തന്‍റെ സ്വന്തം ശൈലി അയാള്‍ അവതരിപ്പിച്ചു. അങ്ങനെ ബില്ലി ബൌഡന്‍ ക്രിക്കറ്റ് ലോകത്തിന് ന്യൂസിലാൻഡ് സംഭാവന ചെയ്ത ഏറ്റവും മികച്ച അംപയര്‍മാരില്‍ ഒരാളായി.

കളിക്കളത്തിലെ ഗൌരവക്കാരായ അംപയര്‍മാരെ മാത്രം കണ്ടുശീലിച്ച കളിക്കാര്‍ക്കും ആരാധകര്‍ക്കും ബില്ലി ബൌഡന്‍ ഒരു കൌതുക്കാഴ്ചയായിരുന്നു. വിക്കറ്റുകള്‍ വീഴുമ്പോഴും സിക്സറുകള്‍ പറക്കുമ്പോഴും പകുതി വളഞ്ഞ വിരലുകള്‍ കൊണ്ട് ആക്ഷന്‍ കാണിക്കുകയും നൃത്തച്ചുവടുകളെ അനുസ്മരിപ്പിക്കും വിധം സിഗ്നലുകള്‍ കാണിക്കുകയും ചെയ്യുന്ന ബില്ലി ബൌഡന്‍ വളരെ വേഗത്തിലാണ് കളിയാരാധകര്‍ക്ക് പ്രിയങ്കരനായത്. താരങ്ങള്‍ പന്ത് ബൗണ്ടറി കടത്തുമ്പോള്‍ കളിക്കളം പൂരപറമ്പാക്കുന്ന അംപയര്‍. ആദ്യമായി ക്രിക്കറ്റില്‍ ചുവപ്പ് കാര്‍ഡ് ഉയര്‍ത്തിയപ്പോഴും, ബൗഡന്‍റെ ശൈലി കണ്ട്, ചിരിച്ചുകൊണ്ട് അതേറ്റുവാങ്ങിയ മഗ്രാത്ത്... ഇതൊക്കെ ഇന്നും കളിപ്രേമികളുടെ മനസില്‍ നിറം പിടിപ്പിച്ച ഓര്‍മകളായി ഉണ്ടാകുമെന്ന് ഉറപ്പാണ്.

ന്യൂസിലാന്‍ഡ്-ശ്രീലങ്ക ഏകദിന മത്സരം നിയന്ത്രിച്ച് ആദ്യമായി കളത്തിലിറങ്ങിയ ബൗഡൻ തന്‍റെ 21 വര്‍ഷം നീണ്ടു നിന്ന കരിയറിൽ 200 ഏകദിനങ്ങളും 84 ടെസ്റ്റുകളും 24 ട്വന്‍റി20 മത്സരങ്ങളും നിയന്ത്രിച്ചു.

2003 ൽ ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ അവസരം ലഭിച്ച അദ്ദേഹത്തെ തേടി അതേ വർഷം അമ്പയർമാരുടെ എലീറ്റ് പാനലിലേക്ക് ഐ.സി.സിയുടെ വിളി വന്നു. 2007 ൽ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച വേളയിലെ കുപ്രസിദ്ധമായ വെളിച്ച കുറവു പ്രശ്നം ഉന്നയിച്ച് ഐ.സി.സി സസ്പെൻഡു ചെയ്ത നാലു ഒഫീഷ്യലുകളിൽ ബൗഡനും ഉൾപ്പെട്ടിരുന്നു. തുടർന്ന് 2013 ൽ എലീറ്റ് പാനലിൽ നിന്ന് അദ്ദേഹത്തെ മാറ്റിയെങ്കിലും 2014ൽ അദ്ദേഹം തിരിച്ചുവന്നു. പിന്നീട് 2015 ലോകകപ്പ് നിയന്ത്രിച്ചവരുടെ നിരയിലും ബില്ലി ബൌഡന്‍ ഇടംപിടിച്ചു. 2015ൽ വീണ്ടും പാനലിൽ നിന്ന് പുറത്താക്കപ്പെട്ട ബില്ലി ബൌഡന്‍ 2016ൽ തന്‍റെ അമ്പയറിംഗ് കരിയര്‍ അവസാനിപ്പിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

Similar News