രവി ശാസ്ത്രിയുടെ പകരക്കാരനായി ആര് വരും? പരിഗണനയിലുള്ള മൂന്നുപേർ ഇവരാണ്

തൽക്കാലം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയിൽ തന്നെ തുടരാനാണ് രാഹുൽ ദ്രാവിഡിന്റെ തീരുമാനം. ഇതോടെ രവി ശാസ്ത്രിക്ക് പകരക്കാരനായി ആരെത്തുമെന്ന ചർച്ച സജീവമാണ്

Update: 2021-08-23 11:43 GMT
Editor : Shaheer | By : Web Desk
Advertising

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ ആലോചിക്കുന്നില്ലെന്ന് രാഹുൽ ദ്രാവിഡ് വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. തൽക്കാലം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയിൽ തന്നെ തുടരാനാണ് 'ഇന്ത്യൻ വൻമതിലി'ന്റെ തീരുമാനം. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായതിനു പിറകെയാണ് ശാസ്ത്രിക്ക് പകരക്കാരനായി ദ്രാവിഡ് എത്തുമെന്ന തരത്തിൽ ചർച്ച സജീവമായത്. എന്നാൽ, അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ദ്രാവിഡ് നിലപാട് വ്യക്തമാക്കിയത്.

യുഎഇയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടുകൂടിയാണ് രവി ശാസ്ത്രിയുടെ കരാർ അവസാനിക്കുന്നത്. ഇതിനുമുൻപ് തന്നെ ശാസ്ത്രിയുടെ പകരക്കാരനെ ബിസിസിഐക്ക് കണ്ടെത്തേണ്ടതുണ്ട്. ദ്രാവിഡ് നിലപാട് വ്യക്തമാക്കിയതോടെ മറ്റു സാധ്യതകളെക്കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ. നിലവിൽ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് കോച്ചായ വിക്രം റാത്തോഡിന്റെ പേര് തന്നെയാണ് സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. എന്നാൽ, ഇതോടൊപ്പം വിവിധ ഐപിഎൽ ടീമുകളുടെ പരിശീലകന്മാരായ മഹേല ജയവർധനെ, ടോം മൂഡി, മൈക്ക് ഹെസ്സൻ, മുൻ താരങ്ങളായ വിരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്മണൻ എന്നിവരുടെ പേരും പരിഗണനയിലുണ്ടെന്നാണ് അറിയുന്നത്.

പരിശീലക സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കല്‍പിക്കപ്പെടുന്ന മൂന്നുപേരെ പരിചയപ്പെടാം.

വിക്രം റാത്തോഡ്


ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് അടക്കമുള്ള വിദേശ മണ്ണിൽ മികവ് തെളിയിച്ച ഇന്ത്യൻ ബാറ്റിങ് നിരയുടെ പരിശീലകനാണെന്നതുതന്നെയാണ് റാത്തോഡിനെ ഇപ്പോൾ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പ്രധാന യോഗ്യത. റാത്തോഡിന്റെ കീഴിൽ ഓസ്‌ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും മികച്ച പ്രകടനമാണ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ നടത്തിയത്.

ഓസ്‌ട്രേലിയയിൽ നടന്ന ഇന്ത്യയുടെ ഐതിഹാസിക ടെസ്റ്റ് വിജയം, ഇന്ത്യയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പര വിജയം, ഏറ്റവുമൊടുവിൽ ദിവസങ്ങൾക്കുമുൻപ് ലോർഡ്‌സിൽ നടന്ന ത്രസിപ്പിക്കുന്ന പോരാട്ടം.. ഇതുമൂന്നും മതി ഇന്ത്യൻ സംഘത്തിന്റെ ബാറ്റിങ് ആഴം എത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിയാൻ. ഇന്ത്യൻ വാലറ്റത്തിന്റെ ബാറ്റിങ് ചെറുത്തുനിൽപ്പ് കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ മൂന്നു ഘട്ടങ്ങളും. ഒരു കാലത്ത് മുൻനിര പരാജയപ്പെട്ടാൽ പിന്നാലെ മധ്യനിരയും വാലറ്റവും ചീട്ടുകൊട്ടാരം കണക്കെ തകർന്നടിയുന്ന ഇന്ത്യൻ ശീലമെല്ലാം തിരുത്തിയെഴുതിയിരിക്കുകയാണ് റാത്തോഡിനു കീഴിൽ ടീം ഇന്ത്യ.

ഓപണർ മുതൽ പതിനൊന്നാമൻ വരെയുള്ള ഇന്ത്യൻ താരങ്ങളെ ഓരോരുത്തരെയും അടുത്തറിയാമെന്നതു തന്നെയാണ് റാത്തോഡിന്റെ മറ്റൊരു യോഗ്യത. രോഹിത് ശർമയും വിരാട് കോഹ്ലിയുമടക്കമുള്ള സീനിയർ താരങ്ങൾ ഇപ്പോഴും തങ്ങളുടെ ബാറ്റിങ് കഴിവുകൾ മെച്ചപ്പെടുത്താൻ അദ്ദേഹത്തിനു കീഴിൽ നിരന്തരം അധ്വാനിച്ചുകൊണ്ടിരിക്കുന്നു. കരിയര്‍ തന്നെ അവസാനിക്കുമെന്നിടത്തുനിന്നുള്ള ഋഷഭ് പന്തിന്റെ തിരിച്ചുവരവിലും പങ്കുള്ളയാളാണ് റാത്തോഡ്. വാലറ്റക്കാരായ ദീപക് ചഹാര്‍, ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരെല്ലാം തങ്ങളുടെ ബാറ്റിങ് കഴിവുകൾ മെച്ചപ്പെടുത്താൻ തുടങ്ങിയത് റാത്തോഡിന്‍റെ കീഴിലാണ്.

1996-97 കാലഘട്ടത്തിൽ ഇന്ത്യൻ ജഴ്‌സിയണിഞ്ഞ താരമാണ് വിക്രം റാത്തോഡ്. ആറ് ടെസ്റ്റ് മത്സരങ്ങളും ഏഴ് ഏകദിനങ്ങളും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ 146 മത്സരങ്ങളിൽനിന്നായി 49.66 ശരാശരിയോടെ 11,473 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 1997ൽ ജോഹന്നാസ്ബർഗിൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു റാത്തോഡിന്റെ അവസാന അന്താരാഷ്ട്ര മത്സരം.

മഹേല ജയവർധനെ


ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനെ ഒരു മികച്ച ബാറ്റ്‌സ്മാന്മാൻ മാത്രമല്ല നല്ലൊരു പരിശീലകൻ കൂടിയാണെന്ന് തെളിയിച്ചതാണ്. ജയവർധനെയുടെ ക്രിക്കറ്റ് കരിയറിനെക്കുറിച്ച് ആർക്കും സംശയമുണ്ടാകില്ല.

എന്നാൽ, പരിശീലനത്തിലും ഒട്ടും പിന്നിലല്ല ജയവര്‍ധനെ. അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷം ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീലകനായായിരുന്നു കോച്ചിങ് കരിയറിന്റെ തുടക്കം. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലകനായാണ് ഇപ്പോൾ ഇന്ത്യൻ ആരാധകർക്ക് ജയവർധനയെ പരിചയം.

ജയവർധനെയ്ക്ക് കീഴിൽ മൂന്ന് ഐപിഎൽ കിരീടങ്ങളാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. നാലു തവണ ഫൈനലിലെത്തുകയും ചെയ്തു. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഖുൽന ടൈഗേഴ്‌സിന്റെ പരിശീലകനായുള്ള അനുഭവവും അദ്ദേഹത്തിനുണ്ട്.

രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ അടക്കമുള്ള സീനിയർ താരങ്ങളുമായി അടുത്ത ബന്ധം മറ്റൊരു ഘടകമാണ്. രവി ശാസ്ത്രിയുടെ പകരക്കാരനായി ഇന്ത്യൻ ടീമും ആരാധകരും ഒരുപോലെ കൊതിക്കുന്ന പേരാണ് ജയവർധനെ.

മൈക്ക് ഹെസ്സൻ


രവി ശാസ്ത്രിക്കു പകരക്കാരനായി ഉയർന്നുകേൾക്കുന്ന മറ്റൊരു പ്രധാന പേരാണ് ന്യൂസിലൻഡുകാരനായ മൈക്ക് ഹെസ്സന്റേത്. ന്യൂസിലൻഡിന്റെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാൾ. എന്നാൽ, ഐപിഎല്ലിൽ പഞ്ചാബ്, ബംഗ്ലൂർ ടീമുകളുടെ പരിശീലക സംഘത്തിലെ പ്രമുഖനെന്ന നിലയിലാണ് ഇന്ത്യൻ ആരാധകർക്ക് ഹെസ്സനെ ഏറെ പരിചയം. പഴയ പഞ്ചാബ് കിങ്‌സിന്റെ പരിശീലകനായിരുന്ന ഹെസ്സൻ നിലവിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപറേഷൻസ് വിഭാഗം ഡയരക്ടറാണ്. സൈമൻ കാറ്റിച്ച് മുഖ്യ പരിശീലക സ്ഥാനത്തുനിന്നു പിന്മാറിയതോടെ ഇനി ആ ചുമതലയും ഹെസ്സനായിരിക്കും.

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുമായുള്ള ആത്മബന്ധമായിരിക്കും ഹെസ്സന് അനുകൂലമാകുന്ന ഏറ്റവും പ്രധാന ഘടകം. കിവിസംഘത്തെ അതിന്റെ പ്രതാപകാലങ്ങളിലൊന്നിൽ പരിശീലിപ്പിച്ചയാളെന്ന നിലയിൽ പ്രതിഭകൾ കൊണ്ട് സമ്പന്നമായ ഇന്ത്യൻനിരയെക്കൊണ്ട് അത്ഭുതങ്ങൾ തീർക്കാൻ ഹെസ്സനാകും.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News