ബയേൺ വിടുന്നു; ലവൻഡോവ്സ്‌കിയെ റാഞ്ചി ബാഴ്സ
ബയേണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാണിത്.
ബയേണിന്റെ പോളിഷ് സ്ട്രൈക്കർ റോബേർട്ട് ലവൻഡോവ്സ്‌കിയെ സ്വന്തമാക്കി സ്പാനിഷ് വമ്പന്മാരായ ബാർസിലോണ.
സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ 50 മില്യൺ യൂറോയും കൂടാതെ അഞ്ചു മില്യൺ പ്രകടന മികവ് അനുസരിച്ചുള്ള തുകയും ബാഴ്‌സലോണ ബുണ്ടസ് ലീഗ ചാംപ്യന്മാർക്ക് നൽകും. ബയേണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയാണിത്.
നാല് വർഷത്തിലെ കരാറിലാണ് ലവൻഡോവ്സ്‌കി ബാർസയിലെത്തുന്നത്. പ്രീ സീസണിന് അമേരിക്കയിലേക്ക് തിരിക്കുന്ന ബാർസ ടീമിൽ ലവൻഡോവ്സ്‌കി ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അടുത്ത കാലത്ത് മെസി, സുവാരസ്, ഗ്രീസ്മാൻ തുടങ്ങിയ ലോകോത്തര താരങ്ങളെ നഷ്ടമായ ബാഴ്സക്ക് ലവൻഡോവ്‌സികിയുടെ വരവ് ആശ്വാസമാകും.
ബയേണിൽ അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരത്തിന് ടീം പുതിയ കരാർ നൽകാത്തതിൽ അസംതൃപ്തി ഉണ്ടായിരുന്നു. ഇതോടെയാണ് ടീം വിടാനുള്ള തീരുമാനത്തിലേക്ക് താരം എത്തിയതെന്നാണ് സൂചന. എന്നാൽ ഈ തീരുമാനത്തെ ബയേൺ പിന്തുണച്ചില്ല. ഒടുവിൽ താരവും ഏജന്റും തുടർച്ചായി നടത്തിയ സമ്മർദ്ദങ്ങൾ വിജയത്തിലെത്തുകയായിരുന്നു. പ്രീ സീസൺ മത്സരങ്ങൾക്ക് മുന്നേ തന്നെ എല്ലാ കൈമാറ്റ നടപടികളും പൂർത്തിയായിട്ടുണ്ട്.
ബയേണിന്റെ കുപ്പായത്തിൽ 344 മത്സരങ്ങളിൽ നിന്നും 375 ഗോളുകളാണ് ലവൻഡോവ്സ്‌കി നേടിയിരിക്കുന്നത്. 2020 ലും 2022 ഫിഫ മെൻസ് ബെസ്റ്റ് പ്ലെയർ അവാർഡ് കിട്ടിയ താരമാണ് ലവൻഡോവ്‌സികി.