അയ്മന്റെ ഗോളിൽ സമനില പിടിച്ച് ബ്ലാസ്റ്റേഴ്‌സ്; ഗ്രൂപ്പിൽ ഒന്നാമത്.
56 ാം മിനിറ്റില്‍ ഇടതുവിങ്ങിൽ നിന്ന് പെപ്ര നൽകിയ മനോഹര ക്രോസിൽ നിന്നാണ് മലയാളി താരം വലകുലുക്കിയത്
കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പിൽ പഞ്ചാബ് എഫ്.സിക്കെതിരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം സമനില പിടിച്ച് ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മലയാളി താരം മുഹമ്മദ് അയ്മനാണ് മഞ്ഞപ്പടക്കായി വലകുലുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലൂക്കാ മജ്‌സെൻ നേടിയ ഗോളിൽ പഞ്ചാബാണ് ആദ്യം മുന്നിലെത്തിയത്.
എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരന്റെ റോളിൽ അവതരിച്ച അയ്മൻ ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾമടക്കി. 56 ാം മിനിറ്റില്‍ ഇടതുവിങ്ങിൽ നിന്ന് പെപ്ര നൽകിയ മനോഹര ക്രോസിൽ നിന്നാണ് മലയാളി താരം വലകുലുക്കിയത്. പിന്നീട് നിരവധി ഗോളവസരങ്ങൾ മഞ്ഞപ്പടക്ക് ലഭിച്ചുവെങ്കിലും വലകുലുക്കാനായില്ല. നിലവിൽ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സാണ് മുന്നിൽ. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയെ എട്ട് ഗോളിന്റെ വലിയ മാർജിനിൽ തോൽപ്പിച്ചതാണ് ബ്ലാസ്റ്റേഴ്‌സിന് തുണയായത്.
അടുത്ത ആഴ്ച നടക്കുന്ന നിർണായക മത്സരത്തിൽ മഞ്ഞപ്പട ദുർബലരായ സി.ഐ.എസ്.എഫ് പ്രൊട്ടക്ടേഴ്‌സിനെ നേരിടും. ആ മത്സരത്തിൽ വിജയിച്ചാൽ മഞ്ഞപ്പടക്ക് സെമിയിലേക്ക് ടിക്കറ്റെടുക്കാം.