'മാന്യമായി പെരുമാറൂ'; ഹര്‍ദികിനെ കൂവിയ ആരാധകരോട് മഞ്ജരേക്കര്‍, വീഡിയോ
കളിക്കിടെ പലവട്ടം ആരാധകര്‍ ഹര്‍ദികിനെതിരെ കൂവിയാര്‍ക്കുന്ന കാഴ്ചക്ക് വാംഖഡെ സാക്ഷിയായി, ഇത് അതിരുവിട്ടപ്പോള്‍ നിയന്ത്രിക്കാൻ രോഹിത് ശർമക്ക് പോലും ഒരു ഘട്ടത്തിൽ ഇടപെടേണ്ടി വന്നു
'മുംബൈയുടെ നായകസ്ഥാനം രോഹിത് ശർമക്ക് തിരികെ നൽകണം. മുംബൈ ഇന്ത്യൻസ് ടീം ഉടമകൾ തീരുമാനം എടുക്കാൻ മടിക്കില്ലെന്നാണ് ഞാൻ കരുതുന്നത്. അഞ്ച് ഐ.പി.എൽ കിരീടങ്ങൾ നേടിയൊരു ക്യാപ്റ്റനെ മാറ്റിയാണ് നിങ്ങൾ ഹർദികിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചത് എന്നോർക്കണം. അയാളുടെ ക്യാപ്റ്റൻസിയിൽ മുംബൈക്ക് ഇതുവരെ ഒരു പോയിന്റ് പോലും നേടാനായിട്ടില്ല'- മുംബൈ രാജസ്ഥാൻ മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ താരം മനോജ് തിവാരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെയിൽ ഇന്നലെ ഹർദിക് പാണ്ഡ്യക്കെതിരെ കൂവിയാർത്തത് സ്വന്തം ആരാധകരാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ഇതപൂർവ കാഴ്ചയാണെന്ന് പ്രതികരിക്കുന്നു ക്രിക്കറ്റ് ലോകത്തെ പ്രമുഖർ. ടോസിനായി ഗ്രൗണ്ടിലെത്തിയ ഹർദികിനെ വരവേറ്റത് രോഹിത് എന്ന് ആർത്തുവിളിക്കുന്ന ഗാലറികൾ. ടോസിനായി ഹർദികിന്റെ പേര് വിളിച്ചതും അത് കൂവലായി പരിണമിച്ചു. അവതാരകനായ സഞ്ജയ് മഞ്ജരേക്കർ മാന്യമായി പെരുമാറണമെന്ന് കാണികളോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഈ സമയത്ത് നിരാശ കലർന്നൊരു പുഞ്ചിരി മാത്രമാണ് ഹർദികിന്റെ മുഖത്ത് ആരാധകര്‍ കണ്ടത്. എന്നാൽ മഞ്ജരേക്കർക്കോ സംഘാടകര്‍ക്കോ നിയന്ത്രിക്കാവുന്നതിന്റെ എത്രയോ അപ്പുറത്തായിരുന്നു ആരാധക രോഷം.
കളിക്കിടെ പലവട്ടം ആരാധകര്‍ ഹര്‍ദികിനെതിരെ കൂവിയാര്‍ക്കുന്ന കാഴ്ചക്ക് വാംഖഡെ സാക്ഷിയായി. ഇത് അതിരുവിട്ടപ്പോള്‍ ചാന്റുകൾ നിയന്ത്രിക്കാൻ രോഹിത് ശർമക്ക് പോലും ഒരു ഘട്ടത്തിൽ ഇടപെടേണ്ടി വന്നു. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് ആരാധകരോട് കൈകൊണ്ട് ശാന്തരാകാൻ ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഹോം ഗ്രൗണ്ടിൽ സ്വന്തം ടീമിന്റെ ക്യാപ്റ്റനെ ആരാധകർ ഇങ്ങനെ കൂവുന്നത് കാണുന്നത് ഇതാദ്യമായാണെന്നായിരുന്നു മുൻ ഇംഗ്ലീഷ് താരം ഒയിൻ മോർഗന്റെ പ്രതികരണം.
വാംഖഡെയിൽ രാജസ്ഥാനെതിരായ ദയനീയ തോൽവിക്ക് ശേഷം ഹർദികിന്റെ ക്യാപ്റ്റൻസിക്കെതിരായ വിമർശനങ്ങളുടെ കനമേറിയിട്ടുണ്ട്. അതേ സമയം ഹർദികിന് പിന്തുണയുമായും ചിലർ രംഗത്തെത്തുന്നുണ്ട്. ഹര്‍ദിക് മുംബൈയെ വിജയ വഴിയില്‍ തിരിച്ചെത്തിക്കുമെന്ന് ഒരേ സ്വരത്തില്‍ പറയുന്നു ഇവര്‍.
പാണ്ഡ്യക്കെതിരെ നടക്കുന്ന ചേരിതിരിവിനെതിരെ രൂക്ഷ വിമർശനമാണ് രാജസ്ഥാൻ റോയൽസ് താരം രവിചന്ദ്രൻ അശ്വിൻ ഉയർത്തിയത്. ഹാർദികിനെതിരെ ആദ്യ മത്സരം മുതൽ ആരാധകരിൽ നിന്നുണ്ടാകുന്ന പ്രതിഷേധം അതിരുവിട്ടതാണെന്ന് വെറ്റററൻ സ്പിന്നർ പറഞ്ഞു.
ഇതിഹാസ താരങ്ങൾ മുൻപും ജൂനിയറായ ക്യാപ്റ്റൻമാർക്ക് കീഴിൽ കളിച്ചിട്ടുണ്ട്. ഇത് ആദ്യ സംഭവമൊന്നുമല്ല. സച്ചിൻ തെണ്ടുൽക്കർ സൗരവ് ഗാംഗുലിക്ക് കീഴിൽ കളിച്ചു, ഇവർ രണ്ടുപേരും രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിലിയിൽ ഇറങ്ങി. ഈ മൂന്നുപേരും അനിൽകുംബ്ലെക്ക് കീഴിലും ഇറങ്ങി'. എം.എസ് ധോണി ഇന്ത്യൻ ക്യാപ്റ്റനായിരുന്നപ്പോൾ ഈ താരങ്ങളെല്ലാം കളിച്ചതും അശ്വൻ ഓർമിപ്പിച്ചു.
മുംബൈയില്‍ ഹര്‍ദികിന്‍റെ സഹതാരമായ പിയൂഷ് ചൗളയും പിന്തുണയുമായി രംഗത്തെത്തി. കാണികളുടെ കൂവലൊന്നും ഹർദികിനെ ബാധിച്ചിട്ടില്ലെന്നാണ് ചൗള പറയുന്നത്. ഒരു കൂട്ടം ആളുകൾ കൂവുന്നത് ആർക്കും നിയന്ത്രിക്കാൻ കഴിയുന്ന കാര്യമല്ല. അത് ടീമിന്റെ നിയന്ത്രണത്തിന് അപ്പുറമുള്ള കാര്യമാണ്. ഹർദികിന്റെ ശ്രദ്ധ ടീമിന്റെയും അവന്റെയും പ്രകടനത്തിൽ മാത്രമാണ്. ടീം ഒരു വിജയം നേടിയാൽ ഈ കൂവലുകളൊക്കെ അവസാനിക്കും. ചൗള പറഞ്ഞു.
ഹർദികിന് പിന്തുണയുമായി താരത്തിന്റെ മുൻ സഹതാരവും രാജസ്ഥാൻ റോയൽസ് ബോളറുമായ ട്രെന്റ് ബോൾട്ടും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഹർദിക് തന്റെ പ്രിയപ്പെട്ട ഇന്ത്യൻ താരങ്ങളിൽ ഒരാളാണെന്നും ഇപ്പോൾ അവനെതിരെ നടക്കുന്ന കൂവലുകൾ അധിക കാലം നീണ്ടുനിൽക്കില്ലെന്നും ബോൾട്ട് പറഞ്ഞു. കൂവലിനെയൊക്കെ പാടെ അവഗണിച്ച് തന്റെ ജോലിയിൽ ശ്രദ്ധിക്കാനാണ് പാണ്ഡ്യക്ക് ബോള്‍ട്ടിന് നല്‍കാനുള്ള ഉപദേശം.