റൺ ഔട്ടിൽ കണ്ണു തള്ളി ബെയർ സ്‌റ്റോ; ലോര്‍ഡ്സില്‍ ഓസീസ് താരങ്ങളെ കൂവി ഇംഗ്ലീഷ് ആരാധകര്‍
രണ്ടാം ഇന്നിങ്‌സിലെ 52ാം ഓവറിൽ കാമറൂൺ ഗ്രീനിന്റെ പന്തിലാണ് ബെയർസ്‌റ്റോ പുറത്തായത്
ലോര്‍ഡ്സ്: ആഷസ് രണ്ടാം ടെസ്റ്റിലും ഓസീസ് വിജയത്തിലേക്ക് നീങ്ങുകയാണ്. ഇംഗ്ലണ്ടിന് ജയിക്കാൻ 68 ഓവറിൽ 72 റൺസ് മതിയെങ്കിലും ഒമ്പത് വിക്കറ്റുകള്‍ ഇതിനോടകം നഷ്ടമായിക്കഴിഞ്ഞു. നാല് റണ്‍സുമായി ജോഷ് ടങ്ങും രണ്ട് റണ്‍സുമായി ജെയിംസ് ആന്‍ഡേഴ്സണുമാണ് ക്രീസിൽ. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് ഇംഗ്ലണ്ടിനായി പൊരുതിയെങ്കിലും ഹേസല്‍ വുഡിന് മുന്നില്‍ വീണു.
മത്സരത്തിൽ പത്ത് റൺസെടുത്ത ഇംഗ്ലീഷ് താരം ജോണി ബെയർസ്‌റ്റോയുടെ വിക്കറ്റ് വലിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണിപ്പോൾ. രണ്ടാം ഇന്നിങ്‌സിലെ 52ാം ഓവറിൽ കാമറൂൺ ഗ്രീനിന്റെ പന്തിലാണ് ബെയർസ്‌റ്റോ പുറത്തായത്. ഗ്രീൻ എറിഞ്ഞ പന്ത് നേരിടാതെ ഒഴിഞ്ഞു മാറിയ ബെയര്‍സ്റ്റോ പന്ത് ഡെഡ് ആവും മുമ്പേ ക്രീസിൽ നിന്ന് പുറത്തിറങ്ങി.
ഉടൻ ആസ്‌ത്രേലിയൻ വിക്കറ്റ് കീപ്പർ അലെക്‌സ് കാരി ഡയറക്ട് ഹിറ്റിൽ താരത്തെ പുറത്താക്കി. സാധാരണയായി ക്രീസിൽ നിന്ന് പുറത്തിറങ്ങും മുമ്പേ ബാറ്റർ കീപ്പറേയോ അമ്പയറേയോ അറിയിക്കണം എന്നിരിക്കേ ബെയർ സ്‌റ്റോ ഒന്നും പറയാതെ പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് തേർഡ് അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. വിക്കറ്റിന് പിറകേ ഇഗ്ലീഷ് ആരാധകർ ആസ്‌ത്രേലിയൻ താരങ്ങളെ കൂവിവിളിക്കുന്ന കാഴ്ചക്കും ലോർഡ്‌സ് വേദിയായി.