മാരക്കാനയിലെ കലാശപ്പോരിന് ഇനി മണിക്കൂറുകള്‍ മാത്രം

വര്‍ത്തമാന ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളായ ലയണല്‍ മെസിയും നെയ്മറും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തിനായി കായിക ലോകം വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്

Update: 2021-07-10 02:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോപ്പ അമേരിക്ക ഫുട്ബോളില്‍ ബ്രസീല്‍ അര്‍ജന്‍റീന സ്വപ്ന ഫൈനലിന് ഇനി മണിക്കൂറുകള്‍ മാത്രം. വര്‍ത്തമാന ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളായ ലയണല്‍ മെസിയും നെയ്മറും നേര്‍ക്കുനേര്‍ വരുന്ന മത്സരത്തിനായി കായിക ലോകം വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30ന് ബ്രസീലിലെ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിലാണ് മത്സരം.

കാല്‍പ്പന്തുകളിയുടെ ആത്മാവിനെയും ഹൃദയത്തെയും കല്‍പാന്ത കാലവും കയ്യടക്കി വെച്ച രണ്ട് നാട്ടുകാര്‍. കളിക്കമ്പക്കാരുടെ ചങ്ക് പറിച്ചെടുത്ത് രണ്ടായി പകുത്ത് കണങ്കാലിനടിയില്‍ കാത്തുസൂക്ഷിക്കുന്നവര്‍. അര്‍ജന്‍റീനയും ബ്രസീലും കോപ്പയുടെ മഹാമൈതാനത്തെ കലാശപ്പോരാട്ടത്തില്‍ കണ്ടുമുട്ടുന്നതിനപ്പുറം സമ്മോഹനമായ മറ്റൊരു കാഴ്ച കാല്‍പ്പന്ത്  പ്രേമിക്കുണ്ടാവാനിടയില്ല. ഓരോ കോപ്പ വരുമ്പോഴും അങ്ങനെയൊരു സ്വപ്ന ഫൈനലിനായി നോമ്പും നോറ്റവര്‍ കാത്തിരിക്കും.

കലാശക്കൊട്ടിലേക്കുള്ള വഴികളിലെവിടെയെങ്കിലും ആരെങ്കിലുമൊരാള്‍ വീണു പോകും. പിന്നെയും കാത്തിരിപ്പാണ്. നീണ്ട ഒന്നരപതിറ്റാണ്ടിനൊടുക്കം ആ നേര്‍ച്ചക്ക് വീണ്ടും അറുതിയാകുന്നു. വശ്യചാരുതയാര്‍ന്നൊരാ തൊണ്ണൂറ് മിനുട്ടുകളെ കുറിച്ച് വര്‍ണനകളാകാം, കവിതകളാകാം. പക്ഷെ പ്രവചനങ്ങള്‍ക്കിടമില്ല, കണക്കുകൂട്ടലുകള്‍ക്ക് സ്ഥാനമില്ല.

തന്‍റേതായ നിമിഷങ്ങളില്‍ ഫുട്ബോളിന്‍റെ ശാസ്ത്രവും രസതന്ത്രവും തിരുത്തിയെഴുതിക്കൊണ്ടേയിരിക്കുന്ന ലയണല്‍ മെസിയും ലോകത്തെ ഏറ്റവും അപകടകാരിയായ മുന്നേറ്റനിരക്കാരന്‍ നെയ്മറും നൈലോണ്‍ വലകളിലേക്ക് തലങ്ങും വിലങ്ങും വില്ലുകുലയ്ക്കുന്നൊരു കുരുക്ഷേത്ര ഭൂമിയെ കുറിച്ച് ആര്‍ക്കാണ് പ്രവചനം നടത്താന്‍ ധൈര്യമുണ്ടാവുക.

പെനാല്‍ട്ടി ബോക്സിന്‍റെ മരണ വായ്ക്കപ്പുറത്ത് മെസിയെ വരിഞ്ഞുകെട്ടാന്‍ ടിറ്റെയും കസമിറോയും ഒരുക്കിവെക്കുന്ന കെണികളെന്തൊക്കെയായിരിക്കും. അങ്ങനെയൊരു വഴിയടഞ്ഞാല്‍ പകരം തുറക്കാവുന്ന മറ്റൊരു വഴി അര്‍ജന്‍റീനിയന്‍ കോച്ച് സ്കലോണി ഒളിച്ചുവെച്ചിട്ടുണ്ടാകുമോ? ക്രിസ്റ്റ്യന്‍ റൊമേറോ തിരിച്ചുവന്നത് കൊണ്ട് മാത്രം നെയ്മറുടെ കൊള്ളിയാന്‍ മിന്നലാട്ടങ്ങള്‍ക്ക് തടയിടാന്‍ അര്‍ജന്‍റീനിയന്‍ പ്രതിരോധ നിരയ്ക്കാകുമോ?

മുഴുവന്‍ സമയവും കഴിഞ്ഞ് ടൈബ്രേക്കറിലേക്കെങ്ങാനും അങ്കം നീണ്ടുപോയാല്‍ ഗോള്‍ബാറിന് കീഴിലെ അവസാനച്ചിരി എഡേഴ്സണ്‍ മൊറായസിന്‍റെതാകുമോ അതോ എമിലിയാനോ മാര്‍ട്ടിനെസിന്‍റെതാകുമോ? ഒന്നിലും ഒരുറപ്പില്ലാതെ ഒരായിരം ചോദ്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന കളിയാരാധകന് ഒറ്റക്കാര്യത്തില്‍ മാത്രം ഉറപ്പു നല്‍കാം. നാളെയുടെ പുലരിയില്‍ നിങ്ങളനുഭവിക്കാന്‍ പോകുന്നത് ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്‍റെ മൂര്‍ത്തസുന്ദര മുഹൂര്‍ത്തങ്ങളാണ്

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News