പോളിയോയോടും പട്ടിണിയോടും പോരാടി ജയിച്ചു; ടോക്യോയില്‍ ഇന്ത്യൻ അഭിമാനമുയർത്താന്‍ സക്കീന ഖാത്തൂൻ
പാരാലിംപിക്‌സ് പവർലിഫ്റ്റിങ് വിഭാഗത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സക്കീന ഖാത്തൂന്‍. ഇന്നലെ ടോക്യോയില്‍ ആരംഭിച്ച പാരാലിംപിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളിലൊരാള്‍കൂടിയാണ് ഈ 32കാരി
ടോക്യോയിൽ ഒളിംപിക്‌സ് ആരവങ്ങൾ അവസാനിച്ചു. ഇനി പാരാലിംപിക്സിന്‍റെ ദിനങ്ങളാണ്. തലമുറകളെ പ്രചോദിപ്പിക്കാൻ പോന്ന അനുഭവങ്ങളുടെ തീക്കടൽ കടന്ന ഒരുകൂട്ടം മനുഷ്യരുടെ കായികമാമാങ്കത്തിന് കഴിഞ്ഞ ദിവസം ജപ്പാനിൽ അരങ്ങുണർന്നിരിക്കുകയാണ്. ശാരീരികമായ ഒട്ടനവധി പ്രതിബന്ധങ്ങളെ ഇച്ഛാശക്തികൊണ്ടു മാത്രം മറികടന്ന മനുഷ്യരുടെ കായികമാമാങ്കമാണ് പാരാലിംപിക്‌സ്.
പാരാലിംപിക്‌സിൽ ഇത്തവണ ഇന്ത്യയുടെ പ്രതീക്ഷാതാരമാണ് സക്കീന ഖാത്തൂൻ. പോളിയോയോടും പട്ടിണിയോടും ഒരുപോലെ പടവെട്ടി വിജയം കണ്ട താരം. വെല്ലുവിളികൾ വൻമലകളായി മുന്നിൽവന്നു നിന്നപ്പോഴെല്ലാം മനക്കരുത്ത് കൊണ്ട് എല്ലാത്തിനെയും തോൽപ്പിച്ചുകളഞ്ഞു ഈ 32കാരി. നിരവധി രാജ്യാന്തര കായികമാമാങ്കങ്ങളിൽ ഇന്ത്യയ്ക്ക് മെഡല്‍ നേടിത്തന്ന പവർലിഫ്റ്ററായി അവർ. ഒടുവിൽ, പാരാലിംപിക്‌സിൽ പവർലിഫ്റ്റിങ് വിഭാഗത്തിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരവുമായിരിക്കുന്നു സക്കീന.
വഴിത്തിരിവായ ഡോക്ടറുടെ ഉപദേശം
1989 ജൂൺ 20ന് ബാംഗ്ലൂരിലാണ് സക്കീന ഖാത്തൂൻ ജനിക്കുന്നത്. കുടുംബത്തിന്റെ അന്നം കണ്ടെത്തുന്ന അച്ഛൻ ഒരു സാധാരണ കർഷകൻ. ദാരിദ്ര്യത്തിനുനടുവിൽ ജീവിക്കുന്ന കുടുംബം. പട്ടിണിക്കുമീതെ കൂടുതല്‍ ആഘാതമായാണ് കൊച്ചുമകൾ സക്കീനയ്ക്ക് പോളിയോ ബാധിക്കുന്നത്. ഒരു സാധാരണ കർഷകകുടുംബം തകർന്നുപോകാൻ എവിടെയെങ്കിലും പോകണോ?! എന്നാൽ, സക്കീനയുടെ അച്ഛനുമമ്മയും തളർന്നില്ല. തങ്ങൾക്കു സാധ്യമായ മാര്‍ഗങ്ങളെല്ലാം കണ്ടെത്തി മകളുടെ ചികിത്സയുമായി മുന്നോട്ടുപോയി അവർ. മാരകരോഗത്തിൽനിന്നു മകളെ രക്ഷിക്കാനായി നാലോളം ശസ്ത്രക്രിയയും നടത്തി അവർ.
പോളിയോ ഒരു വഴിക്ക് അലട്ടുമ്പോഴും ചെറുതിൽ തന്നെ കളിക്കമ്പക്കാരിയായിരുന്നു സക്കീന. ഏതെങ്കിലും കായിക ഇനത്തിൽ ഒരു ചാംപ്യനാകണമെന്നായിരുന്നു ആഗ്രഹം. ലോകം അംഗീകരിക്കുന്ന താരമാകണം. തനിക്കുവേണ്ടി രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന മാതാപിതാക്കളുടെ അഭിമാനമുയർത്തണം. ഇതൊക്കെയായിരുന്നു മനസിൽ.
ശസ്ത്രക്രിയകളെല്ലാം വലിയൊരളവിൽ വിജയം കണ്ടു. ഒടുവിൽ നാലാമത്തെ ശസ്ത്രക്രിയയും പൂർത്തിയാക്കി ആശുപത്രി വിടാനിരിക്കുമ്പോൾ ഡോക്ടർമാർ മാതാപിതാക്കളെ വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു: കുട്ടിയെ പരമാവധി നീന്തലിന് പ്രേരിപ്പിക്കുക. അവളുടെ മാംസപേശികൾ ഉറക്കാൻ അത് ഉപകാരപ്പെടും.
ഡോക്ടർമാരുടെ ആ ഉപദേശമാണ് സത്യത്തിൽ സക്കീനയുടെ ജീവിതം മാറ്റിമറിച്ചത്. വലിയ പുരസ്‌കാരങ്ങളൊന്നും നേടാനായില്ലെങ്കിലും കായികലോകത്ത് തനിക്കു പലതും ചെയ്യാനാകുമെന്ന വിശ്വാസമുറപ്പിച്ചത് നീന്തലായിരുന്നുവെന്ന് സക്കീന തന്നെ പറഞ്ഞിട്ടുണ്ട്. ആയിടക്കാണ് തന്നെപ്പോലെ പോളിയോയോട് പോരാടി കായികരംഗത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയ ഒരു താരത്തെ കണ്ടുമുട്ടുന്നത്; 2012ലെ ലണ്ടൻ പാരാലിംപിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പവർലിഫ്റ്റിങ് താരം ഫർമാൻ ബാഷ. ബംഗ്ലൂർകാരൻ തന്നെയാണ് ബാഷ. 2010ൽ ചൈനയിൽ നടന്ന പാരാ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ നേടിത്തന്ന താരം. ബാഷയുമായുള്ള അന്നത്തെ കൂടിക്കാഴ്ചയാണ് പവർലിഫ്റ്റിങ് എന്നൊരു സ്വപ്‌നം തന്നിൽ ഉണർത്തുന്നതെന്ന് പിൽക്കാലത്ത് സക്കീന വെളിപ്പെടുത്തിയിട്ടുണ്ട്.
ഫർമാൻ ബാഷ പകർന്ന സ്വപ്നം
ഫർമാൻ ബാഷയിൽനിന്നു കിട്ടിയ പ്രോത്സാഹനം ഒരു നിധിപോലെ മനസിൽ കൊണ്ടുനടന്നു. ഇതു തന്നെയാണ് തന്റെ കരിയറെന്നു തീരുമാനിച്ചു. 2010ൽ പന്ത്രണ്ടാം ക്ലാസ് വിജയിച്ചതോടെ പവർലിഫ്റ്റിങ് പരിശീലനം ആരംഭിച്ചു സക്കീന ഖാത്തൂൻ. ദിവസവും രാവിലെയും വൈകീട്ടും രണ്ടുമണിക്കൂർ വീതം നിരന്തര പരിശീലനം.
കഠിനാധ്വാനവും കഠിന പ്രയത്‌നവും അപാരമായ ക്ഷമയും സഹനവും നിശ്ചയദാർഢ്യവും... ഇതൊക്കെ തന്നെയായിരുന്നു പ്രതികൂലാ സാഹചര്യങ്ങളിലെല്ലാം സക്കീനയെ പോരാടാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്. ഇടവേളകളില്ലാത്ത കഠിനാധ്വാനങ്ങൾ ഒടുവിൽ വിജയം കണ്ടു. 2014 കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലേക്ക് സക്കീനയ്ക്ക് വിളിവന്നു. തന്നിൽ വിശ്വാസമർപ്പിച്ച രാജ്യത്തെ അവൾ നിരാശപ്പെടുത്തിയില്ല. 61 കി.ഗ്രാം പവർലിഫ്റ്റിങ് വിഭാഗത്തിൽ വെങ്കലവുമായാണ് സക്കീന മടങ്ങിയത്. അതും ആകെ 88.2 കി.ഗ്രാം ഭാരത്തോടെ.
എന്നാൽ, അവിടംകൊണ്ട് അവസാനിപ്പിച്ചില്ല. പരിശീലനങ്ങളും പരിശ്രമങ്ങളും മുടക്കമില്ലാതെ തുടർന്നു. തന്റെ ലക്ഷ്യം ഇനിയും അകലെയാണെന്ന് മനസിലുറപ്പിച്ചു. ഇതിനിടയിൽ ദേശീയതലത്തിലടക്കമുള്ള മറ്റു കായികപോരാട്ടങ്ങളിലും മാറ്റുരച്ച് നിരവധി മെഡലുകൾ വാരിക്കൂട്ടി. 2018ൽ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിലും പവർലിഫ്റ്റിങ് വിഭാഗത്തിൽ ഇന്ത്യയ്ക്കു വേണ്ടി മാറ്റുരച്ചു സക്കീന. വെള്ളി മെഡലുമായായിരുന്നു ഇത്തവണ മടങ്ങിയത്.
ചെന്നൈ ആസ്ഥാനമായി പുറത്തിറങ്ങുന്ന ദ ബ്ര്യൂ മാഗസിൻ 2016ൽ രാജ്യത്തെ ഒൻപത് വനിതാ പോരാളികളെ തിരഞ്ഞെടുത്തു. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ആ ബ്ര്യൂ പുരസ്‌കാര പട്ടികയിൽ സക്കീനയും ഉൾപ്പെട്ടിരുന്നു.
പോളിയോക്കൊപ്പം എന്നും വില്ലനായി പട്ടിണിയും കൂടെയുണ്ടായിരുന്നു. ദാരിദ്ര്യം കാരണം വിദഗ്ധ പരിശീലനവും പോഷകാഹാരം അടക്കം കായികതാരങ്ങൾക്ക് അത്യാവശ്യമുള്ള മറ്റു കാര്യങ്ങളും കൃത്യമായി മുന്നോട്ടുകൊണ്ടുപോകാനായിരുന്നില്ല. പവർലിഫ്റ്റിങ്ങിൽ മികവ് തെളിയിച്ചിട്ടും കാര്യമായി ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. ഒടുവിൽ, രാജ്യത്തെ പ്രമുഖ പൈപ്പ് നിർമാതാക്കളായ വെൽസ്പൻ ഗ്രൂപ്പ് സക്കീനയുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തു. അതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി.
ഇത്തവണ ദുബൈയിൽ നടന്ന പാരാ പവർലിഫ്റ്റിങ് ലോകകപ്പിൽ വെള്ളി മെഡൽ നേടി ഒരിക്കൽകൂടി സക്കീന ഖാത്തൂൻ ഇന്ത്യൻ അഭിമാനമുയർത്തി. ചരിത്രത്തിലാദ്യമായി പാരാലിംപിക്‌സ് പവർലിഫ്റ്റിങ് വിഭാഗത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരവുമായി. ഇന്നലെ ആരംഭിച്ച പാരാലിംപിക്‌സിൽ ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്ന താരങ്ങളിലൊരാളാണ് സക്കീന ഖാത്തൂൻ.