സഹലിനായി ബംഗളൂരുവും രംഗത്ത്; അണിയറയില്‍ വന്‍നീക്കങ്ങള്‍

ഏഴ് ടീമുകളാണ് സഹലിനെ സ്വന്തമാക്കാന്‍ രംഗത്തുള്ളത്

Update: 2023-06-22 13:50 GMT
Advertising

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുസ്സമദിനെ സ്വന്തമാക്കാന്‍ കൂടുതല്‍ ഐ.എസ്.എല്‍  ടീമുകള്‍ രംഗത്ത്. ബ്ലാസ്റ്റേഴ്സിന്‍റെ ചിര വൈരികളായ ബംഗളൂരു എഫ്.സി യും മോഹന്‍ ബഗാനുമാണ് താരത്തെ സ്വന്തമാക്കാനായി ഇപ്പോള്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് മാർക്കസ് മർഗൽഹൗ ആണ്  ഇക്കാര്യം പങ്കുവച്ചത്. 

''സഹല്‍ അബ്ദുസ്സമദിനെ സ്വന്തമാക്കാന്‍ ബംഗളൂരു എഫ്.സി യും മോഹന്‍ ബഗാനും ഔദ്യോഗികമായി തന്നെ ഓഫറുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. സഹലിനെ സ്വന്തമാക്കാനായി രണ്ട് ടീമുകള്‍ കൂടി ഇനി രംഗത്തെത്തും. എന്നാല്‍ ബ്ലാസ്റ്റേഴ്സിന്‍റെ കയ്യില്‍ നിന്ന് സഹലിനെ സ്വന്തമാക്കല്‍ അത്രക്ക് എളുപ്പമാവില്ല''- മർഗൽഹൗ കുറിച്ചു.

 സഹലിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിൽ നേരത്തെയും മാർക്കസ് പ്രതികരിച്ചിരുന്നു. സഹലിനെ ബ്ലാസ്റ്റേഴ്‌സിന് വിൽക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് മികച്ച വില കിട്ടിയാൽ സഹലിനെയെന്നല്ല, ഏതു താരത്തെയും ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ തയ്യാറാകും എന്നാണ് മർഗൽഹൗ പറഞ്ഞത്. 

ബംഗളൂരുവിനും മോഹന്‍ ബഗാനും പുറമേ  മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിൻ എഫ്.സി, ഈസ്റ്റ് ബംഗാൾ എഫ്.സി എന്നിവയാണ് സഹലിന് വേണ്ടി നിലവില്‍ രംഗത്തുള്ള ക്ലബുകൾ. 2025 വരെയാണ് ബ്ലാസ്റ്റേഴ്‌സുമായി സഹലിന്‍റെ കരാറവശേഷിക്കുന്നത്. 

ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ (92) ബൂട്ടുകെട്ടിയ താരമാണ് സഹൽ.  2017ലെ സന്തോഷ് ട്രോഫി ടൂർണമെന്റിൽ നടത്തിയ മികച്ച പ്രകടനമാണ് സഹലിന് ബ്ലാസ്റ്റേഴ്സിലേക്കുള്ള വഴി തുറന്നത്. 2017-18 സീസണിൽ സീനിയർ ടീമിലെത്തി. 2018-19 സീസണിൽ ഐഎസ്എൽ എമർജിങ് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായി. അടുത്ത വർഷത്തോടെ ക്ലബിന്റെ പോസ്റ്റർ ബോയ് ആയി മാറുകയും ചെയ്തു. 2021 വേനൽക്കാല സീസണിൽ സഹലിനായി മൂന്ന് സീനിയർ താരങ്ങളെ കൈമാറ്റം ചെയ്യാമെന്ന് എടികെ മോഹൻ ബഗാൻ വാഗ്ദാനം ചെയ്തെങ്കിലും ബ്ലാസ്റ്റേഴ്സ് നിരസിച്ചു. ഐസ്ലാൻഡ് ടോപ് ടയർ ലീഗ് ക്ലബ്ബായ ബെസ്റ്റ് ഡീൽഡ് കർല സഹലിനെ ഇടക്കാല വായ്പാടിസ്ഥാനത്തിൽ ക്ലബ്ബിലെത്തിക്കാൻ ശ്രമിച്ചെങ്കിലും വിസാ പ്രശ്നങ്ങൾ മൂലം നടന്നില്ല. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News