പി.സി.ബിയെ വിമർശിക്കാൻ ഐശ്വര്യ റായിയെ വലിച്ചിഴച്ചു; റസാഖിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല
റസാഖിന്‍റെ പരാമര്‍ശം കേട്ട് വേദിയിലിരിക്കുന്ന അഫ്രീദിയും ഉമര്‍ ഗുല്ലും കയ്യടിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം
ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ പാക് നായകന്‍ ബാബര്‍ അസമിനും പാക് ക്രിക്കറ്റ് ബോര്‍ഡിനുമെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. പാക് നായകന്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒന്നും പഠിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഷാഹിദ് അഫ്രീദി വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ പി.സി.ബിയെ വിമര്‍ശിച്ച് ഒരു പൊല്ലാപ്പില്‍ അകപ്പെട്ടിരിക്കുകയാണ് മുന്‍ പാക് ഓള്‍ റൗണ്ടർ അബ്ദുല്‍ റസാഖ്. ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിക്കാന്‍ ബോളിവുഡ് നടി ഐശ്വര്യ റായിയെ ഉപമിച്ചാണ് താരം രൂക്ഷവിമര്‍ശനമേറ്റു വാങ്ങിയത്. റസാഖിന്‍റെ വാക്കുകള്‍ ഇങ്ങനെ.
“എന്‍റെ അഭിപ്രായത്തിൽ കളിക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനോ അവരെ പ്രോത്സാഹിപ്പിക്കാനോ നമ്മള്‍ ഒന്നും ചെയ്യുന്നില്ല. ഐശ്വര്യ റായിയെ വിവാഹം കഴിച്ചാല്‍ നിങ്ങൾക്ക് സത് സ്വഭാവവും ധാർമ്മികതയും ഉള്ള കുട്ടി ഉണ്ടാകില്ല. അതിനാൽ, നിങ്ങൾ ആദ്യം നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ തിരുത്തണം''- റസാഖ് പറഞ്ഞു.
മുന്‍ പാക് താരങ്ങളായ ഉമര്‍ ഗുല്‍, ഷാഹിദ് അഫ്രീദി, സഈദ് അജ്മല്‍, കമ്രാന്‍ അക്മല്‍, ഷുഐബ് മാലിക് അടക്കമുള്ളവര്‍ അണിനിരന്ന ഒരു പാനല്‍ ചര്‍ച്ചക്കിടെയായിരുന്നു റസാഖിന്‍റെ വിവാദ പരാമര്‍ശം. റസാഖിന്‍റെ പരാമര്‍ശം കേട്ട് അരികിലിരുന്ന അഫ്രീദിയും ഉമര്‍ ഗുല്ലും കയ്യടിക്കുന്നതും കാണാം.
സംഭവത്തില്‍ രൂക്ഷവിമർശനം ഉയർന്നതോടെ ഉമർ ഗുൽ വിശദീകരണവുമായി രംഗത്തെത്തി. റസാഖ് പറഞ്ഞ കാര്യത്തോട് ഒരിക്കലും യോജിക്കുന്നില്ലെന്നും കയ്യടിച്ചത് സർകാസത്തിനാണെന്നും ഗുൽ കുറിച്ചു. റസാഖ് പറഞ്ഞ് ധാർമികമായി തെറ്റാണെന്നും ഗുൽ കൂട്ടിച്ചേര്‍ത്തു.