'ഈ ആരാധനാഭ്രാന്ത് സഹിക്കാനാവില്ല, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്'; രോഷാകുലനായി വിരാട് കോഹ്ലി

കോഹ്ലിക്ക് പിന്തുണയുമായി ഭാര്യയും നടിയുമായ അനുഷ്‌ക ശർമയും ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും എത്തി

Update: 2022-10-31 07:27 GMT
Editor : Lissy P | By : Web Desk
Advertising

പെർത്ത്: ഹോട്ടൽമുറിയിൽ അതിക്രമിച്ച് കടന്ന് വീഡിയോ പകർത്തിയതിനെതിരെ രോഷാകുലനായി ഇന്ത്യന്‍ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ആസ്‌ട്രേലിയയിൽ ട്വന്റി ട്വന്റി ലോകകപ്പിനെത്തിയ വിരാട് കോഹ്ലിയുടെ മുറിക്കുള്ളിൽ അതിക്രമിച്ചുകടന്നാണ് ആരാധകൻ വീഡിയോ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞാണ് കോഹ്ലി വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇത് ആരാധനയല്ലെന്നും ഭ്രാന്താണെന്നും ഹോട്ടൽ മുറിയിൽപ്പോലും സ്വകാര്യത ലഭിക്കുന്നില്ലെങ്കിൽ പിന്നെ എവിടെയാണ് തന്റെ വ്യക്തിപരമായ ഇടമുണ്ടാകുക എന്നും കോഹ്ലി ചോദിക്കുന്നു. എല്ലാവരുടെയും സ്വകാര്യതയെ മാനിക്കണമെന്നും അവരെ വിനോദത്തിനുള്ള ഉൽപ്പന്നമായി കണക്കാക്കരുതെന്നും അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു.

ഹോട്ടൽമുറിയിൽ കടന്നുകൂടിയ ആരാധകൻ കോഹ്ലിയുടെ ബാഗുകളും ചെരുപ്പുകളും വസ്ത്രങ്ങളുമെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. 

'ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോൾ വളരെ സന്തോഷവും ആവേശവും ഉണ്ടാവുകയും അവരെ കാണുമ്പോൾ ആവേശം കാണിക്കുകയും ചെയ്യുന്നെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഈ വീഡിയോ ഭയപ്പെടുത്തുന്നതാണ്, എന്റെ സ്വകാര്യതയെക്കുറിച്ച് വളരെ പരിഭ്രാന്തി തോന്നുന്നു. എന്റെ സ്വന്തം ഹോട്ടൽ മുറിയിൽ എനിക്ക് സ്വകാര്യത സാധ്യമല്ലെങ്കിൽ, എനിക്ക് വ്യക്തിപരമായ ഇടം എവിടെ നിന്ന് പ്രതീക്ഷിക്കാനാകും? ഇത്തരത്തിലുള്ള താരാരാധനയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും എനിക്ക് ശരിയല്ല. ദയവായി ആളുകളുടെ സ്വകാര്യതയെ മാനിക്കുക വിനോദത്തിനുള്ള ഉൽപ്പന്നായി അവരെ കാണരുത്....എന്നായിരുന്നു കോഹ്ലിയുടെ ഇൻസ്റ്റ്ഗ്രാം പോസ്റ്റ്.

കോഹ്ലിക്ക് പിന്തുണയുമായി ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയും ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും എത്തി. ഇത് തീർത്തും പരിഹാസ്യമാണ്..അംഗീകരിക്കാനാകില്ലെന്ന് ഡേവിഡ് വാർണർ കമന്റ് ചെയ്തു. ആരാധകരിൽ നിന്നും മുമ്പ് ഇത്തരത്തിൽ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്  ശരിക്കും മോശമായ കാര്യമാണ്. ഒരു മനുഷ്യനോട് കാണിക്കാനാവുന്ന തികഞ്ഞ അപമാനവും മനുഷ്യത്വ ലംഘനുവുാണിത്.'ആത്മനിയന്ത്രണം ശീലിക്കുന്നത് എല്ലാവരെയും സഹായിക്കും. ഇത് നിങ്ങളുടെ കിടപ്പുമുറിയിലാണ് സംഭവിച്ചതെങ്കിൽ എന്ന് ആലോചിക്കുകയെന്നും അനുഷ്‌ക ചോദിക്കുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News