'ഇസ്രായേല്‍ താരവുമായി ഏറ്റുമുട്ടില്ല'; ഒളിംപിക്സില്‍ നിന്ന് പിന്മാറിയ ജൂഡോ താരത്തിന് 10 വര്‍ഷം വിലക്ക്
ഫലസ്തീന്‍ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ താരത്തിനെതിരായ പോരാട്ടത്തില്‍ നിന്നും പിന്മാറുകയാണെന്ന് മത്സരത്തിന് നാല് ദിവസം മുമ്പാണ് ഫെതി വ്യക്തമാക്കിയത്
ടോക്യോ ഒളിംപിക്സിൽ ഇസ്രയേൽ താരവുമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കാൻ പിൻമാറിയ അൾജീരിയൻ ജൂഡോ താരത്തിനും പരശീലകനും പത്ത് വർഷത്തെ വിലക്ക്. മൂന്ന് തവണ ആഫ്രിക്കൻ ചാമ്പ്യനായ അൽജീരിയൻ താരം ഫെതി നൗറിനെയും പരിശീലകനെയുമാണ് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍ വിലക്കിയത്.
ഇസ്രയേൽ താരം തോഹാർ ബത്ബുല്ലിനെ നേരിടുന്നത് ഒഴിവാക്കാനാണ് 30 കാരനായ ഫെതി ടോക്യോ ഒളിംപിക്സിൽ നിന്നും പിന്മാറിയത്. ജൂലൈ 24ന് സുഡാനീസ് താരം മുഹമ്മദ് അബ്ദൽ റസൂലുമായായിരുന്നു ടോക്യോ ഒളിംപിക്സിലെ ഫെതിയുടെ ആദ്യ റൗണ്ട് പോരാട്ടം. എന്നാൽ ഈ മത്സരം ജയിച്ചാൽ രണ്ടാം റൗണ്ടിൽ ഇസ്രയേൽ താരത്തെ എതിരാളിയായി ലഭിക്കുമെന്നതിനാലാണ് 73 കിലോഗ്രം വിഭാഗത്തിലെ മത്സരത്തിൽ നിന്ന് ഫെതി പിന്മാറിയത്.
ഫലസ്തീന്‍ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഇസ്രയേൽ താരത്തിനെതിരായ പോരാട്ടത്തില്‍ നിന്നും പിന്മാറുകയാണെന്ന് മത്സരത്തിന് നാല് ദിവസം മുമ്പാണ് ഫെതി വ്യക്തമാക്കിയത്.
പിന്നാലെ ഫെതിയുടേയും പരിശീലകന്‍റെയും അംഗീകാരം റദ്ദാക്കിയ അൽജീരിയൻ ഒളിംപിക് കമ്മിറ്റി ഇരുവരെയും നാട്ടിലേക്കു തിരിച്ചയച്ചു. 2019ലെ ജൂഡോ ലോക ചാമ്പ്യന്‍ഷിപ്പിൽ നിന്ന് ഇതേ കാരണത്താൽ പിന്മാറിയ താരമാണു ഫെതി. ഒളിംപിക് ചട്ടങ്ങളുടെ ലംഘനമാണ് ഫെതി നടത്തിയത് എന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും കണ്ടെത്തിയിരുന്നു.