വെസ്റ്റ് ഇൻഡീസിന് ചരിത്രജയം; രണ്ടാം ടെസ്റ്റിൽ ആസ്ത്രേലിയയെ തകർത്തത് എട്ട് റൺസിന്
27 വർഷത്തിനുശേഷമാണ് ആസ്ത്രേലിയൻ മണ്ണിൽ വെസ്റ്റ് ഇൻഡീസ് ടെസ്റ്റിൽ ജയിക്കുന്നത്
ബ്രിസ്ബേൻ: ആസ്ത്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് എട്ട് റൺസിന്റെ ചരിത്രവിജയം. ഏഴ് വിക്കറ്റെടുത്ത ഷാമർ ജോസഫിന്റെ മിന്നും ബൗളിങ്ങാണ് ടീമിന് വിജയം നേടിക്കൊടുത്തത്.
27 വർഷത്തിനുശേഷമാണ് ആസ്ത്രേലിയൻ മണ്ണിൽ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തിൽ ജയിക്കുന്നത്. സ്കോർ: വെസ്റ്റ് ഇൻഡീസ് 311-10, 193-10. ആസ്ത്രേലിയ 289-9(ഡിക്ലയർ), 207-10.
രണ്ടാം ഇന്നിങ്സിൽ 216 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. 60-2 എന്ന നിലയിലാണ് നാലാം ദിനം ആതിഥേയർ ബാറ്റിങ് ആരംഭിച്ചത്. സ്റ്റീവ് സ്മിത്തും കാമറൂൺ ഗ്രീനുമായിരുന്നു ക്രീസിൽ. ടീം സ്കോർ 113ൽ എത്തിനിൽക്കെ കാമറൂൺ ഗ്രീൻ 42 റൺസെടുത്ത് പുറത്തായതോടെ ആസ്ത്രേലിയയുടെ തകർച്ച തുടങ്ങി.
പുറത്താകാതെ 91 റൺസെടുത്ത സ്റ്റീവൻ സ്മിത്താണ് ടോപ് സ്കോറർ. ആറ് താരങ്ങൾ രണ്ടക്കം കടക്കും മുമ്പെ പുറത്തായി.
വെസ്റ്റ് ഇൻഡീസിനായി അൽസാരി ജോസഫ് രണ്ടും ജസ്റ്റിൻ ഗ്രീവ്സ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ ടെസ്റ്റിൽ ആസ്ത്രേലിയ ജയിച്ചിരുന്നു. ഇതോടെ പരമ്പര സമനിലയിൽ കലാശിച്ചു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഫെബ്രുവരി രണ്ടിന് ആരംഭിക്കും.