റോണോ തരംഗം; സൗദി പ്രോ ലീഗ് അടുത്ത വർഷം മുതൽ ബീയിൻ സ്‌പോർട്‌സ് സംപ്രേഷണം ചെയ്യും
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിലേക്കുള്ള കൂടുമാറ്റത്തിന് പിറകേ ആഗോള തലത്തിൽ തന്നെ സൗദി പ്രോ ലീഗിന് വ്യാപക പ്രചാരമാണ് ലഭിച്ചത്
സൗദി പ്രോ ലീഗ് മത്സരങ്ങൾ അടുത്ത വർഷം മുതൽ പ്രമുഖ സ്‌പോർട്‌സ് നെറ്റ്‌വർക്കായ ബീയിൻ സ്‌പോർട്‌സ് സംപ്രേഷണം ചെയ്യും. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിലേക്കുള്ള കൂടുമാറ്റത്തിന് പിറകേ ആഗോള തലത്തിൽ തന്നെ ലീഗിന് ലഭിച്ച വ്യാപക പ്രചാരമാണ് പ്രോ ലീഗ് സംപ്രേഷണം ചെയ്യാൻ ബീയിൻ സ്‌പോർട്‌സിനെ പ്രേരിപ്പിച്ചത്. അടുത്ത സീസൺ മുതൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്ന് ബീയിൻ സ്‌പോർട്‌സ് അറിയിച്ചു.
ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റത്തിന് പിറകെ ലോക ഫുട്ബോളില്‍ സൗദി പ്രോ ലീഗ് ഒരു വലിയ ചര്‍ച്ചാ വിഷയമാണിപ്പോള്‍. മത്സരം ലൈവ് കാണുന്നവരുടെ എണ്ണത്തില്‍ മുമ്പുള്ളതിനേക്കാള്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഫാബ്രിസിയോ റൊമൊനോ അടക്കം പ്രമുഖ സ്പോര്‍ട്സ് ജേണലിസ്റ്റുകളില്‍ പലരും ലീഗിലെ ചലനങ്ങള്‍ കൃത്യമായി പിന്തുടര്‍ന്ന് അപ്ഡേറ്റുകള്‍ നല്‍കുന്നുണ്ട്.
കഴിഞ്ഞ ജനുവരിയിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ അല്‍ നസ്‍റിനൊപ്പം ചേരുന്നത്. പരസ്യയിനത്തിലടക്കം 200 മില്യൺ ഡോളർ വാർഷിക വരുമാനത്തോടെ രണ്ടര വർഷത്തേക്കാണ് ക്ലബ്ബില്‍ ക്രിസ്റ്റ്യാനോയുടെ കരാർ. ഇതിനോടകം ക്ലബ്ബിനായി ഏഴ് മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ താരം തന്‍റെ പേരില്‍ കുറിച്ചു കഴിഞ്ഞു.