പുതിയ ഐപിഎൽ ടീമുകളുടെ അടിസ്ഥാനവില 2,000 കോടി; ലേലനടപടി ആരംഭിച്ച് ബിസിസിഐ
അഹ്‌മദാബാദ്, കൊച്ചി, പൂനെ, ലഖ്‌നൗ, റാഞ്ചി എന്നീ നഗരങ്ങൾ കേന്ദ്രമായുള്ള കമ്പനികളായിരിക്കും പുതിയ ടീമിനു വേണ്ടി ലേലത്തിൽ പോരടിക്കുക
ഐപിഎല്ലിൽ പുതിയ ഫ്രാഞ്ചൈസിയുടെ ലേലനടപടികൾ ആരംഭിച്ച് ബിസിസിഐ. 2022ൽ നടക്കാൻ പോകുന്ന 15-ാം സീസണിലാണ് രണ്ടു ടീമുകളെക്കൂടി ഉൾപ്പെടുത്തുന്നത്. 300 മില്യൻ ഡോളറാണ്(ഏകദേശം 2,000 കോടി രൂപ) പുതിയ ടീമുകൾക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില. ഇതിൽ ഒരു ടീമിനു വേണ്ടിയുള്ള ലേലമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഐപിഎൽ ഭരണസമിതി ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് ലേലവിവരം പുറത്തുവിട്ടത്. 2022 ഐപിഎൽ സീസൺതൊട്ട് ഐപിഎല്ലിന്റെ ഭാഗമായി അവതരിപ്പിക്കാനിരിക്കുന്ന രണ്ടു ടീമുകളിൽ ഒന്നിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാനുള്ള ലേലം ക്ഷണിച്ചതായി വാർത്താകുറിപ്പിൽ പറയുന്നു. ഒക്ടോബറിൽ പുതിയ ടീമിനു വേണ്ടിയുള്ള അന്തിമ ലേലം നടക്കുമെന്നാണ് അറിയുന്നത്. രണ്ടാം ടീമിനു വേണ്ടിയുള്ള ലേലം എന്ന് ആരംഭിക്കുമെന്നതിനെക്കുറിച്ച് ഐപിഎൽ ഭരണസമിതി വ്യക്തമാക്കിയിട്ടില്ല.
മാസങ്ങൾക്കുമുൻപ് കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നിർത്തിവച്ച ഐപിഎൽ 14-ാം സീസണിന്റെ രണ്ടാംപാദ മത്സരങ്ങൾ സെപ്റ്റംബർ 19ന് യുഎഇയിൽ തുടങ്ങാനിരിക്കെയാണ് പുതിയ ടീമിനു വേണ്ടിയുള്ള ലേലനടപടികൾ ആരംഭിച്ചിരിക്കുന്നത്. അഹ്‌മദാബാദ്, കൊച്ചി, പൂനെ, ലഖ്‌നൗ, റാഞ്ചി എന്നീ നഗരങ്ങൾ കേന്ദ്രമായുള്ള കമ്പനികളായിരിക്കും പുതിയ ടീമിനു വേണ്ടി ലേലത്തിൽ പോരടിക്കാനിരിക്കുന്നതെന്നാണ് അറിയുന്നത്. ഫ്രാഞ്ചൈസി സ്വന്തമാക്കാനുള്ള ലേലത്തിൽ പങ്കെടുക്കാൻ 74 കോടി രൂപയുടെ രേഖകളാണ് ബന്ധപ്പെട്ട കക്ഷികൾ വാങ്ങേണ്ടത്. 3000 കോടി വാർഷിക ടേൺഓവറുള്ള കമ്പനികൾക്കു മാത്രമേ ഇത്രയും രൂപ വിലമതിക്കുന്ന രേഖകൾ വാങ്ങാനാകൂ.
രണ്ടുടീമുകൾകൂടി വരുന്നതോടെ അടുത്ത സീസൺ മുതൽ 74 മത്സരങ്ങളായിരിക്കും ഐപിഎല്ലിലുണ്ടാകുക. നിലവിൽ 60 മത്സരങ്ങളാണ് ഒരു സീസണിലുള്ളത്. അഞ്ചു വീതം ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ഇനി മത്സരമെന്നാണ് ഐപിഎൽ വൃത്തങ്ങൾ നൽകുന്ന സൂചന.