'റൊണാള്‍ഡോ ഞങ്ങളുടെ പ്ലാനില്‍ ഇല്ല'; വ്യക്തമാക്കി ബയേണ്‍
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട സൂപ്പര്‍താരത്തെ സ്വന്തമാക്കാന്‍ ബയേണ്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തള്‍ പ്രചരിച്ചിരുന്നു
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തങ്ങളുടെ ക്ലബിലേക്കെടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ബയേണ്‍ മ്യൂണിച്ച്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട സൂപ്പര്‍താരത്തെ സ്വന്തമാക്കാന്‍ ബയേണ്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു നീക്കത്തിന് താല്‍പര്യമില്ലെന്ന് ക്ലബ് വ്യക്തമാക്കി.
റൊണാൾഡോയെ സ്വന്തമാക്കാന്‍ വേണ്ടി ആലോചിച്ചിരുന്നെങ്കിലും തങ്ങള്‍ അതിനായി യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നും നിലവില്‍ റൊണാള്‍ഡോക്കായി ശ്രമിക്കില്ലെന്നും ബയേണ്‍ മ്യൂണിച്ചിന്‍റെ സി.ഇ.ഒ ആയ ഒലിവര്‍ ഖാന്‍ വെളിപ്പെടുത്തി.
ഒലിവര്‍ ഖാന്‍ പറഞ്ഞത്, ''ഞങ്ങള്‍ റൊണാൾഡോയെ സ്വന്തമാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ആ വിഷയത്തേക്കുറിച്ച് പഠിച്ചു, ഞങ്ങൾക്കെല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷേ ഞങ്ങളുടെ തന്ത്രങ്ങളും പദ്ധതികളും ശൈലികളും വ്യത്യസ്തമാണ്. ഞങ്ങളുടെ ടീമിനെ എങ്ങനെ ഒരുമിച്ച് നിര്‍ത്താം എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്''. സ്കൈ സ്‌പോർട്‌സിനോടായിരുന്നു ഒലിവര്‍ ഖാന്‍റെ പ്രതികരണം.
അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സി ക്രിസ്റ്റ്യാനോയെ സ്വന്തമാക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ഈ ലോകകപ്പിന് തൊട്ടുമുന്‍പാണ് ശീതസമരത്തിലായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ റദ്ദാക്കിയ കാര്യം അറിയിച്ചത്. തുടർച്ചയായി മത്സരങ്ങളിൽ പരിഗണിക്കാതെ വന്നതോടെ ടീം കോച്ചിനെതിരെ കടുത്ത വിമർശനവുമായി ക്രിസ്റ്റ്യാനോ രംഗത്തെത്തിയിരുന്നു. പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിനിടെയയിരുന്നു താരത്തിന്‍റെ തുറന്നുപറച്ചില്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് താരവുമായി ക്ലബ് തുറന്ന പോരിന് മുതിര്‍ന്നത്.
പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭീമൻ ചുമർചിത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കംചെയ്തു. ക്ലബിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫിഡിന്റെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന ചുമർചിത്രമാണ് നീക്കിയത്. ഇതിനുശേഷം പോര്‍ച്ചുഗലിന്‍റെ ലോകകപ്പ് സ്ക്വാഡില്‍ നില്‍ക്കെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ റദ്ദാക്കുകയാണെന്ന കാര്യം ക്രിസ്റ്റ്യാനോ അറിയിച്ചത്. കരാർ റദ്ദാക്കിയെങ്കിലും കരാർ വ്യവസ്ഥ അനുസരിച്ച് താരത്തിന് 17 മില്യൺ പൗണ്ട് നൽകാൻ ക്ലബിന് ബാധ്യതയുണ്ടായിരുന്നു. എന്നാൽ, ഈ തുക തനിക്ക് വേണ്ടെന്ന് ക്രിസ്റ്റ്യനോ യുണൈറ്റഡിനെ അറിയിച്ചു.