'വനിതാ ക്രിക്കറ്റ് ടീമിന്‍റെ വിലക്ക്'; താലിബാന്‍ നിയന്ത്രണങ്ങളില്‍ അഫ്ഗാനിസ്താനെതിരെ നടപടിക്കൊരുങ്ങി ഐ.സി.സി
നിലവില്‍ വനിതാ ക്രിക്കറ്റ് ടീമില്ലാത്ത ഐ.സി.സി അംഗത്വമുള്ള ഏക രാജ്യം കൂടിയാണ് അഫ്ഗാനിസ്താന്‍.
യു.എ.ഇയില്‍ വെച്ച് തീരുമാനിച്ചിരുന്ന ഏകദിന പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറിയതിന് പിന്നാലെ അഫ്ഗാനിസ്താനെതിരെ നടപടിക്കൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍(ഐ.സി.സി). വിദ്യാഭ്യാസമുള്‍പ്പെടെയുള്ള സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങളില്‍ താലിബാന്‍ സ്വീകരിക്കുന്ന സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ടൂര്‍ണമെന്‍റ് ബഹിഷ്കരിച്ചത്.
ഇതിന് പിന്നാലെയാണ് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ നടപടിക്കൊരുങ്ങി ഐ.സി.സിയും രംഗത്തുവരുന്നത്. ഉന്നതവിദ്യാഭ്യാസം ലംഘനത്തിന് പുറമേ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും അഫ്ഗാനിസ്താന്‍ വനിതകള്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ വനിതാ ക്രിക്കറ്റ് ടീം പിരിച്ചുവിട്ടു. വനിതാ ക്രിക്കറ്റ് ടീമില്ലാത്ത ഏക ഐ.സി.സി രാജ്യം കൂടിയാണ് അഫ്ഗാനിസ്താന്‍. ഇന്നലെ ആരംഭിച്ച അണ്ടര്‍-19 വനിത ടി ട്വന്‍റി ലോകകപ്പില്‍ പങ്കെടുക്കാത്ത ഐ.സി.സി അംഗത്വമുള്ള ഏക രാജ്യവും അഫ്ഗാനിസ്താനാണ്.
മാർച്ചിൽ നടക്കാനിരിക്കുന്ന ഐ.സി.സിയുടെ ക്രിക്കറ്റ് ബോഡി യോഗത്തിൽ അഫ്ഗാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഒന്നിലധികം കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നടപടിയെടുക്കാന്‍ സാധ്യതയുണ്ടെെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.സി.സി ഫുള്‍ മെംബര്‍ഷിപ്പ് ഉള്ള ഒരു രാജ്യത്തിന്‍റെ ക്രിക്കറ്റ് ബോര്‍ഡിന് വനിതാ ക്രിക്കറ്റ് ടീമിനെ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുപ്പിക്കാനും ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ഉത്തരവാദിത്തമുണ്ട്. അതില്‍ ബോര്‍ഡ് പരാജയപ്പെട്ടു. തങ്ങളുടെ കീഴിലുള്ള എല്ലാ രാജ്യങ്ങള്‍ക്കും പുരുഷ-വനിതാ ടീമുകൾ ഉണ്ടായിരിക്കണമെന്ന നിയമാവലിക്ക് വിരുദ്ധമായിട്ടാണ് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ പ്രവർത്തിയെന്നും ഐ.സി.സി വിലയിരുത്തുന്നു
അഫ്ഗാനിസ്താനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച ഓസ്ട്രേലിയ അന്ന് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്. 'അഫ്ഗാനിസ്താന്‍ ഉള്‍പ്പെടെ ലോകത്തെമ്പാടുമുള്ള പുരുഷന്മാരുടെയും വനിതകളുടെയും ക്രിക്കറ്റ് നിലവാരം ഉയര്‍ത്തുന്നതില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്നും പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മെച്ചപ്പെട്ട സാഹചര്യങ്ങള്‍ ഉറപ്പുവരുത്താന്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഇനിയും ചര്‍ച്ചകള്‍ തുടരും'. ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തു.
"അഫ്ഗാനിസ്താനില്‍ സമീപകാലത്ത് നടന്ന സംഭവവികാസങ്ങളിൽ ഞങ്ങൾ ആശങ്കാകുലരാണ്, ഇതിന്‍റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് അടുത്ത മീറ്റിങില്‍ വിശദമായി സംസാരിക്കും, അഫ്ഗാനിസ്താനില്‍ സ്ത്രീകളും പുരുഷന്മാരും ക്രിക്കറ്റ് കളിക്കുന്നത് കാണാനുള്ള ഞങ്ങളുടെ ലക്ഷ്യം മറ്റ് ലോക കായിക സംഘടനകളുമായും ചര്‍ച്ച ചെയ്യും. " ഐ.സി.സി വക്താവ് ക്രിക്ബസിനോട് പറഞ്ഞു.
അഫ്ഗാനിസ്താനില്‍ സ്ത്രീകളും പുരുഷന്മാരും സുരക്ഷിതമായി ക്രിക്കറ്റ് കളിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും രാജ്യത്തെ ക്രിക്കറ്റ് മത്സരങ്ങള്‍ പുരോഗതിയിലേക്കെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോർഡിനെ പിന്തുണയ്ക്കുക എന്നത് അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്‍റെ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.