പന്തെവിടെ!! അമ്പരപ്പിച്ച് ബ്രൂക്കിന്‍റെ വിക്കറ്റ്
മത്സരത്തിന്‍റെ 38 ാം ഓവറിലാണ് ഹാരി ബ്രൂക്കിനെ ഇംഗ്ലണ്ടിന് നഷ്ടമായത്
ബര്‍മിങ്ഹാം: ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ ആഷസ് പരമ്പരയിലെ ആദ്യ മത്സരം ബർമിങ്ഹാമിൽ ആവേശകരമായി പുരോഗമിക്കുകയാണ്. ചിരവൈരികളുടെ പോരാട്ടത്തിൽ ആദ്യദിനം ചില സർപ്രൈസ് കാഴ്ചകൾക്കും സാക്ഷിയായി. ആഷസില്‍ പുതിയ 'ബേസ്ബാള്‍' ക്രിക്കറ്റ് അവതരിപ്പിക്കപ്പെട്ട ദിനത്തിൽ വമ്പൻ സ്‌കോറിലെത്തുംമുൻപ് 'ഡിക്ലയർ' ചെയ്ത് ആതിഥേയർ ആരാധകരെ ഞെട്ടിച്ചു കളഞ്ഞു. എട്ടിന് 393 എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. മറുപടി ബാറ്റിങ്ങിൽ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന്‍റെ വിക്കറ്റ് വീഴ്ത്തിയത് ഓസീസ് സ്പിന്നര്‍ നേഥന്‍ ലിയോണായിരുന്നു. ആരാധകരെ അമ്പരപ്പിച്ച ഈ വിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. മത്സരത്തിന്‍റെ 38 ാം ഓവറിലാണ് ഹാരി ബ്രൂക്കിനെ ഇംഗ്ലണ്ടിന് നഷ്ടമായത്. ഏറെ നിര്‍ഭാഗ്യകരമായ ഈ പുറത്താകല്‍ ഇങ്ങനെ.
ലിയോണ്‍ എറിഞ്ഞ പന്ത് പ്രതിരോധിക്കുന്നതിനിടെ ബ്രൂക്കിന്‍റെ കാലില്‍ തട്ടി ഉയര്‍ന്നു പൊങ്ങി. പന്ത് എങ്ങോട്ടാണ് പോയതെന്ന് വിക്കറ്റ് കീപ്പര്‍ക്കും ബ്രൂക്കിനും ഫീല്‍ഡര്‍മാര്‍ക്കും മനസ്സിലായില്ല. പെട്ടെന്ന് താഴ്ന്നിറങ്ങിയ പന്ത് ബ്രൂക്കിന്‍റെ തന്നെ കാലില്‍ തട്ടി കുറ്റി തെറിപ്പിച്ചു. 37 പന്തില്‍ 32 റണ്‍സുമായി മികച്ച ഫോമില്‍ ബാറ്റ് വീശിക്കൊണ്ടിരിക്കേയാണ് ബ്രൂക്കിന്‍റെ നിര്‍ഭാഗ്യകരമായ പുറത്താവല്‍. ഇത് ആരാധകരെ ഏറെ നിരാശയിലാഴ്ത്തുകയും ചെയ്തു.