'കോഹ്ലി അവർക്കെതിരെ കളിച്ചിരുന്നെങ്കിൽ സച്ചിന്റെ റെക്കോർഡൊക്കെ പഴങ്കഥയായേനെ'; ബാബറിനെതിരെ ആമിറിന്‍റെ ഒളിയമ്പ്
കോഹ്ലിയുമായി മറ്റു താരങ്ങളെ താരതമ്യം ചെയ്യുന്നത് പോലും ശരിയല്ലെന്ന് ആമിർ
ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ സെഞ്ച്വറി റെക്കോർഡ് മറികടക്കാൻ വിരാട് കോഹ്ലിക്ക് ഇനി ഒറ്റ സെഞ്ച്വറി കൂടെ മതി. ഈ ലോകകപ്പിൽ മികച്ച രീതിയിൽ ബാറ്റുവീശുന്ന കോഹ്ലി ശ്രീലങ്കക്കെതിരെ ഈ റെക്കോർഡിനരികിൽ എത്തിയിരുന്നെങ്കിലും സെഞ്ചുറിയിലെത്തും മുമ്പേ വീണു.
ഇപ്പോഴിതാ കോഹ്ലിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് താരം മുഹമ്മദ് ആമിർ. കോഹ്ലിയുമായി മറ്റു താരങ്ങളെ താരതമ്യം ചെയ്യുന്നത് പോലും ശരിയല്ലെന്ന് ആമിർ പറഞ്ഞു. കുഞ്ഞൻ ടീമുകൾക്കെതിരെ കളിച്ചിരുന്നെങ്കിൽ കോഹ്ലി പണ്ടേ സച്ചിന്റെ റെക്കോർഡ് പഴങ്കഥയാക്കിയേനെ എന്ന് ആമിർ കൂട്ടിച്ചേർത്തു.
''എന്തിനാണ് വിരാട് കോഹ്ലിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഈ താരതമ്യങ്ങളൊക്കെ അസംബന്ധങ്ങളാണ്. കോഹ്ലി നെതർലാന്റ്‌സ് നേപ്പാൾ, സിംബാവെ, ബംഗ്ലാദേശ് പോലെ കുഞ്ഞൻ ടീമുകൾക്കെതിരെ പരമ്പര കളിച്ചിരുന്നെങ്കിൽ സച്ചിന്റെ റെക്കോർഡുകൾ എന്നോ പഴങ്കഥയാക്കിയേനെ. ഈ ടീമുകൾക്കെതിരെയൊന്നും അദ്ദേഹം പരമ്പര കളിക്കാറില്ലല്ലോ''- ആമിര്‍ പറഞ്ഞു
ബാബര്‍ അസം റാങ്കിങ്ങില്‍ മുന്നിലെത്തുന്നത് കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ പരമ്പര കളിക്കുന്നത് കൊണ്ടാണെന്ന് ആമിര്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.''റാങ്കിങ് ഓരോ ആഴ്ചയും മാറിക്കൊണ്ടിരിക്കും. 40 മാച്ചുകളിൽ നിങ്ങൾ കളിക്കുന്നു. ചില മത്സരങ്ങളിൽ 25, ചിലതിൽ 50, ചിലതില്‍ 70 ഒക്കെ സ്‌കോർ ചെയ്താൽ നിങ്ങൾക്ക് റാങ്കിങ്ങിൽ മുന്നിലെത്താം.ബട്‌ലർ, മില്ലർ,ഡീക്കോക്ക് തുടങ്ങിയ താരങ്ങളൊന്നും റാങ്കിങ്ങിൽ മുന്നിലെത്താത്തത് എന്ത് കൊണ്ടാണ്. കുഞ്ഞൻ ടീമുകൾക്കൊപ്പം പരമ്പര വരുമ്പോൾ അവർ കളിക്കില്ല. മറ്റുള്ളവർക്ക് അവസരം നൽകും. അപ്പോൾ റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാവില്ല. ബാബർ കുഞ്ഞന് ടീമുകൾക്കെതിരെ കളിച്ചാണ് റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കുന്നത്.''- ആസിഫ് ഒരു ടി.വി ഷോക്കിടെ പറഞ്ഞു.