ബാറ്റ് തലവര മാറ്റുമോ...? കോഹ്‍ലി ഏഷ്യാ കപ്പിനെത്തുന്നത് പുതിയ ബാറ്റുമായി

22,000 രൂപയോളം വിലവരുന്ന ബാറ്റുമായാണ് കോഹ്‍ലി ഇത്തവണ ഏഷ്യാകപ്പിനെത്തുന്നത്.

Update: 2022-08-25 03:27 GMT
Advertising

വിരാട് കോഹ്‍ലിയുടെ ഫോമിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ് കുറച്ച് കാലങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ നടക്കുന്നത്. കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് ഇന്ത്യയുടെ സൂപ്പർ താരം കടന്നുപോകുന്നതെന്നത് സംശയമില്ലാത്ത കാര്യമാണ്. കോഹ്‍ലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ച്വറി പിറന്നിട്ട് ആയിരം ദിവസങ്ങള്‍ കഴിഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു.

ഏഷ്യാ കപ്പിലെങ്കിലും കോഹ്‍ലി ഫോമിലേക്ക് മടങ്ങിയെത്തിയില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ കരിയറിനെത്തന്നെ അത് ബാധിക്കും. ആസ്‌ത്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡില്‍ ഇടംപിടിക്കണമെങ്കില്‍ ഏഷ്യാകപ്പില്‍ ഫോം വീണ്ടെടുത്തേ മതിയാകൂ വിരാടിന്. ഇപ്പോഴിതാ ഏഷ്യാ കപ്പില്‍ കോഹ്‍ലി പുതിയ ബാറ്റായിരിക്കും ഉപയോഗിക്കുക എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. എം.ആര്‍.എഫാണ് നിലവില്‍ വിരാടിന്റെ ബാറ്റിന്റെ സ്‌പോണ്‍സേഴ്‌സ്. നിലവില്‍ ഇംഗ്ലീഷ് വില്ലോ ഉപയോഗിച്ചുള്ള എം.ആര്‍.എഫ് ജീനിയസ് ബാറ്റാണ് അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഏഷ്യാ കപ്പിനായി അദ്ദേഹം പ്രത്യേക ഗോള്‍ഡ് വിസാര്‍ഡ് ലിമിറ്റഡ് എഡിഷന്‍ ബാറ്റാണ് ഉപയോഗിക്കുന്നത്. ഗുണമേന്മ കൂടിയ ഇംഗ്ലീഷ് വില്ലോ തടി കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ടോപ്പ് ഗ്രേഡ് 'എ' വില്ലോ ഗണത്തില്‍പ്പെടുന്ന ബാറ്റിന് ഏകദേശം 22,000 രൂപ വിലവരുമെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

പഴയ കോഹ്‍ലി തിരിച്ചുവരുമോ?

ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും മൂന്നാം നമ്പറിൽ മറ്റൊരു പേരില്ലെന്ന് എല്ലാവരും പറഞ്ഞിടത്തുനിന്നാണ് കോഹ്ലി ഫോം ഔട്ടിന്‍റെ പടുകുഴിയിലേക്ക് കൂപ്പുകുത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകളെല്ലാം തകർക്കാൻ പിറന്നവനെന്ന് ക്രിക്കറ്റ് ലോകം ഒന്നായി വാഴ്ത്തിയ താരം. എന്നാൽ, 2019ൽ കൊൽക്കത്തയിൽ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിൽ നേടിയ സെഞ്ച്വറിക്കു ശേഷം കോഹ്ലിക്ക് ഒരു ഫോർമാറ്റിലും മൂന്നക്കം കാണാനായിട്ടില്ല.

ഏറ്റവും അവസാനം നടന്ന മത്സരങ്ങളിൽ ഫോമിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകൾ കാട്ടിയെങ്കിലും അനാവശ്യ ഷോട്ടുകളിലൂടെ എല്ലാവരെയും അമ്പരപ്പിച്ച് താരം പുറത്താകുന്നതാണ് കണ്ടത്. അവസാനമായി ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ കണക്കുകൾ എടുത്തുനോക്കിയാൽ ഇതു വ്യക്തമാകും. അവസാന ടെസ്റ്റിൽ രണ്ട് ഇന്നിങ്‌സുകളിലായി 11, 20 എന്നിങ്ങനെയാണ് ഇന്ത്യയുടെ വിശ്വസ്തതാരത്തിന്റെ സമ്പാദ്യം. തൊട്ടുപിന്നാലെ നടന്ന ടി20 പരമ്പരയിൽ രണ്ടു മത്സരങ്ങളിൽനിന്ന് ആകെ നേടിയത് വെറും 12 റൺസ്! ഏകദിന പരമ്പരയിലെ സ്‌കോർ 17, 16 എന്നിങ്ങനെയും.

ഐ.പി.എല്ലിലും നിരാശപ്പെടുത്തി

അന്താരാഷ്ട്ര ക്രിക്കറ്റിനു പുറമെ ഇത്തവണ ഐ.പി.എല്ലിലും കോഹ്ലിയുടെ ക്ലാസിനോ കരുത്തിനോ ഒത്തുള്ള പ്രകടനമായിരുന്നില്ല. നായകകുപ്പായമഴിച്ചിട്ടും ബാറ്റ് കൊണ്ട് ബാംഗ്ലൂരിനായി കാര്യമായൊന്നും ചെയ്യാനായില്ല താരത്തിന്. ബാംഗ്ലൂരിനു മികച്ച സീസണായിരുന്നെങ്കിലും സാധാരണയിൽനിന്നു വ്യത്യസ്തമായി അതിൽ കോഹ്ലിയുടെ പങ്ക് കാര്യമായുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം.

ഇത്തവണ പുതിയ നായകൻ ഫാഫ് ഡുപ്ലെസിക്കൊപ്പം ഓപ്പണറായാണ് കോഹ്ലി കളിച്ചത്. കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ തുടക്കമിട്ട പരീക്ഷണം ഇത്തവണ പൂർണമായും തുടർന്നെങ്കിലും കോഹ്ലിയുടെ പ്രകടനത്തിൽ മാത്രം മാറ്റമുണ്ടായില്ല. 16 മത്സരങ്ങളിൽനിന്നായി താരം നേടിയത് 341 റൺസാണ്. അതും 22.73 ശരാശരിയിൽ. സ്‌ട്രൈക്ക് റേറ്റ് 115.98ഉം. ടൂർണമെന്റിൽ രണ്ട് അർധസെഞ്ച്വറിയതു മാത്രമാണ് ആകെ ആശ്വാസം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News