ബാഴ്സ പരിശീലകന്‍ റൊണാള്‍ഡ് കുമാനെ പുറത്താക്കി
2020 ആഗസ്തിലാണ് കുമാൻ ബാഴ്സയുടെ കോച്ചായി ചുമതലയേറ്റത്
സ്പാനിഷ് ലീഗിലെ തോൽവിക്ക് പിന്നാലെ ഡച്ച് പരിശീലകൻ റൊണാൾഡ് കുമാനെ പുറത്താക്കി ബാഴ്സലോണ. കോച്ചിന്‍റെ ചുമതലകളിൽ നിന്ന് കുമാനെ ഒഴിവാക്കിയതായി ബാഴ്സലോണ പ്രസിഡന്‍റ് ജോണ്‍ ലാപോർട്ട അറിയിച്ചു. 2020 ആഗസ്തിലാണ് കുമാൻ ബാഴ്സയുടെ കോച്ചായി ചുമതലയേറ്റത്. സ്പാനിഷ് ലീഗിലെ ഇന്നലത്തെ മത്സരത്തിൽ റയോ വയേകാനോയോട് എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സലോണ പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. സ്പാനിഷ് ലീഗിലെ 10 മത്സരങ്ങളിൽ നാല് വിജയം മാത്രമേ ബാഴ്സയ്ക്ക് ഇതുവരെ നേടാനായുള്ളൂ. 15 പോയിന്‍റുമായി പട്ടികയില്‍ പത്താം സ്ഥാനത്താണ് ബാഴ്സ.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ബാഴ്സലോണ റയല്‍ മാഡ്രിനോട് തോറ്റതിനെ തുടര്‍ന്ന് ആരാധകര്‍ രോഷാകുലരായിരുന്നു. കനത്ത പരാജയത്തിന്‍റെ ദേഷ്യം മുഴുവന്‍ പരിശീലകന്‍ കുമാനോട് ആരാധകര്‍ തീര്‍ത്തത്. ന്യൂകാമ്പില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ബാഴ്സയെ തോല്‍പ്പിച്ചത്. മത്സരശേഷം മൈതാനം വിടാനൊരുങ്ങിയ കുമാനെ കാര്‍ തടഞ്ഞുനിര്‍ത്തി ചീത്ത വിളിക്കുകയും കാറില്‍ അടിക്കുകയും ചെയ്തിരുന്നു.
നേരത്തെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിലെ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ കുമാന്‍റെ സ്ഥാനം തെറിക്കുമെന്ന് ഏതാണ്ടുറപ്പായിരുന്നു. തനിക്ക് ടീം മാനേജ്മെന്‍റിന്‍റെ പിന്തുണയുണ്ടോയെന്ന് സംശയമാണെന്ന് കുമാന്‍ പറഞ്ഞിരുന്നു. മുന്‍കാല ബാഴ്‌സലോണ ടീമുകളോട് ഈ ടീമിനെ താരതമ്യം ചെയ്യുന്നതില്‍ യാതൊരു അര്‍ഥമില്ലെന്നും അത് വെള്ളം പോലെ വ്യക്തമാണെന്നും കോച്ച് വ്യക്തമാക്കിയിരുന്നു. അതിനിടെ കുമാന് രണ്ട് ലാലിഗ മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. കാഡിസുമായി കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ അച്ചടക്കം ഇല്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് സൈഡ് ലൈനില്‍ നിന്നും പറഞ്ഞുവിട്ടതിന് പിന്നാലെയാണ് സ്പാനീഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ കളത്തില്‍ ഇറങ്ങുന്നതിന് കുമാന് വിലക്ക് ഏര്‍പ്പെടുത്തിയത്.