ടൈംഡ് ഔട്ട് എടുക്കട്ടേ...; മാത്യൂസിന്‍റെ മധുരപ്രതികാരം

31ാം ഓവറിലാണ് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഷാകിബിനെ മാത്യൂസ് പുറത്താക്കിയത്

Update: 2024-06-12 03:59 GMT
Advertising

ന്യൂഡൽഹി: ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍‌വമായൊരു വിക്കറ്റിനാണ് ഇന്ന് ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം വേദിയായത്. അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ 'ടൈംഡ് ഔട്ടി'നിരയായത് ശ്രീലങ്കൻ വെറ്ററൻ താരം എയ്ഞ്ചലോ മാത്യൂസ്. ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഡൽഹിയിൽ നടക്കുന്ന മത്സരത്തിനിടെയാണ് വിചിത്രമായ ചരിത്രം പിറന്നത്. ഒരു പന്തും നേരിടാതെയായിരുന്നു താരത്തിനു തിരിച്ച് ഡ്രെസിങ് റൂമിലേക്കു തന്നെ മടങ്ങേണ്ടിവന്നത്.

ഇപ്പോഴിതാ ഇതേ മത്സരത്തില്‍ തന്നെ ബംഗ്ലാദേശ് നായകന്‍ ഷാകിബുല്‍ ഹസനോട് മധുരപ്രതികാരം ചെയ്തിരിക്കുകയാണ് മാത്യൂസ്. മത്സരത്തില്‍ 82 റണ്‍സെടുത്ത്  സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഷാകിബിന്‍റെ വിക്കറ്റ് വീഴ്ത്തിയ മാത്യൂസ് ഷാകിബിനെ നോക്കി സമയം ചോദിക്കുന്നത് പോലെ കയ്യിലേക്ക് വിരല്‍ ചൂണ്ടി. തൊട്ടടുത്ത ഓവറില്‍ 90 റണ്‍സെടുത്ത നജ്മുല്‍ ഹുസൈന്‍ ഷാന്‍റോയുടെ കുറ്റിയും മാത്യൂസ് തെറിപ്പിച്ചു.  

ശ്രീലങ്കന്‍ ഇന്നിങ്സിലെ  25-ാം ഓവറിലായിരുന്നു ആരാധകരെ ഞെട്ടിച്ച  സംഭവം അരങ്ങേറിയത്. ബംഗ്ലാ ക്യാപ്റ്റൻ ഷാക്കിബുൽ ഹസൻ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ സദീര സമരവിക്രമ പുറത്ത്. അഞ്ചാമനായി എയ്ഞ്ചലോ മാത്യൂസ് ഗ്രൗണ്ടിലെത്തുന്നു. എന്നാൽ, ഹെൽമെറ്റിൽ എന്തോ അസ്വാഭാവികത തോന്നി പുതിയത് കൊണ്ടുവരാൻ താരം ആവശ്യപ്പെടുന്നു. അംപയറോടോ ബംഗ്ലാദേശ് ക്യാപ്റ്റനോടോ അനുവാദം തേടാതെയായിരുന്നു മറ്റൊരു ഹെൽമെറ്റ് എത്തിക്കാൻ മാത്യൂസ് ആവശ്യപ്പെട്ടത്.

സബ്സ്റ്റിറ്റ്യൂട്ട് താരം ഹെൽമെറ്റുമായി എത്താൻ വൈകിയതോടെ അംപയർ ഇടപെട്ടു. പിന്നാലെ ബംഗ്ലാദേശ് 'ടൈം ഔട്ടി'നായി അപ്പീൽ ചെയ്തു. തുടർന്നു നടത്തിയ പരിശോധനയിൽ പുതിയ ബാറ്റർ ക്രീസിലെത്തേണ്ട നിശ്ചിതസമയമായ രണ്ടു മിനിറ്റും കഴിഞ്ഞിട്ടുണ്ടെന്നു വ്യക്തമായതോടെ അംപയർ ഔട്ട് വിളിക്കുന്നു. അംപയറുമായും ബംഗ്ലാ താരങ്ങളുമായും വാക്കുതർക്കമുണ്ടായെങ്കിലും താരത്തിനു തിരിച്ചുമടങ്ങേണ്ടിവന്നു. സംഭവത്തിനു പിന്നാലെ സോഷ്യൽ മീഡിയയിലടക്കം നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദം പുകയുകയാണ്.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News