ഐപിഎൽ രണ്ടാംഘട്ടം: വെസ്റ്റിൻഡീസിനോട് സിപിഎൽ തിയതി മാറ്റാൻ ആവശ്യപ്പെട്ട് ബിസിസിഐ
ഓഗസ്റ്റ് 28നാണ് സിപിഎൽ ഉദ്ഘാടന മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഫൈനൽ സെപ്റ്റംബർ 19നും നടക്കും
ഐപിഎൽ 14-ാം സീസൺ സെപ്റ്റംബറിൽ യുഎഇയിൽ പുനരാരംഭിക്കുമെന്നു പ്രഖ്യാപിച്ചതിനു പിറകെ ടൂർണമെന്റിനുള്ള സന്നാഹങ്ങള്‍ ആരംഭിച്ച് ബിസിസിഐ. വിദേശ താരങ്ങളെ ടൂര്‍ണമെന്‍റിന് എത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കു വേണ്ടി ക്രിക്കറ്റ് ബോർഡ് ചർച്ച ആരംഭിച്ചിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കരീബിയൻ പ്രീമിയർ ലീഗിന്റെ തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ക്രിക്കറ്റ് വെസ്റ്റിൻഡീസിനെ(സിഡബ്ല്യുഐ) സമീപിച്ചിട്ടുണ്ട്.
ഐപിഎല്ലുമായി തിയതി കൂട്ടിമുട്ടുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നത്. സിപിഎൽ ആരംഭിക്കുന്നത് ഒരാഴ്ചയോ പത്തുദിവസമോ മുന്നോട്ടാക്കാനാണ് ബിസിസിഐ ആവശ്യം. നിലവിൽ ഓഗസ്റ്റ് 28നാണ് സിപിഎൽ ഉദ്ഘാടന മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഫൈനൽ മത്സരം സെപ്റ്റംബർ 19നും നടക്കും.
എന്നാൽ, സെപ്റ്റംബർ 18ന് ആരംഭിച്ച് ഒക്ടോബർ 19ന് ഫൈനൽ നടക്കുന്ന തരത്തിൽ ഐപിഎല്ലിലെ ബാക്കി മത്സരങ്ങളുടെ ഫിക്‌സ്ചർ തയാറാക്കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ഇതിനാൽ, സിപിഎൽ കഴിഞ്ഞ് ക്വാറന്റൈൻ അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർത്തിയാക്കാൻ താരങ്ങൾക്ക് കൂടുതൽ സമയം ആവശ്യമായിവരുന്നതുകൊണ്ടാണ് ബിസിസിഐ കരീബിയൻ പ്രീമിയർ ലീഗ് തിയതി മുന്നോട്ടേക്ക് മാറ്റുന്നതിനെക്കുറിച്ച് സിഡബ്ല്യുഐയുമായി ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് വെസ്റ്റിൻഡീസുമായി ചർച്ച പുരോഗമിക്കുകയാണെന്ന് ഒരു ബിസിസിഐ വൃത്തം വാർത്താ ഏജൻസിയായ പിടിഐയോട് വെളിപ്പെടുത്തി.