ബ്ലാസ്റ്റേഴ്‌സിന്‍റെ 'നിറം' മാറുന്നു; മഞ്ഞപ്പട ഇനി 'വെള്ള' ബസില്‍
ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ആണ് നടപടി
കൊച്ചി: ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സഞ്ചരിക്കുന്ന ബസിനും കളർ കോഡ് ബാധകമാണ് മോട്ടോര്‍ വാഹന വകുപ്പ്. മഞ്ഞ നിറത്തിലുള്ള ബസ് നാളെയും കൂടെ ഉപയോഗിക്കാമെന്നും അതിന് ശേഷം ബസിന് വെള്ള നിറമടിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ആണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. നിറം മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ സ്വീകരിക്കാൻ കഴിയില്ലെന്ന് ഉടമയെ മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കും. ട്രാവൽസ് ഉടമയോട് എറണാകുളം ആർ.ടി.ഒ ഓഫീസില്‍ തിങ്കളാഴ്ച ഹാജരാകാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം കർശനമാക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വെള്ളയൊഴികെയുള്ള നിറങ്ങൾക്ക് കർശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒക്ടോബര്‍ പതിനൊന്ന് മുതല്‍ തീരുമാനം നടപ്പിലാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. വടക്കഞ്ചേരിയിൽ നടന്ന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ ഗതാഗത വകുപ്പ് വിളിച്ച ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. ബസുകൾ രൂപമാറ്റം വരുത്തിയാൽ പതിനായിരം രൂപ വീതം പിഴ ഈടാക്കുമെന്നും ആർ.ടി.ഒ ഉദ്യോഗസ്ഥർക്ക് അതത് പ്രദേശത്തെ ബസുകളുടെ ചുമതല നൽകുമെന്നും അറിയിച്ചു. കഴിഞ്ഞ ജൂണിലാണ് ഏകീകൃതനിറം നിലവില്‍വന്നത്. അതിനുമുമ്പ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എടുത്ത ബസുകള്‍ക്ക് രണ്ടുവര്‍ഷത്തെ സാവകാശം ലഭിക്കുമായിരുന്നു.