'ആകാശത്തൊരു സർപ്രൈസ്'; ദ്യോകോവിച്ചിനൊപ്പമുള്ള ചിത്രം പങ്കുവച്ച് എം.കെ സ്റ്റാലിൻ
സ്‌പെയിനിലേക്കുള്ള യാത്രക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.
ടെന്നീസ് ഇതിഹാസം നൊവാക് ദ്യോകോവിച്ചുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സ്‌പെയിനിലേക്കുള്ള യാത്രക്കിടെ ഫ്ലൈറ്റില്‍ വച്ചാണ് സ്റ്റാലിൻ ദ്യോകോവിച്ചിനെ കണ്ടുമുട്ടിയത്. 'ആകാശത്തൊരു സർപ്രൈസ്. സ്‌പെയിനിലേക്കുള്ള യാത്രക്കിടെ ടെന്നീസ് ഇതിഹാസം ദ്യോകോവിച്ചിനെ കണ്ടുമുട്ടിയപ്പോൾ' എന്ന തലവാചകത്തോടെയാണ് സ്റ്റാലിൻ ചിത്രം പങ്കു വച്ചത്. ഇന്ത്യയില്‍ ഒരു പ്രദര്‍ശന മത്സരം കളിക്കാനെത്തിയ ശേഷം മടങ്ങുകയായിരുന്നു ദ്യോകോവിച്ച്.
ഭാവിയില്‍ ഇനിയും ഇന്ത്യ സന്ദര്‍ശിക്കാനെത്തുമെന്ന് ദ്യോകോവിച്ച് പറഞ്ഞു. '' ഇതിന് മുമ്പ് ഒരു തവണ മാത്രമേ ഇന്ത്യയില്‍ വന്നിട്ടുള്ളൂ. അതും പത്തോ പതിനൊന്നോ വർഷം മുമ്പ്. ഇക്കുറി ഒരു പ്രദർശന മത്സരം കളിക്കാനാണ് ഡൽഹിയിലെത്തിയത്. ഭാവിയിൽ ഇനിയും ഇന്ത്യ സന്ദർശിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് ചരിത്രങ്ങളും സംസ്‌കാരവും ഉറങ്ങിക്കിടക്കുന്ന മനോഹരമായൊരു രാജ്യമാണിത്''- ദ്യോകോ പറഞ്ഞു.
ടെന്നീസ് ലോകത്ത് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയ റെക്കോര്‍ഡ് ദ്യോക്കോവിച്ചിന്‍റെ പേരിലാണ്. 24 ഗ്രാന്‍റ്സ്ലാം കിരീടങ്ങളാണ് താരത്തിന്‍റെ പേരിലുള്ളത്. ഇക്കുറി 25 ാം ഗ്രാന്‍റ് സ്ലാം ലക്ഷ്യമിട്ട് ആസ്ത്രേലിയന്‍ ഓപ്പണിനിറങ്ങിയ താരത്തിന് ജാനിക് സിന്നര്‍ സെമിയില്‍ മടക്കടിക്കറ്റ് നല്‍കിയിരുന്നു. ഇറ്റാലിയന്‍ താരമായ സിന്നര്‍ തന്നെയാണ് ആസ്ത്രേലിയന്‍ ഓപ്പണില്‍ പിന്നീട് കിരീടം ചൂടിയത്.
എട്ട് ദിവസത്തെ സന്ദർശനത്തിനായാണ് എം.കെ സ്റ്റാലിൻ സ്‌പെയിനിലേക്ക് തിരിച്ചത്. തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ നിക്ഷേപകരെ എത്തിക്കലാണ് ലക്ഷ്യം. ''ഈ യാത്രയിലൂടെ, യൂറോപ്യൻ യൂണിയൻ്റെ ശ്രദ്ധ ആകർഷിക്കാനും ആ രാജ്യങ്ങളിൽ നിന്നും ധാരാളം നിക്ഷേപങ്ങൾ കൊണ്ടുവരാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പ്രമുഖ നിക്ഷേപകരുടെ ഒരു നിക്ഷേപക സംഗമം സ്പെയിനിൽ നടത്തും. സ്പെയിനിൽ നിന്നുള്ള സംഘടനകളും സംരംഭകരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.''-സ്റ്റാലിന്‍ പറഞ്ഞു.