ഈ ക്രീസിൽ ആസ്‌ത്രേലിയയെ ഭയക്കണം, ഇന്ത്യ ഒഴികെ !

35 വർഷം നീണ്ട ഓസീസിന്റെ വിജയക്കുതിപ്പിനായിരുന്നു ഇന്ത്യൻ സംഘം തടയിട്ടത്.

Update: 2021-12-11 06:24 GMT
Editor : Suhail | By : Web Desk
Advertising

ഈ വര്‍ഷത്തെ ആഷസ് പരമ്പരയിലെ ആദ്യ മത്സരം ബ്രിസ്‌ബെയിനിലെ ഗാബയിൽ അരങ്ങേറുമെന്ന വാർത്ത പുറത്തു വന്നയുടൻ തന്നെ മത്സരഫലം മനസ്സിൽ കണ്ടവരുണ്ടാകാം. കാരണം, ഗാബയിൽ മത്സരത്തിനിറങ്ങുന്ന ഓസീസിനെ മലർത്തിയടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നു തന്നെ. പതിവു തെറ്റിയില്ല, 126 വർഷം പഴക്കമുള്ള ആസ്‌ത്രേലിയയുടെ ഉരുക്കുകോട്ടയായ ഗാബയിലെ ആദ്യ ആഷസ് മത്സരത്തിൽ ആധികാരികമായി തന്നെ ഓസീസ് ജയിച്ചു.

രണ്ടാം ഇന്നിംഗ്‌സിൽ വിജയലക്ഷ്യമായ 20 റൺസ്, 5.1 ഓവറിനിടെ ഒൻപതു വിക്കറ്റിനാണ് ആസ്‌ത്രേലിയ സ്വന്തമാക്കിയത്.


ഗാബയിൽ ശക്തരായി മാറുന്ന ആസ്‌ത്രേലിയയോട് മുട്ടിനിൽക്കാൻ സന്ദർശക ടീമിന് സാധിക്കാറില്ല. ആഷസ് പരമ്പരയിൽ തന്നെ 33 മത്സരങ്ങളാണ് ഗാബയിൽ വെച്ച് ഓസീസ് സ്വന്തമാക്കിയിട്ടുള്ളത്. 9 മത്സരങ്ങളില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്. 13 മത്സരങ്ങൾ വീതം ടൈ ആയി.

എന്നാൽ ഏതൊരു ടീമിനും ദുസ്വപനമായ ഗാബ സ്റ്റേഡിയത്തിൽ ആസ്‌ത്രേലിയയെ മലർത്തിയടിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത് ഇന്ത്യയാണ്. 2020-21 ജനുവരിയിൽ നടന്ന ബോർഡർ - ഗവാസ്‌ക്കർ ട്രോഫി മത്സരത്തിലാണ് അജിൻക്യ രഹാനെയുടെ ഇന്ത്യൻ സംഘം ഓസീസിനെ തോൽപ്പിച്ചത്. 35 വർഷം നീണ്ട ഓസീസിന്റെ വിജയക്കുതിപ്പിനായിരുന്നു അന്ന് ഇന്ത്യൻ സംഘം തടയിട്ടത്.

മത്സരത്തിൽ ആസ്‌ത്രേലിയ ഉയർത്തിയ 328 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നാണ് ഇന്ത്യ ആവേശഭരിതമായ ജയം സ്വന്തമാക്കിയത്. അതിനു മുൻപ്, 1986ൽ വെസ്റ്റ് ഇൻഡീസായിരുന്നു ആസ്‌ത്രേലിയയെ പരാജയപ്പെടുത്തിയിരുന്നത്.

ഗാബയിൽ അവസാനം നടന്ന അഞ്ച് ആഷസ് മത്സരവും ഏകപക്ഷീയമായാണ് ആസ്‌ത്രേലിയ ജയിച്ചിട്ടുള്ളത്. ഇതിനു മുന്‍പ് ഒടുവിലായി നടന്ന 2017-18 ആഷസ് മത്സരത്തില്‍ പത്തു വിക്കറ്റിനാണ് ആസ്‌ത്രേലിയ ജയിക്കുന്നത്. 2013-14 ൽ 381 റൺസിനും 2006-07ൽ 277 റൺസിനും 2002-03 ൽ 384 റൺസിനുമാണ് ആസ്‌ത്രേലിയ വെന്നിക്കൊടി പാറിക്കുന്നത്. ഇതിനിടെ 2010 ലെ ആഷസ് മത്സരം മാത്രമാണ് സമനിലയിൽ പിരിഞ്ഞത്.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News