ഇത് പുതിയ ബാഴ്‌സ; അത്‌ലറ്റിക്കോയെ തകർത്ത് ഉജ്ജ്വല തിരിച്ചുവരവ്
പുതിയ സൈനിങ് ട്രയോര ബാഴ്‌സക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ ട്രയോരയുടെ മുന്നേറ്റത്തിൽ അത്‌ലറ്റികോ മാഡ്രിഡിന്റെ ഡിഫൻസ് ശരിക്കും വലഞ്ഞു.
ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ കരുത്തിലെത്തിയ ബാഴ്‌സലോണ ലാ ലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെ 4-2ന് തകർത്തു. കളിയുടെ അവസാന 20 മിനുട്ടോളം 10 പേരുമായി കളിച്ചാണ് ബാഴ്‌സ വിജയം നേടിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ വെറ്ററൻ താരം ഡാനി ആൽവസ് ഒടുവിൽ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയായിരുന്നു.
എട്ടാം മിനുട്ടിൽ കരാസ്‌കോ നേടിയ ഗോളിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് ലീഡ് എടുത്തത്. തുടക്കത്തിൽ തന്നെ പിന്നിലായെങ്കിലും പൊരുതിക്കളിച്ച ബാഴ്‌സ മത്സരം തിരിച്ചുപിടിച്ചു. പത്താം മിനുട്ടിൽ തന്നെ ബാഴ്‌സ ഗോൾ മടക്കി. ആൽവസിന്റെ പാസിൽ നിന്ന് ഇടം കാലൻ വോളിയിലൂടെ ജോർദി ആൽബയാണ് ബാഴ്‌സയുടെ സമനില ഗോൾ നേടിയത്.
21 ാം മിനിറ്റിൽ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിയ ട്രയോരയുടെ അസിസ്റ്റിൽ ഗവി ബാഴ്‌സലോണയെ ലീഡിലെത്തിച്ചു. ആദ്യ പകുതിയുടെ അവസാനം അറോഹോയിലൂടെ ബാഴ്‌സലോണ മൂന്നാം ഗോളും നേടി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡാനി ആൽവസിന്റെ ഗോൾ കൂടി വന്നതോടെ ബാഴ്‌സ മത്സരം പൂർണമായും കയ്യിലൊതുക്കി. 58-ാം മിനുട്ടിൽ മുൻ ബാഴ്‌സലോണ താരം സുവാരസ് ആണ് അത്‌ലറ്റിക്കോ മാഡ്രിഡിനായി രണ്ടാം ഗോൾ നേടിയത്.
69-ാം മിനുട്ടിലാണ് ഡാനി ആൽവസ് ചുവപ്പ് കാർഡ് കണ്ടത്. ഈ ജയത്തോടെ ബാഴ്‌സലോണ 38 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. അത്‌ലറ്റിക്കോ മാഡ്രിഡ് ടോപ് നാലിൽ നിന്ന് പുറത്തായി.