പരിശീലകനായും ടീമംഗമായും കിരീടനേട്ടം; ഐ.പി.എല്ലില്‍ മുത്തമിടുന്ന ആദ്യ ഇന്ത്യന്‍ പരിശീലകന്‍... ചരിത്രനേട്ടവുമായി ആശിഷ് നെഹ്റ

കറുത്ത കുതിരകളായി അരങ്ങേറി ഐ.പി.എല്‍ കിരീടം സ്വന്തമാക്കി വരവറിയിച്ച ഗുജറാത്ത് ടൈറ്റന്‍സിനെ മുന്നില്‍ നിന്നു നയിച്ചത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണെങ്കില്‍ തന്ത്രം മെനഞ്ഞ് പിന്നില്‍ നിന്ന് കളിയൊരുക്കിയത് ആശിഷ് നെഹ്റയാണ്.

Update: 2022-05-30 06:33 GMT
Advertising

കറുത്ത കുതിരകളായി അരങ്ങേറി ഐ.പി.എല്‍ കിരീടം സ്വന്തമാക്കി വരവറിയിച്ച ഗുജറാത്ത് ടൈറ്റന്‍സിനെ മുന്നില്‍ നിന്നു നയിച്ചത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണെങ്കില്‍ തന്ത്രം മെനഞ്ഞ് പിന്നില്‍ നിന്ന് കളിയൊരുക്കിയത് ആശിഷ് നെഹ്റയാണ്. ഒരുകാലത്ത് ഇന്ത്യയുടെ പേസ് കുന്തമുനയായിരുന്ന നെഹ്റ പരിശീലകനായുള്ള തന്‍റെ പുതിയ റോള്‍ ഗംഭീരമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ പരിശീലകനെന്ന നേട്ടവും ഇതോടെ നെഹ്റക്ക് സ്വന്തമായി. ടീമംഗമായും പരിശീലകനായും ഐപിഎല്‍ കിരീടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് നെഹ്റ, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരവും.

റിക്കി പോണ്ടിങ്ങും ഷെയിൻ വേണുമാണ് കളിക്കാരനായും പരിശീലകനായും ഇതിന് മുൻപ് ഐ.പി.എൽ കിരീടം നേടിയത്. ആറ് വർഷങ്ങൾക്ക് മുൻപാണ് ടീമംഗമായി ആശിഷ് നെഹ്റ കിരീടം നേടിയത്. അന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിന്‍റെ താരമായിരുന്ന നെഹ്റ ഡേവിഡ് വാർണറുടെ ക്യാപ്റ്റന്‍സിയിലാണ് കിരീടം നേടിയത്.

അരങ്ങേറ്റ സീസണില്‍ത്തന്നെ ഐ.പി.എല്‍ കിരീടം സ്വന്തമാക്കി വരവറിയിച്ച ഗുജറാത്ത് ടൈറ്റന്‍സിനെയും മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെയും പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കന്നി കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ പരാജയപ്പെട്ട മുംബൈ താരത്തില്‍ നിന്ന് ഗുജറാത്തിന്‍റെ നായകസ്ഥാനത്തേക്കുള്ള ഹര്‍ദിക് പാണ്ഡ്യയുടെ അവിശ്വസനീയമായ ട്രാന്‍സ്ഫര്‍മേഷനില്‍ കണ്ണുതള്ളിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. രാജസ്ഥാനെതിരായ കന്നി ഐ.പി.എല്‍ ഫൈനലിൽ ലോകക്രിക്കറ്റിൽത്തന്നെ പയറ്റിത്തെളിഞ്ഞ ഒരു നായകനെപ്പോലെയായിരുന്നു അയാൾ നിലമൊരുക്കിയത്. ഒരു ചെസ് വിദഗ്ധനെക്കാള്‍ വേഗത്തില്‍ അയാള്‍ കരുക്കള്‍ നീക്കി. നിലയുറപ്പിച്ചാല്‍ ഏറ്റവും അപകടകാരികളായ റോയല്‍സ് ബാറ്റിങ് നിരയെ ഹര്‍ദിക് പാണ്ഡ്യ വരച്ച വരയില്‍ നിര്‍ത്തി. ഒരിക്കല്‍പ്പോലും ആ വരമ്പുകള്‍ക്കപ്പുറം കടക്കാന്‍ അയാള്‍ അനുവദിച്ചില്ല. ഹര്‍ദിക് ഒരുക്കിയ ചക്രവ്യൂഹം ഭേദിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം റോയല്‍സിനു വിക്കറ്റ് നഷ്ടപ്പെടുത്തേണ്ടി വന്നു. ഒന്നുറപ്പാണ് ഈ ഐ.പി.എൽ സീസണില്‍ കിരീടത്തിനര്‍ഹന്‍ ഹർദിക് പാണ്ഡ്യയെന്ന നായകന്‍ തന്നെയാണ്. അല്ലെങ്കില്‍ അയ്യാള്‍ മാത്രമായിരിക്കും ആ കിരീടത്തിന്‍റെ അവകാശിയെന്ന് പറയേണ്ടിവരും.

ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ഹർദിക് ഒട്ടും നിരാശനയില്ല. ടോസ് ലഭിച്ച സന്തോഷമായിരുന്നു ഹര്‍ദിക്കിന്‍റെ മുഖത്ത്, ഒരുപക്ഷേ ടോസ് കിട്ടിയിരുന്നെങ്കിലും ഗുജറാത്ത് ബൌളിങ് തന്നെ തെരഞ്ഞെടുത്തേനെയെന്നും ഹര്‍ദിക് വ്യക്തമാക്കി.പിന്നീങ്ങോട്ട് കണ്ടത് ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍റെ ഏറ്റവും മികച്ച നീക്കങ്ങളാണ്. ഒരൊറ്റ രാജസ്ഥാൻ ബാറ്ററെ പോലും സെറ്റിൽ ആകാൻ അനുവദിക്കാതെ അയാള്‍ ബൌളർമാരെ ഉപയോഗിച്ചു. വിക്കറ്റുകള്‍ വീണ് പുതിയ ബാറ്റർ ക്രീസിലേക്കെത്തുമ്പോള്‍ അതിനനുസരിച്ചു ബൌളിങ് ചേഞ്ചും ഫീല്‍ഡിങ് ചേഞ്ചും വരുത്തി, മുന്നില്‍ നിന്ന് നയിച്ചു, സ്വയം മൂന്ന് വിക്കറ്റ് എടുത്തു.

ഐ.പി.എല്‍ താരലേലത്തിനിടെ കളിനിരീക്ഷകരില്‍ പലരും എഴുതിത്തള്ളിയ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. പക്ഷേ ഓള്‍റൗണ്ട് മികവു കൊണ്ട് ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കറുത്ത കുതിരകളാകുകയായിരുന്നു ടൈറ്റന്‍സ്. പലരുടേയും പ്രതീക്ഷകളെ വമ്പന്‍ അട്ടിമറികളിലൂടെ മറികടന്നാണ് അവര്‍ അരങ്ങേറ്റ സീസണില്‍ത്തന്നെ കിരീടനേട്ടം ആഘോഷമാക്കിയത്. രാഹുല്‍ തെവാട്ടിയയെന്ന ഓള്‍റൌണ്ടര്‍ക്കായി ഗുജറാത്ത് ഒന്‍പത് കോടി രൂപ മുടക്കിയത് ശരിക്കും ഏവരെയും ഞെട്ടിച്ചിരുന്നു, ക്രിക്കറ്റ് ട്രോളന്മാര്‍ അത് ആഘോഷമാക്കുകയും ചെയ്തു. ടീമിന്‍റെ ബാറ്റിങ് നിരയുടെ നെടുന്തൂണാകുമെന്ന് കരുതി ലേലത്തിലെടുത്ത ജേസണ്‍ റോയ് സീസണ്‍ തുടങ്ങും മുന്‍പേ പിന്മാറിയതും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചു. പക്ഷേ ആദ്യ കളിക്ക് ടോസ് വീണതോടെ കളം മാറി. കളിയാക്കിയവരെക്കൊണ്ട് കൈയ്യടിക്കെടാ എന്ന് പറയിപ്പിച്ചായിരുന്നു രാഹുല്‍ തെവാട്ടിയ ഗ്രൌണ്ടില്‍ മാലപ്പടക്കത്തിന് തീകൊളുത്തിയത്. ആറാം നമ്പറില്‍ ക്രിസീലെത്തുന്ന അയാള്‍ ടീം കൂറ്റന്‍ സ്‌കോറുകള്‍ പിന്തുടരുമ്പോള്‍ ആത്മവിശ്വാസത്തോടെ എതിരാളികളെ അടിച്ചുതകര്‍ത്തു.

എല്ലാവരും സംശയത്തോടെ നോക്കിക്കണ്ടിരുന്ന മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലെ ബൗളിംഗ് യൂണിറ്റ് കൂടി ക്ലിക്കായതോടെ ഗുജറാത്ത് സന്തുലിത ടീമായി. തീതുപ്പുന്ന പന്തുകളുമായി ലോക്കി ഫെര്‍ഗൂസന്‍ കൂടിയെത്തിയതോടെ അവര്‍ ചാമ്പ്യന്‍ പട്ടത്തിലേക്ക് എതിരാളികളില്ലാതെ കുതിച്ചു. റാഷിദ് ഖാന്‍റെ കറങ്ങിത്തിരിയുന്ന പന്തുകളിലാകട്ടെ ആക്രമിക്കണോ വിക്കറ്റ് സംരക്ഷിക്കണോ എന്നാലോചിച്ച് ബാറ്റര്‍മാര്‍ വട്ടം കറങ്ങി.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News