ആകാശ് കോൺഫിഡന്‍റാണ്; റിവ്യൂവിൽ അമ്പരന്ന് രോഹിത്

ആകാശെറിഞ്ഞ ഒരു ലെങ്ത് ബോൾ ഫ്ലിക്ക് ചെയ്യാനുള്ള ശദ്മന്റെ ശ്രമം പാളി പാഡിൽ കൊള്ളുകയായിരുന്നു

Update: 2024-09-27 13:43 GMT
Advertising

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ തന്‍റെ തീപ്പന്തുമായി ഒരിക്കൽ കൂടി ആകാശ് ദീപ് എന്ന 27 കാരൻ അവതരിച്ചു. മഴയെടുത്ത ഒന്നാം ദിനം വീണ മൂന്നിൽ രണ്ട് വിക്കറ്റും ആകാശിന്റെ പോക്കറ്റിലായിരുന്നു. ഒമ്പതാം ഓവറിൽ സാകിർ ഹുസൈനെ സംപൂജ്യനാക്കി വീഴ്ത്തിയ ആകാശ് 13ാം ഓവറിൽ ശദ്മൻ ഇസ്ലാമിനെ വിക്കറ്റിന് മുന്നിൽ കുടുക്കി. ഈ വിക്കറ്റ് കളിയിൽ താരത്തിന്റെ ആത്മവിശ്വാസത്തെ കൂടി കാണിച്ച് തന്നു.

ആകാശെറിഞ്ഞ ഒരു ലെങ്ത് ബോൾ ഫ്ലിക്ക് ചെയ്യാനുള്ള ശദ്മന്റെ ശ്രമം പാളി പാഡിൽ കൊണ്ടു. എന്നാൽ വിക്കറ്റിനായുള്ള ആകാശിന്‍റെ അപ്പീൽ അമ്പയർ അവഗണിച്ചു. അത്  ഔട്ടല്ലെന്നായിരുന്നു അമ്പയറുടെ പക്ഷം. ആകാശ് രോഹിത് ശർമയോട് റിവ്യൂ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ രോഹിതിനും സഹതാരങ്ങൾക്കും ആ റിവ്യൂവിൽ അത്രക്ക് കോൺഫിഡൻസുണ്ടായിരുന്നില്ല.ഒടുവിൽ ഇന്ത്യൻ നായകൻ റിവ്യൂ നല്‍കാന്‍ തന്നെ തീരുമാനിച്ചു.

റീപ്ലേ ദൃശ്യങ്ങൾ എത്തിയതോടെ പന്ത് ലെഗ് സ്റ്റമ്പിന് നേരെയാണെന്ന് വ്യക്തമായി. സ്‌ക്രീനിലേക്ക് കണ്ണും നട്ടിരുന്ന രോഹിത് ശർമ അമ്പരപ്പോടെ ആകാശിനെ അഭിനന്ദിക്കുന്ന ദൃശ്യങ്ങൾ പിന്നീട് വൈറലായി. മറ്റ് സഹതാരങ്ങളും താരത്തെ പൊതിയുന്നത് കാണാമായിരുന്നു.

കാൺപൂർ ടെസ്റ്റിൽ രസംകൊല്ലിയായി മഴയെത്തിയപ്പോള്‍ വെറും 35 ഓവർ മാത്രമെറിഞ്ഞ് ഒന്നാം ദിനം കളിയവസാനിപ്പിച്ചു. 107 റൺസെടുക്കുന്നതിനിടെ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. 

കളിയില്‍ ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒമ്പതാം ഓവറിൽ ഓപ്പണർ സാകിർ ഹുസൈനെ സംപൂജ്യനാക്കി മടക്കിയാണ് ആകാശ് ദീപ് ബംഗ്ലാദേശിന് ആദ്യ പ്രഹരമേൽപ്പിച്ചത്. 24 പന്ത് നേരിട്ട ശേഷമായിരുന്നു സാകിറിന്റെ മടക്കം. നാലോവറുകൾക്കിപ്പുറം ശദ്മൻ ഇസ്ലാമിനെയും ആകാശ് കൂടാരം കയറ്റി. പിന്നീട് ക്രീസിൽ നിലയുറപ്പിച്ച മുഅ്മിനുൽ ഹഖും നജ്മുൽ ഹുസൈൻ ഷാന്റോയും ചേര്‍ന്ന് ബംഗ്ലാദേശ് സ്‌കോർബോർഡ് ഉയർത്തി.

മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 51 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ ആദ്യ ടെസ്റ്റിലെ ഹീറോ ആർ അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. ഷാന്റോയെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. പിന്നീടാണ് രസംകൊല്ലിയായി മഴയുടെ രംഗപ്രവേശം. പത്തോവർ എറിഞ്ഞ ആകാശ് ദീപ് 34 റൺസ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഇതിൽ നാലോവറുകൾ മെയിഡിനായിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News